തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക് പോകുന്നു. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് ശേഷമായിരിക്കും യാത്ര. കേരളത്തിലെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ നിർണായക തീരുമാനം വരും. തുടർഭരണം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെയും കേരള സിപിഎമ്മും ദേശീയ തലത്തിലും സിപിഎമ്മിൽ ഇരട്ടകരുത്തരാണ്. പിണറായി പറയുന്നതിന് അപ്പുറത്തേക്ക് പോകാനുള്ള കരുത്ത് ഇപ്പോഴത്തെ സാഹചര്യത്തിൽ യെച്ചൂരിക്കും കൂട്ടർക്കും ഉണ്ടാകില്ല. ഇതോടെ പിണറായി വിജയൻ ഇരട്ടക്കരുത്തനാകുന്ന പാർട്ടി കോൺഗ്രസാകും കണ്ണൂരിൽ നടക്കുന്നത്.

പാർട്ടി കോൺഗ്രസിൽ കരുത്തു നേടിയാൽ മുഖ്യമന്ത്രിയുടെ അടുത്ത ലക്ഷ്യം ആരോഗ്യം വീണ്ടെടുക്കുക എന്നതാകും. അമേരിക്കയിലെ മയോ ക്ലിനിക്കിൽ വീണ്ടും ചികിത്സക്കായി പോകാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി. കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെയാണ് സി പി എം ന്റെ 23-ാം പാർട്ടി കോൺഗ്രസ് നടക്കുന്നത്. തുടർ ചികിൽസയുമായി ബന്ധപെട്ട് ആശുപത്രി അധികൃതർ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഏപ്രിൽ 10 ന് അവസാനിക്കുന്ന പാർട്ടി കോൺഗ്രസിന് ശേഷം അമേരിക്കൻ യാത്രയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി തീരുമാനിക്കും.

ഈ വർഷം ജനുവരി 15 മുതൽ 29 വരെ മുഖ്യമന്ത്രി ചികിൽസക്കായി അമേരിക്കയിൽ പോയിരുന്നു. മിനസോറ്റയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് സുനീഷും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു. ഇക്കുറിയും ഇവർ തന്നെ മുഖ്യമന്ത്രിയെ അനുഗമിക്കാനാണ് സാധ്യത. ആരോഗ്യപരമായി മുഖ്യമന്ത്രി ഇപ്പോഴും വെല്ലുവിളികൾ നേരിടുന്നുണ്ട്. വളരെ ക്ഷീണിതനുമാണ് അദ്ദേഹം. അമേരിക്കയിലെ ചികിത്സയോടെ വീണ്ടും ആരോഗ്യം വീണ്ടെടുത്തു രാഷ്ട്രീയ മണ്ഡലത്തിൽ സജീവമാകാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്.

കഴിഞ്ഞതവണ ചികിത്സ കഴിഞ്ഞ് നേരെ ദുബായിലേക്കാണ് മുഖ്യമന്ത്രി പോയത്. ദുബായിലെ വിവിധ പരിപാടികൾക്ക് ശേഷം ഒരാഴ്ച കഴിഞ്ഞാണ് അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയത്. മുഖ്യമന്ത്രി വിദേശത്തുള്ള സമയത്ത് ആർക്കും ചുമതല കൈമാറിയിട്ടില്ലായിരുന്നു. ക്യാബിനറ്റ് യോഗത്തിൽ ഉൾപ്പടെ ഓൺലൈനായാണ് പങ്കെടുത്തത്. അതേ മാതൃക തന്നെയായിരിക്കും തുടർ ചികിൽസക്കായി പോകുമ്പോഴും അദ്ദേഹം സ്വീകരിക്കുക.

2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു. ചികിൽസക്കാവശ്യമായ എല്ലാ ചെലവുകളും സർക്കാർ വഹിക്കും. അതേസമയം കെ റെയിൽ പദ്ധതിയിൽ അടക്കം മുഖ്യമന്ത്രിയുടെ വഴിയേയാണ് സിപിഎം കേന്ദ്ര നേതൃത്വവും നീങ്ങുന്നത്. പദ്ധതിയോട് എതിർപ്പില്ലെന്ന് യെച്ചൂരിയും വ്യക്തമാക്കി കഴിഞ്ഞു. സിൽവർലൈൻ പദ്ധതി നിലവിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള വിഷയമാണെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.

ഇപ്പോൾ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തമ്മിൽ ചർച്ചകൾ നടക്കുകയാണ്. അതിനാൽ ഈ ഘട്ടത്തിൽ കേന്ദ്ര നേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. സംസ്ഥാന മാർഗ്ഗനിർദ്ദേശം തേടിയാൽ മാത്രമേ ഇടപെടാനാകൂ. നിലവിൽ സംസ്ഥാന സർക്കാരും പാർട്ടിയുടെ സംസ്ഥാന ഘടകവും ഏറ്റെടുത്ത നടപടികൾ തൃപ്തികരമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.