തിരുവനന്തപുരം: ഇന്ത്യയിൽ കോവിഡ് ആദ്യമായി റിപ്പോർട്ടു ചെയ്തത് കേരളത്തിലാണ്. തുടക്കത്തിൽ നിയന്ത്രിച്ച കോവിഡ് പിന്നീട പിടിവിട്ടു പോകുകയും ചെയ്തു. ഇപ്പോൾ ആക്ടീവ് കോവിഡ് കേസുകളുടെ കാര്യത്തിൽ കേരളമാണ് മുന്നിൽ. കോവിഡിന്റെ തുടക്ക കാലത്ത് ഇത് നിയന്ത്രിച്ചതിന്റെ പേരിൽ കൈയടി നേടാനായി ഇടതു സർക്കാർ നടത്തിയ ശ്രമങ്ങൾ ഇപ്പോൾ അവർക്കു തന്നെ ബൂമറാങായി മാറുകയാണ്. കോവിഡ് മരണക്കണക്കുകൾ കുറച്ചു കാണിച്ച സർക്കാർ നടപടിയാണ് ഇപ്പോൾ തിരിച്ചടിയായി മാറുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ ഇക്കാര്യത്തിൽ പോരാട്ടത്തിന് ഇങ്ങിയപ്പോൾ ആരോഗ്യ മന്ത്രി അടക്കമുള്ളവർ അവഹേളിച്ചു. എന്നാൽ, പിന്നാലെ സതീശൻ പറഞ്ഞ വഴിയിൽ തന്നെ കാര്യങ്ങൾ എത്തുകയും ചെയ്തു.

കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതർക്ക് സുപ്രീം കോടതി നിർദേശപ്രകാരമുള്ള നഷ്ടപരിഹാരപ്പട്ടികയിൽ നിന്ന് കേരളത്തിൽ ആയിരക്കണക്കിനു കുടുംബങ്ങൾ പുറത്തായേക്കുമെന്ന അവസ്ഥയാണ് നിവലിലുള്ളത്. സംസ്ഥാനത്തെ യഥാർഥ കോവിഡ് മരണക്കണക്ക് സർക്കാർ മറച്ചുവയ്ക്കുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആശങ്ക ഉയരുന്നത്. രാജ്യത്ത് ഏറ്റവും മികച്ച നിലയിൽ കോവിഡ് മരണം നിയന്ത്രിച്ചുവെന്നാണ് (മരണനിരക്ക് 0.4%) സർക്കാരിന്റെ അവകാശവാദം. ഈ അവകാശവാദം കോവിഡ് മരണങ്ങളുടെ കാര്യത്തിൽ തെറ്റിദ്ധാരണ പരത്തി കൊണ്ടായിരുന്നു താനും.

ഇതുവരെ 13,359 കോവിഡ് മരണമാണ് ഔദ്യോഗിക കണക്കിലുള്ളത്. എന്നാൽ, ഇതിന്റെ മൂന്നിരട്ടി മരണമെങ്കിലും സംഭവിച്ചെന്നാണ് അനുമാനം. വ്യത്യസ്ത സർക്കാർ വകുപ്പുകളുടെ കണക്കിൽ നിന്നും ഇത് വ്യക്തമാണ്. തിരുവനന്തപുരം ജില്ലയിൽ ജൂൺ 29 വരെ 2759 മരണമാണ് ഔദ്യോഗികം. എന്നാൽ മെഡിക്കൽ കോളജിൽ മാത്രം ജൂൺ 3 വരെ 3,172 പേർ കോവിഡ് കാരണം മരിച്ചെന്ന രേഖ പുറത്തുവന്നു. മെഡിക്കൽ കോളജിലെ മരണം തിരുവനന്തപുരം ജില്ലയുടെ കണക്കിലാണ് ഉൾപ്പെടുത്തുക. കൊല്ലം ജില്ലയിൽ 912 മരണമാണ് ഔദ്യോഗിക പട്ടികയിലുള്ളത്. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് പ്രകാരം 2528 പേർ മരിച്ചു.

പോസിറ്റീവായിരിക്കെ മരിച്ചാൽ മാത്രമേ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തൂ എന്നാണ് സർക്കാർ നിലപാട്. നെഗറ്റീവായതിന്റെ പിറ്റേന്നുപോലും ന്യൂമോണിയയോ നിലവിലുള്ള മറ്റ് അസുഖങ്ങളോ കാരണം മരിച്ചാൽ കോവിഡ് പട്ടികയിൽ നിന്ന് ഒഴിവാകും. ഇത്തരത്തിലാണ് ഒട്ടേറെ കുടുംബങ്ങൾ ഒഴിവാക്കപ്പെടാൻ പോകുന്നത്. മറ്റു രോഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ചികിത്സയിലൂടെ വർഷങ്ങളോളം ജീവിക്കാമായിരുന്ന ഏറെ പേർ കോവിഡ് കാരണം പെട്ടെന്ന് മരണമടയുന്നതിനാൽ അവരുടെ മരണകാരണം കോവിഡ് ആണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐസിഎംആർ) മാനദണ്ഡ പ്രകാരമാണു കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് എന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ, ഇത് അട്ടിമറിക്കപ്പെടുന്നു എന്ന ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി.ആരോപണം പരിശോധിക്കുമെന്നു മന്ത്രി വീണാ ജോർജ് മറുപടി നൽകി.

കോവിഡ് മരണത്തിന്റെ സ്ഥിരീകരണം അടുത്ത കാലം വരെ സംസ്ഥാന തല സമിതിയാണ് നടത്തിയിരുന്നത്. പരിശോധിക്കാത്ത ഡോക്ടർ മരണകാരണം നിർണയിക്കുന്നതെങ്ങനെയെന്ന ചോദ്യം ശക്തമായപ്പോഴാണു ജില്ലകളിൽ സമിതി രൂപീകരിച്ച് ഇത് ജില്ലാ തലത്തിലേക്കു മാറ്റിയത്. സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം മുതൽ ഐടി, ആരോഗ്യ വിദഗ്ദ്ധർ അനൗദ്യോഗിക കണക്കെടുപ്പ് നടത്തുന്നുണ്ടായിരുന്നു. 2020 ഡിസംബർ 23വരെ സർക്കാർ കണക്കിൽ 2646 മരണം; അനൗദ്യോഗിക കണക്കെടുപ്പിൽ 4559. മരണക്കണക്ക് കുറച്ചുകാണിക്കുന്നത് വൈദ്യധർമത്തിനു ചേർന്നതല്ലെന്ന് ഇവർ നിരന്തരം സർക്കാരിനെ ഓർമിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. അതോടെ ഈ സംഘം കണക്കെടുപ്പ് നിർത്തി.

കോവിഡ് മരണങ്ങളെപ്പറ്റി സർക്കാരിനു പരാതി കിട്ടിയിട്ടില്ല. ഏതെങ്കിലും മരണം വിട്ടുപോയിട്ടുണ്ടെങ്കിൽ പരിശോധിക്കും. ജനങ്ങൾക്കു ഗുണം ലഭിക്കുന്ന ഒന്നിനും സർക്കാർ തടസ്സം നിൽക്കില്ല. മരണങ്ങൾ ഒളിച്ചുവയ്ക്കേണ്ട കാര്യം സർക്കാരിനില്ല. ഡോക്ടർമാർ തന്നെയാണ് മരണ കാരണം നിർണയിക്കുന്നതും അതു സ്ഥിരീകരിക്കുന്നതുമെന്നാണ് ഇതേക്കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രതികരിച്ചത്. പ്രതിപക്ഷം തുടക്കം മുതൽ ഉയർത്തി കൊണ്ടു വന്ന ഈ വിഷയം ഇപ്പോൾ വീണ്ടും സജീവമായി ചർച്ചയാകുകയാണ്.