തിരുവനന്തപുരം: ഗവർണ്ണർ ഒപ്പിട്ടാൽ പിന്നെ ഒരു ഓർഡിനൻസ് നിയമമാണ്. അപ്പോൾ അത് നടപ്പാക്കണമെന്നും ആ നിയമപ്രകാരം കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയിൽപോയലോ. സർക്കാറിനെയം ആഭ്യന്തര വകുപ്പിനെയും ഒരു പോലെ കുടുക്കുന്ന അതുപോലൊരു നീക്കം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സർക്കാർ വൃത്തങ്ങൾ. വിവാദ പൊലീസ് നിയമഭേദഗതി നടപ്പാക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും ആരെങ്കിലും കോടതിയെ സമീപിച്ചാൽ പ്രശ്നമാകുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഓർഡിനൻസ് റദ്ദാക്കുന്നതു വരെ നിലവിലെ നിയമം നിലനിൽക്കും. നിയമഭേദഗതിയിൽ നടപടിക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടില്ലാത്തതിനാൽ പൊലീസ് ഈ വകുപ്പുപയോഗിച്ച് കേസെടുക്കില്ല. എന്നാൽ ഈ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയിൽ പോയാൽ പൊലീസിന് തലവേദനയാകും. അതേസമയം തിരുത്തലുകൾ വരുത്തി നിയമസഭയിൽ ബില്ല് അവതരിപ്പിക്കാനും സാധ്യതയുണ്ട്.

പൊലീസ് നിയമത്തിലെ 118 എ വകുപ്പ് ഭേദഗതി ചെയ്തുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ട് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് പാർട്ടിക്കുള്ളിലും പുറത്തുനിന്നുമുള്ള കടുത്ത എതിർപ്പിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്മാറ്റം. നിയമസഭയിൽ വിശദമായ ചർച്ച നടത്തി എല്ലാഭാഗത്തുനിന്നും അഭിപ്രായം കേട്ട് തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇറക്കിയ ഓർഡിനൻസ് പിൻവലിക്കാൻ ഇനി മന്ത്രിസഭ ചേർന്ന് ഗവർണറോട് ശുപാർശ ചെയ്യണം. അത് ഗവർണർ സ്വീകരിച്ച് ഓർഡിനൻസ് പിൻവലിക്കണം. അല്ലെങ്കിൽ നിയമസഭയിൽ പ്രമേയം കൊണ്ടുവന്ന് ഓർഡിനൻസ് റദ്ദാക്കാം.

നിയമസഭ ചേർന്ന് ആറാഴ്ചക്കകം പുതിയ ബിൽ കൊണ്ടുവന്ന് ഓർഡിനൻസിന് ഉള്ള നിയമ പ്രാബല്യം ഇല്ലാതെയാക്കാം. അതുവരെ തുടർനടപടികൾ സ്വീകരിക്കരുതെന്നു മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനു നിർദ്ദേശം നൽകി. നിലവിൽ ജനുവരി ആദ്യ ആഴ്ച സഭാസമ്മേളനം വിളിക്കാനാണ് സാധ്യത. അതിനു മുമ്പ് വിവാദ ഭേദഗതി പിൻവലിക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്യുമോ എന്നാണ് ഇനി അറിയേണ്ടത്.

പാർട്ടിയിൽ ചർച്ച ചെയ്യായെ ഡിജിപി ലോക്നാഥ് ബെഹറയ വിശ്വസിച്ച് ചാടിയറങ്ങിയതാണ് മുഖ്യമന്ത്രി ഈ രീതിയിൽ അപനമാനിതനാവാൻ കാരണം എന്നാണ് സിപിഎം സർക്കിളുകളിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. പൊലീസ് നിയമഭേദഗതി നിലവിൽ വന്ന് മൂന്നാം ദിവസം പിൻവലിക്കേണ്ടി വന്നത് ആഭ്യന്തരമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് കനത്ത തിരിച്ചടിയായ. കമ്മിഷണറേറ്റ് രൂപീകരണം പോലെ പൊലീസിന് അമിത അധികാരം നൽകാനുള്ള രണ്ടാം നീക്കവും ഇതോടെ പാളി. ചർച്ചകളില്ലാതെ ഡിജിപിയെ മാത്രം വിശ്വസിച്ചു നടത്തിയ നീക്കങ്ങളാണ് തുടരെ പാളിപ്പോകുന്നത്.

പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്ന കമ്മിഷണറേറ്റ് രൂപീകരണത്തിൽ അന്നും സിപിഐയുടെ എതിർപ്പ് അവഗണിച്ച് പിണറായി പ്രഖ്യാപനം നടത്തിയെങ്കിലും ഇന്നും പൂർണതോതിൽ പ്രാവർത്തികമാക്കാനായിട്ടില്ല. കസ്റ്റഡി മരണവും സിഎജി കണ്ടെത്തിയ ക്രമക്കേടുകളും ഉൾപ്പെടെ സർക്കാരിന് എന്നും തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് പൊലീസിനായി വാദിച്ച് പിണറായി വീണ്ടും പരാജിതനാകുന്നത്.