കൊൽക്കത്ത: കൊൽക്കത്തയിൽ 26 കാരിയെ ഫ്‌ളാറ്റിൽ അതിക്രമിച്ച് കയറി കൂട്ട ബലാത്സംഗത്തിനിരയാക്കി. കൊൽക്കത്തയിൽ ഗാർഡൻ റീച്ച് ഏരിയയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ക്രൂരമായ പീഡനം നടന്നത്. ബലാത്സംഗത്തിന് ശേഷം അക്രമി സംഘം യുവതിയുടെ ഫ്‌ളാറ്റിൽ നിന്നും 15 ലക്ഷം രൂപയും കവർന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

യുവതി വീട്ടിൽ തനിച്ചുള്ള സമയത്താണ് അജ്ഞാതരായ മൂന്ന് യുവാക്കൾ ഫ്‌ളാറ്റിൽ അതിക്രമിച്ച് കയറി യുവതിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഘത്തിന് ഇരയാക്കിയത്. യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. യുവതിയെ പീഡിപ്പിച്ച ശേഷം അക്രമികൾ ഫ്‌ളാറ്റ് പരിശോധിച്ച് അവിടെയുണ്ടായിരുന്ന പണവും കവരുകയായിരുന്നു.

യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അജ്ഞാതരായ യുവാക്കൾ എങ്ങിനെ ഫ്‌ളാറ്റിൽ പ്രവേശിച്ചു എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഉടനെ തന്നെ പിടികൂടുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.