അടൂർ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രണ്ടു വഞ്ചികളിലായി കാൽ ചവിട്ടി നിൽക്കുക എന്നുള്ളത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പതിവു പരിപാടിയാണ്. എന്നാൽ, ഇക്കുറി ഈ പണി പാളിയിരിക്കുകയാണ്. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാൻ എസ്എൻഡിപി യൂണിയൻ നേതാക്കളോട് നിർദേശിച്ചതിന് പിന്നാലെ വിവരം ബിജെപി നേതാക്കൾക്ക് ചോർന്നു കിട്ടി. അവിടെ നിന്നുള്ള പരിഭവം തുഷാറിനെ അറിയിച്ചതോടെ യൂണിയൻ നേതാക്കളെ യോഗം വൈസ് പ്രസിഡന്റ് ഫയർ ചെയ്തു.

അടൂർ, പത്തനംതിട്ട യൂണിയൻ നേതാക്കളുമായിട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രഹസ്യ ചർച്ച നടത്തിയത്. ഇതിൽ അടൂരിൽ ഇന്നലെ വൈകിട്ട് നടന്ന ചർച്ചയുടെ വിവരമാണ് ചോർന്ന് ബിജെപിയിലെത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ പ്രചാണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ അടൂരിൽ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെയാണ് ഇന്ദ്രപ്രസ്ഥ ഹോട്ടലിന്റെ 109-ാം നമ്പർ മുറിയിൽ സിപിഎം ജില്ലാ സെക്രട്ടറിയും അടൂർ എസ്എൻഡിപി യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി ഭാരവാഹികളും മുൻ ഭാരവാഹികളുമായി ചർച്ച നടന്നത്.

കോന്നിയിൽ കെയു ജനീഷ്‌കുമാറിന് വേണ്ടി എസ്എൻഡിപി വോട്ടുകൾ ധ്രുവീകരിക്കണമെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ ആവശ്യം. ജനറൽ സെക്രട്ടറി പറഞ്ഞാൽ ചെയ്യാമെന്ന് ചർച്ചയിൽ പങ്കെടുത്ത ചില നേതാക്കൾ അറിയിച്ചു. ഉടൻ തന്നെ കെപി ഉദയഭാനു വെള്ളാപ്പള്ളിയെ വിളിക്കുകയും പിന്തുണ അഭ്യർത്ഥിക്കുകയുമായിരുന്നു. തൊട്ടു പിന്നാലെ വെള്ളാപ്പള്ളി യൂണിയൻ കൺവീനർ മണ്ണടി മോഹനനെ വിളിച്ച് ജനീഷിന് വേണ്ടി സാമുദായിക വോട്ടുകൾ മറിച്ചു നൽകാൻ നിർദേശിക്കുകയായിരുന്നു. ഇതേ പോലെ തന്നെ എസ്എൻഡിപി പത്തനംതിട്ട യൂണിയൻ നേതാക്കളോടും വെള്ളാപ്പള്ളി ആവശ്യപ്പെട്ടതായി അറിയുന്നു.

വിവരം ചോർന്നു കിട്ടിയ ബിജെപി സംസ്ഥാന നേതൃത്വം ഘടക കക്ഷിയായ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ബന്ധപ്പെട്ടു. വെള്ളാപ്പള്ളി ഇത്തരമൊരു നയം സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്ത് അവർ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതോടെ പകച്ചു പോയ തുഷാർ യൂണിയൻ നേതാക്കളെ വിളിച്ച് ശാസിക്കുകയായിരുന്നു. മകൻ എൻഡിഎയിലും പിതാവ് എൽഡിഎഫിന് വേണ്ടിയും നടത്തുന്ന ഡബിൾ ഗെയിം ബിജെപി പൊളിച്ച് അടുക്കുമെന്നാണ് സൂചന. കോന്നിയിൽ മത്സരിക്കുന്ന എൻഡിഎ, എൽഡിഎഫ് സ്ഥാനാർത്ഥികൾ ഈഴവ സമുദായത്തിൽ നിന്നുള്ളവരാണ്.

പത്തനംതിട്ട എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ റാന്നിയിൽ എൻഡിഎ സ്ഥാനാർത്ഥിയുമാണ്. ഈ സാഹചര്യത്തിൽ അവിടെയും എൽഡിഎഫിനെ എസ്എൻഡിപി സഹായിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കോന്നി നിയോജക മണ്ഡലം അടൂർ, പത്തനംതിട്ട എസ്എൻഡിപി യൂണിയനുകളുടെ പരിധിയിലാണ്. അവിടെ ഏതെങ്കിലും കാരണവശാൽ സുരേന്ദ്രന് ഈഴവ വോട്ട് കുറഞ്ഞാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരിക ബിഡിജെഎസിനായിരിക്കും.