പത്തനംതിട്ട: കോന്നി പയ്യാനാമണ്ണിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടൽലിൽ നാടും നാട്ടുകാരും. മക്കളില്ലാത്ത ദമ്പതികൾ ദത്തെടുത്തു വളർത്തിയ മകനുമായി ജീവിതം നയിക്കവേയാണ് സാമ്പത്തിക ബാധ്യതയും വിഷാദരോഗവും പിടികൂടി കുടുംബ നാഥൻ തന്നെ കൊലയാളിയായ അവസ്ഥ ഉണ്ടാകുന്നത്.

ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. പയ്യനാമണ്ണിൽ തെക്കിനേത്ത് വീട്ടിൽ സോണി, ഭാര്യ റീന, എട്ടുവയസ്സുകാരനായ മകൻ റയാൻ എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

നേരത്തെ വിദേശത്ത് ബിസിനസ് നടത്തിയിരുന്ന സോണിക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. സമീപകാലത്താണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്. സാമ്പത്തിക ബാധ്യതകൾ പെരുകിയപ്പോഴാണ് അരുംകൊല പ്ലാൻ ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ച വൈകീട്ട് താൻ കൊല്ലത്തേക്ക് പോവുകയാണെന്നും രണ്ടുദിവസം കഴിഞ്ഞേ മടങ്ങുകയുള്ളൂവെന്നും സോണി ഒരു ബന്ധുവിന് സന്ദേശമയച്ചിരുന്നു.

അതിനാൽതന്നെ സോണിയെ പുറത്തുകാണാത്തതിൽ ആർക്കും സംശയം തോന്നിയില്ല. എന്നാൽ എല്ലാം പ്ലാൻ ചെയ്തായിരുന്നു സോണി ഈ കടും കൈ ചെയ്തത്. മറ്റ് കുടുംബാംഗങ്ങളെയും പുറത്തുകാണാത്തതിനാൽ ബന്ധു വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് തുറന്നുകിടന്നിരുന്ന ജനാലയിലൂടെ മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സോണി അടുത്തിടെ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. സോണി-റീന ദമ്പതിമാർക്ക് കുട്ടികളില്ലാത്തതിനാൽ ഇവർ ദത്തെടുത്ത് വളർത്തിയിരുന്ന കുട്ടിയാണ് റയാൻ. ഈ മകൻ കുടുംബത്തിൽ സന്തോഷം കൊണ്ടുവന്നെങ്കിലും പിന്നീട് സാമ്പത്തിക ബാധ്യകൾ എല്ലാം തകർത്തു. സംഭവമറിഞ്ഞ് നിരവധിപേരാണ് സോണിയുടെ വീടിന് സമീപം തടിച്ചുകൂടിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

റീനയുടെയും റയാന്റെയും മൃതദേഹങ്ങൾ വെട്ടേറ്റനിലയിലാണ് കിടപ്പുമുറിയിൽ കണ്ടെത്തിയത്. സോണിയെ മറ്റൊരു മുറിയിലും മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സോണിയുടെ സാമ്പത്തിക ബാധ്യതകളാകാം കൃത്യത്തിന് കാരണമായതെന്നും പൊലീസ് കരുതുന്നു.