കണ്ണൂർ: കണ്ണൂരിന്റെ രാഷ്ട്രീയ ഭൂപടത്തിൽ കൂത്തുപറമ്പിന്റെ സ്ഥാനം ചോര പാടുകൾ കൊണ്ടാണ് പലപ്പോഴും അടയാളപ്പെടുത്താറുള്ളത്. വളരെ സെൻസെറ്റീവായ പാനൂർ മേഖല യുൾപ്പെടുന്ന പഴയ പെരിങ്ങളം മണ്ഡലം. അഞ്ചര പതിറ്റാണ്ടായി കൊലക്കത്തി രാഷ്ട്രീയം ഇപ്പോഴുമിവിടെ തുടരുകയാണ്. ഏറ്റവും ഒടുവിൽ പെരിങ്ങത്തൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തോടെ അതാവർത്തിച്ചിരിക്കുകയാണ്. വോട്ടെണ്ണൽ കഴിഞ്ഞതിന്റെ രാത്രിയാണ് മൻസൂർ കൊല്ലപ്പെട്ടതെന്നാൽ അതു വോട്ടിങിനെ ബാധിച്ചില്ലെന്നു മാത്രം.

സോഷ്യലിസ്റ്റുകാരുടെ തട്ടകമായ പെരിങ്ങളം മണ്ഡലത്തിൽ എതിരാളികളെ അടിച്ചു നുറുക്കി വരുതിയിൽ നിർത്തുകയെന്നത് പി.ആർ കുറുപ്പിന്റെ തന്ത്രങ്ങളിലായിരുന്നു. പി.ആറിന്റെ പാർട്ടിക്കാരുടെ തല്ലുകൊള്ളാത്തവർ അന്നാരുമുണ്ടായിരുന്നില്ല. ഇരുമുന്നണികളിലും മാറി മാറി കളിച്ച രാഷ്ട്രീയ ചൂതാട്ടവും പാർലമെന്ററി രംഗത്ത് പി.ആറിന്റെയും ജനതാദളിന്റെയും ശൈലിയായിരുന്നു. പി.ആറിന്റെ സോഷ്യലിസ്റ്റ് പാർട്ടി തല്ലിയും വെട്ടേണ്ടിടത്ത് വെട്ടിയും പേടിപ്പിച്ചത് കമ്യൂണിസ്റ്റുകാരെ മാത്രമല്ല.ആർ.എസ്.എസും കോൺഗ്രസുകാരും മുസ്ലിം ലീഗുകാരും ഓരോ ഘട്ടത്തിലും സോഷ്യലിസ്റ്റുകളിൽ നിന്നും കടന്നാക്രമണം നേരിട്ടു. എന്നാൽ പി.ആറിന്റെ വ്യദ്ധിക്ഷയങ്ങൾ തുടങ്ങുന്നതിന് മുൻപെ തലശേരി താലൂക്കിൽ സിപിഎമ്മും സംഘപരിവാരും തമ്മിൽ ചോരക്കളി തുടങ്ങിയിരുന്നു. പിന്നീട് പാനൂരിൽ പി.ആറിന്റെ മരണത്തോടെ സോഷ്യലിസ്റ്റ് പാർട്ടി മെലിയാൻ തുടങ്ങിയതോടെ ഇവർ തമ്മിൽ ആധിപത്യത്തിന്നായി ഏറ്റുമുട്ടൽ ശക്തമായി.

ചുവപ്പിനുള്ളിലെ പച്ച

കൂത്തുപറമ്പെന്ന് കേൾക്കുമ്പോൾ സി പി എമ്മിന്റെ ചുവപ്പു കേട്ടയാണെന്ന് പലരും വിചാരിക്കുമ്പോഴും ചുവപ്പല്ല പച്ചയാണ് ഇവിടെ മിക്കപ്പോഴും മേധാവിത്വം പുലർത്തിയതെന്നാണ് ചരിത്രം പറയുന്നത്. കലപ്പയേന്തിയ കർഷകന്റെ പച്ച കൊടിയുമായി ജനതാദളും ഏണി ചിഹ്നവുമായി മുസ്ലിം ലീഗും ഇവിടെ തെരഞ്ഞെടുപ്പ് അങ്കത്തിൽ മേധാവിത്വം പുലർത്തി. പഴയ പെരിങ്ങളം മണ്ഡലമായ കൂത്തുപറമ്പിൽ പി.ആറിന്റെ വാഴ്‌ച്ചയായിരുന്നു ഏറെക്കാലം . 1952 മുതൽ 97 വരെയുള്ള കാലങ്ങളിൽ പി.ആർ ഇടവിട്ട് ഇവിടെ നിന്നും നിയമസഭയിലെത്തി. 97-ൽ നായനാർ മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിട്ടായിരുന്നു പടിയിറക്കം.

പി.ആറിന്റെ ആശിർവാദത്തോടെ പ്രിയ ശിഷ്യനായ കെ.എം സൂപ്പി 1970 ൽ പെരിങ്ങളത്തു നിന്നും മത്സരിക്കുകയും എംഎ‍ൽഎയാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് മുസ്ലിം ലീഗിലേക്ക് ചേരി മാറിയ കെ.എം സൂപ്പി തന്റെ ഗുരുവിനെ മലർത്തിയടിച്ച് 1991-ൽ നിയമസഭാംഗമായിട്ടുണ്ട്. 1982 ൽ - എൻ.എ എം പെരിങ്ങത്തൂർ അഖിലേന്ത്യാ ലീഗിന്റെ ഭാഗമായും ഇവിടെ നിയമസഭാംഗമായിട്ടുണ്ട്. 1984 ഡിസംബർ 20 ന് എൻ.എ.എമ്മിന്റെ വേർപാടിന് ശേഷം 1985 ൽ അഖിലേന്ത്യാ ലീഗിന്റെ ഭാഗമായി ഇടി.മുഹമ്മദ് ബഷീറും നിയമസഭയിലെത്തിയിട്ടുണ്ട്.

മുറിച്ചപ്പോൾ ചുവന്നു

എന്നാൽ 2011 ൽ മണ്ഡലം പുനർനിർണയത്തിലൂടെ പെരിങ്ങളം മണ്ഡലം കുത്തു പറമ്പായി മാറിയതോടെ സിപിഎം ആധിപത്യ പ്രദേശങ്ങൾ മണ്ഡലത്തിൽ ഉൾപ്പെട്ടു. എങ്കിലും ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പി.ആറിന്റെ മകനും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി മോഹനനായിരുന്നു ജയം. യു.ഡി.എഫ് സർക്കാരിൽ കൃഷി മന്ത്രിയാവാനും കഴിഞ്ഞു. എന്നാൽ 2016 ൽ മോഹനനെ പരാജയപ്പെടുത്താൻ സിപിഎമ്മിറക്കിയത് കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ.ശൈലജയയാണ്. ഇടതു തരംഗമുണ്ടായ തെരഞ്ഞെടുപ്പിൽ ശൈലജ ഏഴായിരത്തിലേറെ വോട്ടുകൾക്ക് ജയിക്കുകയും ചെയ്തു. എന്നാൽ ചരിത്രത്തിലെ വൈരുധ്യം പോലെ വീരേന്ദ്രകുമാർ വിഭാഗം എൽ.ഡി.എഫിലേക്ക് തിരിച്ചു പോവുകയും ഇപ്പോൾ കെ.പി.മോഹനൻ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വരികയും ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങൾ ആഞ്ഞു വിമർശിച്ച കെ.പി മോഹനന് വേണ്ടി വീണ്ടും സിന്ദാബാദ് വിളിക്കുന്നതിൽ നേതൃത്വത്തിന് പ്രശ്‌നമില്ലെങ്കിലും അണികൾക്ക് ഇതുവരെ ദഹിച്ചിട്ടില്ല. ആദ്യ തെരഞ്ഞെടുപിൽ പി.ആറിനോടുള്ള ജനപ്രീതി മോഹനന് തുണയായി മാറിയെങ്കിലും പിന്നീടതുണ്ടായില്ല. സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളും സ്വന്തം പാർട്ടിയിലെ യുവജന വിഭാഗവും ശക്തമായി എതിർക്കുന്ന നേതാക്കളിലെരാളാണ് കെ.പി.മോഹനൻകഴിഞ്ഞ തെരഞ്ഞെടുപിൽ സിപിഎം നേതാക്കൾ ഫേസ്‌ബുക്കിലൂടെ മോഹനനെതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങൾ ഒടുവിൽ അവർക്കു തന്നെ വിഴുങ്ങേണ്ടിയും വന്നു. പിണറായി സർക്കാരിന് അനുകൂലമായി ഇടതു തരംഗമുണ്ടായാൽ മാത്രമേ ഇക്കുറി മോഹനൻ രക്ഷപ്പെടുകയുള്ളുവെന്ന അണിയറ സംസാരമാണ് സിപിഎമ്മിനുള്ളിൽ നിന്നുയരുന്നത്.

പൊട്ടക്കണ്ടി ചെറിയ മീനല്ല

എന്നാൽ മുസ്ലിം ലീഗാകട്ടെ തങ്ങൾക്ക് കിട്ടിയ പെരിങ്ങളം മണ്ഡലത്തിൽ കൂടുതൽ ജാടകളൊന്നും കാണിക്കാതെ മണ്ഡലത്തിൽ വേരുകളുള്ള പൊട്ടക്കണ്ടി അബ്ദുള്ളയെ തന്നെ സ്ഥാനാർത്ഥിയാക്കിയതോടെ ചിത്രം മാറി. കെ.പി മോഹനനും പൊട്ടക്കണ്ടിയും ഒക്കച്ചങ്ങാതിമാരാണെങ്കിലും രാഷ്ട്രീയ പോരാട്ടത്തിന് ചൂടും ചൂരിനും കുറവൊന്നുമില്ല. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.പി മോഹനന്റെ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ് ചെയർമാൻ പൊട്ടക്കണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മണ്ഡലത്തിന്റെ മുക്കും മൂലയുമറിയാവുന്ന പൊട്ടങ്കണ്ടി തെരഞ്ഞെടുപ്പിൽ വലിയ ഓളങ്ങളാണ് തീർത്തത്.

മുസ്ലിം ലീഗ് നേതാവും കാൽ നൂറ്റാണ്ടോളം തൃപങ്ങോട്ടു ർ പഞ്ചായത്ത് പ്രസിഡന്റുമായ പിതാവ് പൊട്ടക്കണ്ടി കുഞ്ഞഹമ്മ് ഹാജിയുടെ പാത പിൻതുടർന്നാണ് അബ്ദുള്ള രാഷ്ട്രീയത്തിലിറങ്ങുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി മുസ്ലിം ലീഗിന്റെ കൂത്തുപറമ്പ് മണ്ഡലം അധ്യക്ഷനായും യു.ഡി.എഫ് ചെയർമാനായും പ്രവർത്തിച്ച അനുഭവ പരിചയം അദ്ദേഹത്തിനുണ്ട്. പിതാവ് കുഞ്ഞഹമ്മദ് ഹാജി കടവത്തൂർ സ്‌കൂളിന്റെ സ്ഥാപകനാണെങ്കിൽ മലബാർ സി.എച്ച് സെന്ററിങ്കയും പൂക്കായ തങ്ങൾ ഹോസ്‌പേസിന്റെയും അമരക്കാരാണ് ജനങ്ങൾ ജാതിമത ഭേദമന്യേ പി.കെയെന്നു വിളിക്കുന്ന പൊട്ട കണ്ടി. ജാതിമത ഭേദമന്യേ സി.എച്ച് സെന്റർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചാലക ശക്തിയും വ്യവസായിയായ പൊട്ടകണ്ടി തന്നെയാണ്. കൂത്തുപറമ്പ് മണ്ഡലത്തിന്റെ പൾസറിയുന്ന അദ്ദേഹത്തിലൂടെ മണ്ഡലം തിരിച്ചു പിടിക്കാമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുമ്പോൾ തങ്ങളുടെ വോട്ടുബാങ്കിന്റെ കരുത്തിൽ മണ്ഡലം നിലനിർത്താനാവുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്.