തിരുവനന്തപുരം: എംജി യൂണിവേഴ്സിറ്റിയിലെ ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നുമുള്ള കെ.ആർ.മീരയുടെ രാജി അക്കാദമിക രംഗം പ്രതീക്ഷിച്ചത് തന്നെ. അക്കാദമിക രംഗം മീര വിട്ടു നിൽക്കും എന്നാണ് പൊതുവെ പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ മീരയുടെ രാജി ചലനങ്ങൾ ഉണ്ടാക്കുന്നുമില്ല. മീരയുടെ നിയമനത്തിന്നെതിരെ വളരെ ശക്തമായ എതിർപ്പുകളാണ് എംജി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഭാഗത്ത് നിന്നും ഉയർന്നത്. അവിടെ തന്നെയുള്ള ഒരു അദ്ധ്യാപികയുടെ പേരാണ് സ്‌കൂൾ ഓഫ് ലെറ്റേഴ്സിന്റെ ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് നിർദ്ദേശിക്കപ്പെട്ടത്. മന്ത്രി കെ.ടി.ജലീലിന്റെ ഇടപെടലിനെ തുടർന്ന് വിസി തലത്തിൽ നിന്നുള്ള വെട്ടിനിരത്തലിലാണ് ഈ അദ്ധ്യാപിക പിൻതള്ളപ്പെട്ടതും മീര കടന്നു വന്നതും. സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് സമിതി ഇന്നലെ തന്നെ ഓൺലൈൻ യോഗം കൂടി തങ്ങളുടെ ശക്തമായ എതിർപ്പ് വിസിക്ക് മുന്നിൽ എത്തിച്ചിരുന്നു എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. സ്‌കൂൾ ഓഫ് ലെറ്റേഴ്സിന്റെ തലപ്പത്ത് നിന്നുള്ള എതിർപ്പ് ആണ് മീരയുടെ നിയമനം വിവാദത്തിലേക്ക് നീക്കിയത്. ചട്ടം ലംഘിച്ചാണ് മീരയുടെ നിയമനം എന്ന് ഇന്നലെ തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. പ്രശസ്ത എഴുത്തുകാരിയാണ് മീരയെങ്കിലും ഇത് പൂർണമായി രാഷ്ട്രീയ തീരുമാനമായിരുന്നു. ഇതിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടലും വന്നു. ഇത് സിപിഎമ്മിന്റെ കൂടി തീരുമാനമായിരുന്നു. വിസി ഒരു ചർച്ചയും നടത്താതെയാണ് മീരയെ നോമിനേറ്റ് ചെയ്തത്. ഇതോടെയാണ് അക്കാദമിക സമൂഹം ഇളകിയത്. അവർ പ്രതിഷേധിച്ചു. മീര പിൻവാങ്ങുകയും ചെയ്തു. എംജി സർവ്വകലാശാല വിസിക്ക് അക്കാദമിക സമൂഹത്തിൽ ഏറ്റ തിരിച്ചടിയാണ് മീരയുടെ രാജി വിശേഷിപ്പിക്കപ്പെടുന്നത്. അക്കാദമിക രംഗത്ത് നിന്നുള്ള എതിർപ്പുകൾ തിരിച്ചറിഞ്ഞതോടെ ചട്ടം ലംഘിച്ച് വിസി നടത്തിയ നിയമനം മീര അന്തസോടെ നിരാകരിക്കുകയും ചെയ്തു.

സ്‌കൂൾ ഓഫ് ലെറ്റേഴ്സിന്റെ ബോർഡ് ഓഫ് സ്റ്റഡീസിൽ വിസി സ്വന്തം ഇഷ്ടപ്രകാരമാണ് മീരയുടെ ഈ പേര് എഴുതി ചേർത്തത്. ഇത് സ്‌കൂൾ ഓഫ് ലെറ്റേഴ്‌സുമായി ചർച്ച ചെയ്യാൻ വിസി സാബു തോമസ് തയ്യാറുമായില്ല. ഇതോടെ അക്കാദമിക സമൂഹം എതിർപ്പുമായി രംഗത്ത് വരുകയായിരുന്നു. ഇത് മനസിലാക്കി മീര പിന്മാറുകയും ചെയ്തു. വിദഗ്ദ സമിതി ലിസ്റ്റ് നേരത്തെ തന്നെ വിസിക്ക് കൈമാറിയിരുന്നു. അതിലാണ് തിരുത്തൽ വന്നത്. ഇത് സ്‌കൂൾ ഓഫ് ലെറ്റേഴ്സിന്റെ തലപ്പത്തുള്ളവർ അറിഞ്ഞില്ല. അപ്രതീക്ഷിതമായി മീര എത്തിയപ്പോൾ ഇവർ ചൊടിച്ചു. പ്രതിഷേധം അറിയിക്കുകയും ചെയ്തു. എംജിയിൽ നിന്നുള്ള പ്രതിഷേധം അറിഞ്ഞതോടെ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ഇത് സംബന്ധിച്ച കുറിപ്പ് പുറത്തിറക്കി മീര പിൻവാങ്ങുകയായിരുന്നു. അപേക്ഷിച്ചിട്ടില്ലെങ്കിലും തനിക്ക് കിട്ടിയതായി ചാർത്തിത്തന്നതും ഇതുവരെ അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ എംജി സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽനിന്നു താൻ രാജിവച്ചതായാണ് എഴുത്തുകാരി കെ.ആർ. മീര. വൈസ് ചാൻസലർക്ക് ഇതു സംബന്ധിച്ച് ഇമെയിൽ അയച്ചു കഴിഞ്ഞുവെന്നും ഇനിയൊരു പ്രതികരണമില്ലെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.


കെ.ആർ.മീരയെ അംഗമാക്കിയത് വിവാദമായിരുന്നു. അക്കാദമിക വിദഗ്ദ്ധർ മാത്രം നിയമിക്കപ്പെടുന്ന ഒരു പോസ്റ്റിലേക്ക് എഴുത്തുകാരിയെ നിയോഗിച്ച് രാഷ്ട്രീയ നിയമനം നടത്തിയതാണ് അക്കാദമിക സമൂഹത്തിൽ നിന്നുള്ള എതിർപ്പിന് പ്രേരണയായത്. കഴിഞ്ഞ ആറിനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. യൂണിവേഴ്സിറ്റിയുടെ ചാൻസലർ എന്ന നിലയിൽ ഗവർണറാണ് നിയമനം നടത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്നും നൽകുന്ന പട്ടികയാണ് ഗവർണർ അംഗീകരിക്കുന്നത്. പട്ടികയിൽ വെട്ടിത്തിരുത്തൽ നടന്നു എന്നത് തന്നെ സൂചിപ്പിക്കുന്നത് നിയമനത്തിനു പിന്നിലുള്ള ശക്തമായ രാഷ്ട്രീയ ഇടപെടലാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ നേരിട്ടുള്ള ഇടപടലാണ് നിയമനത്തിന്റെ പിന്നിൽ എന്ന വിവരമാണ് ലഭിച്ചത്. എംജി യൂണിവേഴ്സിറ്റിയോ സ്‌കൂൾ ഓഫ് ലെറ്റേഴ്സിന്റെ തലപ്പത്തുള്ളവരോ അറിയാതെയാണ് നിയമനം നടന്നത്. പുറത്ത് നിന്നുള്ള വിദഗ്ധ എന്ന നിലയിലാണ് സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ മീരയെ നിയോഗിച്ചിരിക്കുന്നത്. മീരയുടെ പേര് ഈ പോസ്റ്റിലേക്ക് ആരും ശുപാർശ ചെയ്തിരുന്നില്ല. മറ്റൊരാളുടെ പേരാണ് മീരയ്ക്ക് പകരം ഉണ്ടായിരുന്നത്. ഈ പേര് വെട്ടി പകരം മീരയുടെ പേര് എഴുതി ചേർക്കുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മന്ത്രി ജലീൽ നടത്തിക്കൊണ്ടിരിക്കുന്ന നിയമനങ്ങൾ വിവാദമാകുമ്പോൾ തന്നെയാണ് മീരയുടെ നിയമനവും ഈ വിവാദങ്ങളുടെ പട്ടികയിലേക്ക് കടന്നുവന്നത്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷുമായുള്ള ബന്ധത്തിന്റെ പേരിലും യുഎഇ കോൺസുലേറ്റ് വഴി രഹസ്യമായി പാഴ്സലുകൾ സി ആപ്റ്റിലേക്ക് എത്തിച്ച് സർക്കാർ വാഹനത്തിൽ മലപ്പുറത്തേക്ക് എത്തിച്ചതിന്റെ പേരിലും വിവാദത്തിൽ തുടരുകയാണ് മന്ത്രി ജലീൽ. ഇതിന്നിടയിലാണ് അക്കാദമിക വിദഗ്ദ്ധർ ഇരിക്കേണ്ട പോസ്റ്റിലേക്ക് സാഹിത്യകാരിയെ നിയോഗിച്ച് മന്ത്രി വീണ്ടും വിവാദത്തിൽപ്പെടുന്നത്.

സ്‌കൂൾ ഓഫ് ലെറ്റേഴ്സ് നൽകിയ അംഗങ്ങളുടെ പട്ടിക വന്നശേഷമാണ് മീരയുടെ നിയമനം എല്ലാവരും അറിയുന്നത്. പ്രതിഷേധം വന്നതിനെ തുടർന്ന് സ്‌കൂൾ ഓഫ് ലെറ്റേഴ്സുമായി എംജി സർവ്വകലാശാല വിസി ചർച്ച നടത്തിയിരുന്നു എന്നാണ് അറിയുന്നത്. സർവ്വകലാശാലയിൽ നിലവിലുള്ള പതിനഞ്ചു ബോർഡ് ഓഫ് സ്റ്റഡീസും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. അതാത് ബോർഡുകൾ ശുപാർശ ചെയ്യുന്ന അംഗങ്ങളുടെ പട്ടിക വിസിക്ക് മുന്നിൽ ആദ്യമേ നൽകിയിട്ടുണ്ട്. ഇങ്ങനെ വന്ന സ്‌കൂൾ ഓഫ് ലെറ്റേഴ്സിന്റെ പട്ടികയിലാണ് മീരയുടെ പേര് എഴുതി ചേർത്തത് മീരയെ കൂടി അംഗമാക്കിയത്. എഴുത്തുകാരി എന്ന നിലയിൽ പ്രശസ്തയാണ് മീര. ഈ രീതിയിൽ മീരയെ നിയോഗിക്കുമ്പോൾ എതിർപ്പ് സംശയിച്ചിരുന്നില്ല. പക്ഷെ അക്കാദമിക വിദഗ്ദ്ധർ മാത്രം ഇരിക്കുന്ന പോസ്റ്റിൽ നിയമിച്ചതോടെയാണ് എതിർപ്പ് സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും രൂപപ്പെട്ടത്. ഒട്ടുവളരെ അക്കാദമിക വിദഗ്ധരും മുതിർന്ന എഴുത്തുകാരും നിലനിൽക്കെയാണ് മീരയെ ഈ പോസ്റ്റിൽ നിയോഗിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോൾ പ്രശ്നം പരിഹരിക്കേണ്ട ബാധ്യതയാണ് വൈസ് ചാൻസലർക്ക് വന്നിരിക്കുന്നത്.

സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ മീരയുടെ നിയമനം വന്നത് യൂണിവേഴ്സിറ്റി അറിഞ്ഞിട്ടാണോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി ഇന്നലെ വൈസ് ചാൻസലർ സാബു തോമസ് നൽകിയില്ല. യൂണിവേഴ്സിറ്റി അറിയാതെ കാര്യങ്ങൾ നടക്കില്ലെന്നും മീരയുടെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് സാബു തോമസ് മറുനാടനോട് പ്രതികരിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മന്ത്രി തൊട്ടതെല്ലാം വിവാദമായി മാറിയിരുന്നു. മുന്പ് മലയാളം സർവ്വകലാശാലയിൽ പ്രൊഫസർക്ക് തുല്യമായ പോസ്റ്റിൽ സാഹിത്യകാരൻ രാമനുണ്ണിയെ നിയമിച്ചതും വിവാദമായിരുന്നു. അക്കാദമിക വിദഗ്ദ്ധർക്ക് നൽകേണ്ട പോസ്റ്റ് ആണ് മന്ത്രി നേരിട്ടിടപെട്ട് രാമനുണ്ണിക്ക് നൽകിയത് എന്നാണ് ആരോപണം ഉയർന്നത്.

എം.ജി സർവകലാശാലയിലെ ബി.ടെക് വിദ്യാർത്ഥികൾക്ക് മാർക്കുദാനം നടത്തിയതിലും മന്ത്രി പ്രതിക്കൂട്ടിലായിരുന്നു. ബി.ടെക് പരീക്ഷയിൽ മാർക്കു കൂട്ടിനൽകാൻ അദാലത്തെടുത്ത തീരുമാനം ചട്ടവിരുദ്ധമായിരുന്നുവെന്ന് സിൻഡിക്കേറ്റടക്കം കണ്ടെത്തിയതോടെ മന്ത്രി പ്രതിരോധത്തിലായി. യുണിവേഴ്‌സിറ്റി മാർക്ക് ദാനം റദ്ദാക്കിയതോടെയാണ് ഈ വിവാദത്തിൽനിന്നും മന്ത്രി തടിയൂരിയത്. ബന്ധുവായ കെ.ടി അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനം നൽകിയതും വിവാദമായിരുന്നു. ബന്ധുനിയമന വിവാദത്തിൽ മന്ത്രിക്കെതിരെ കനത്ത പ്രതിഷേധമാണ് അന്ന് പാർട്ടിക്കുള്ളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഉയർന്നത്. തസ്തിക നിർദ്ദേശിക്കുന്ന യോഗ്യത അദീബിനുണ്ടായിരുന്നില്ല. നിയമനത്തിലുൾപ്പെടെ വ്യക്തമായ അട്ടിമറി നടന്നുവെന്നും ആരോപണമുയർന്നിരുന്നു.

കെ.ആർ. മീരയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എഴുതി ജീവിക്കാൻ തീരുമാനിച്ച നാൾ മുതൽ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ രാഷ്ട്രീയ നിയമനങ്ങൾ സ്വീകരിക്കുകയില്ല എന്നാണ് എന്റെ നിഷ്‌കർഷ. ഇടതു വലതു വ്യത്യാസമില്ലാതെ പല ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ക്ഷണം കിട്ടിയിട്ടുണ്ടെങ്കിലും നാളിതുവരെ, ഒരു രാഷ്ട്രീയ നിയമനവും ആനുകൂല്യവും സ്വീകരിച്ചിട്ടില്ല. ഭാവിയിലും അതു സ്വീകരിക്കുകയില്ല.

ഈ വർഷം ഫെബ്രുവരിയിൽ കാൺപൂർ ഐ.ഐ.ടിയിൽ ഗസ്റ്റ് സ്പീക്കർ ആയി പ്രഭാഷണവും പേപ്പറും അവതരിപ്പിച്ചു മടങ്ങിയെത്തി അധികദിവസം കഴിയുന്നതിനു മുമ്പായിരുന്നു കോട്ടയത്ത് സംവിധായകൻ ജോഷി മാത്യുവിന്റെ നിർബന്ധത്താൽ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായത്. എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് അതിൽ പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതും.

രണ്ടു ദിവസം കഴിഞ്ഞു സർവകലാശാലയിൽനിന്ന് വിസിയുടെ നിർദേശപ്രകാരം വിളിക്കുന്നു എന്നു പറഞ്ഞ് എന്നെ ഒരു ഉദ്യോഗസ്ഥൻ വിളിച്ചിരുന്നു. ബോർഡ് ഓഫ് സ്റ്റഡീസിൽ എന്റെ പേരു കൂടി ഉൾപ്പെടുത്താൻ അദ്ദേഹം അനുവാദം ചോദിച്ചു. ബോർഡ് ഓഫ് സ്റ്റഡീസിൽ അദ്ധ്യാപകർ അല്ലാതെയുള്ള അംഗങ്ങളും ഉണ്ടാകാറുണ്ടെന്നും പ്രശസ്തരായ എഴുത്തുകാരെയും കലാകാരന്മാരെയും ഉൾപ്പെടുത്താറുണ്ടെന്നും അതിനു ചട്ടമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

2017ൽ അമേരിക്കയിലെ ഐവി ലീഗ് യൂണിവേഴ്‌സിറ്റി ആയ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവേനിയയിൽ വിസിറ്റിങ് ഫെലോയും അവിടുത്തെ സെന്റർ ഫോർ ദി അഡ്വാൻസ്ഡ് സ്റ്റഡി ഓഫ് ഇന്ത്യയുടെ ഇരുപത്തിയഞ്ചാം വാർഷിക സെമിനാറിൽ ജെൻഡർ പാനലിന്റെ കീ നോട്ട് സ്പീക്കറും ആയിരുന്ന എനിക്ക് കോവിഡ് മഹാമാരി പടർന്നില്ലായിരുന്നില്ലെങ്കിൽ മറ്റൊരു വിദേശ യൂണിവേഴ്‌സിറ്റിയുടെ ഫെലോഷിപ്പിന്റെ പരിഗണനയുണ്ടായിരുന്നു. ഞാൻ നാട്ടിൽ ഉണ്ടാകാനിടയില്ല എന്നു ചൂണ്ടിക്കാട്ടിയപ്പോൾ മീറ്റിങ്ങുകളിൽ നേരിട്ടു പങ്കെടുക്കേണ്ടതില്ലെന്ന് വിളിച്ചയാൾ ഉറപ്പു നൽകി.

അതിനുശേഷം ഇത് എഴുതുന്നതുവരെ എം.ജി. യൂണിവേഴ്‌സിറ്റിയിലോ മറ്റെവിടെങ്കിലും നിന്നോ ഇതു സംബന്ധിച്ച് എനിക്ക് ഇമെയിലോ ഫോൺ കോളോ കത്തോ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എനിക്ക് ഇതിനെ കുറിച്ചു വ്യക്തമായ ഒരു അറിവുമില്ല. ആ സ്ഥിതിക്ക്, അഥവാ എന്റെ പേരു നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ, അതിൽ ഏതെങ്കിലും രാഷ്ട്രീയ ഇടപെടൽ ഉണ്ടെങ്കിൽ, ഈ ബോർഡ് ഓഫ് സ്റ്റഡീസിൽ ഞാൻ അംഗമാകുന്ന പ്രശ്‌നവുമില്ല.

സ്‌കൂൾ വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയിൽ എന്റെ പേര് ഉൾപ്പെടുത്തിയ കത്തു കിട്ടിയപ്പോൾ ഞാൻ അതിന്റെ ഡയറക്ടറോട് വാക്കാലും കത്തു വഴിയും എന്നെ ഒഴിവാക്കണമെന്ന് വിനയപൂർവ്വം ആവശ്യപ്പെട്ടിരുന്നു. നാളിതു വരെ ഒരു മീറ്റിങ്ങിലും ഞാൻ പങ്കെടുത്തിട്ടില്ല, അതിന്റെ പേരിൽ ഒരു പൈസപോലും കൈപ്പറ്റിയിട്ടുമില്ല.

യുജിസിക്കു കീഴിലുള്ള ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയിൽനിന്നു കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെയുള്ള ഒരു മാസ്റ്റർ ബിരുദം മാത്രമേ എനിക്കുള്ളൂ. പക്ഷേ, ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ യൂണിവേഴ്‌സിറ്റിയിലും അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവേനിയയിലും ഇന്ത്യയിൽ മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ സെന്റർ ഫോർ ഹ്യൂമാനിറ്റീസിലും അപാർട്ട്‌മെന്റും ഓഫിസ് മുറിയും യാത്രച്ചെലവും ഒക്കെ സഹിതം ഫെലോഷിപ് ലഭിച്ചിട്ടുള്ള പശ്ചാത്തലത്തിലും ഇന്ത്യയ്ക്ക് അകത്തും പുറത്തും പല യൂണിവേഴ്‌സിറ്റികളിലും എന്റെ കഥകളെയും നോവലുകളെയും കുറിച്ച് ഗവേഷണം നടക്കുന്നതിനാലും ഈ ബോർഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിന് രാഷ്ട്രീയ മാനം കൽപ്പിച്ചില്ല എന്നതാണ് എനിക്കു സംഭവിച്ച അബദ്ധം.

തൃശൂർ കറന്റ് ബുക്‌സ് ഉടനെ പുറത്തിറക്കുന്ന 'ഘാതകന്റെ'യും മനോരമ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന 'ഖബർ' എന്ന ലഘുനോവലിന്റെയും അതിനിടയിൽ 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയുടെ' പെൻഗ്വിൻ പുറത്തിറക്കുന്ന പരിഭാഷയുടെയും തിരക്കിൽ, എഴുത്തിന്റെ മാനസികസംഘർഷം മൂലം ബോർഡ് ഓഫ് സ്റ്റഡീസ് എന്നത് എന്റെ ഓർമ്മയുടെ ഏഴലയത്തുപോലും ഉണ്ടായിരുന്നില്ലെന്നതാണു വാസ്തവം.

ഒരു ഓൺലൈൻ മാധ്യമത്തിൽ ബോർഡ് ഓഫ് സ്റ്റഡീസിൽ എന്നെയും ഉൾപ്പെടുത്തിയതിനെ ചൊല്ലി വാർത്ത വന്നതായി ഒരു പത്രപ്രവർത്തക സുഹൃത്താണ് അറിയിച്ചത്. അപ്പോൾത്തന്നെ ഞാൻ വൈസ് ചാൻസലറെ വിളിച്ചു വിവരം അന്വേഷിച്ചിരുന്നു. 'ഐ കൺസിഡർ ഇറ്റ് ആൻ ഓണർ ടു ഹാവ് യൂ ഇൻ അവർ ബോർഡ് ഓഫ് സ്റ്റഡീസ്' എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഞാൻ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു കിട്ടിയതായി ചാർത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ ഈ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽനിന്നു ഞാൻ രാജി വച്ചതായി മാധ്യമസുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു. വൈസ് ചാൻസലർക്ക് ഇതു സംബന്ധിച്ച് ഇമെയിൽ അയച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച് ഇനിയൊരു പ്രതികരണം ഇല്ല. ഡിസി ബുക്‌സ് ഈ വർഷം അവസാനത്തോടെ പ്രസിദ്ധീകരിക്കുന്ന 'കമ്യൂണിസ്റ്റ് അമ്മൂമ്മ' എന്ന നോവലിന്റെ രചനയുടെ തിരക്കുകൾ മൂലം വിവാദങ്ങൾക്ക് സമയമില്ലാത്തതു കൊണ്ടാണ്.