പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത രണ്ടാൺമക്കളെ ബന്ധുവിടീന് സമീപം റോഡിൽ ഉപേക്ഷിച്ച് നാടുവിട്ട മാതാവും കാമുകനും ജുവനൈൽ ആക്ട് പ്രകാരം അറസ്റ്റിൽ. പത്തനംതിട്ട വെട്ടിപ്പുറം തോപ്പിൽ വീട്ടിൽ ബീന (38), കാമുകനും ഹോട്ടൽ ഉടമയുമായ രതീഷ് (40) എന്നിവരാണ് പിടിയിലായത്. ഒൻപതും പതിമൂന്നും വയസ്സുള്ള ആൺകുട്ടികളെ മലയാലപ്പുഴയിലുള്ള ബന്ധുവീട്ടിന് സമീപം റോഡിലുപേക്ഷിച്ചിട്ടാണ് ഇരുവരും നാടുവിട്ടത്. കഴിഞ്ഞ 14 നായിരുന്നു സംഭവം.

പുതിയ സിം കാർഡും എടുത്തായിരുന്നു ഒളിച്ചോട്ടം. ചെന്നൈ, രാമേശ്വരം, തേനി, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങിയിട്ട് തിരികെ നാട്ടിലെത്തി കടമ്മനിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ രഹസ്യമായി കഴിയവേയാണ് ഇരുവരും പൊലീസ് പിടിയിലായത്. സിം കാർഡ് മാറ്റി മാറ്റി ഉപയോഗിച്ചതിനാൽ ഇവരെ കണ്ടെത്താനും പൊലീസിന് കാലതാമസം നേരിട്ടു.

ബീനയുടെ ഭർത്താവ് മുമ്പ് ഗൾഫിലായിരുന്നു. ബീനയെ കാണാനില്ലെന്ന് പരാതിയിൽ പൊലീസ് മാൻ മിസിങിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ബീന അട്ടക്കുളങ്ങര സബ് ജയിലിലും രതീഷ് കൊട്ടാരക്കര ജയിലിലുമാണ്. തലച്ചിറയിൽ ഹോട്ടൽ നടത്തുന്ന രതീഷ് രണ്ടു തവണ വിവാഹിതനും നിരവധി കേസ്സുകളിലെ പ്രതിയുമാണ്. പത്തനംതിട്ട ഡി.വൈ.എസ്‌പി.കെ സജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ജി.സുനിൽ, എസ്‌ഐമാരായ സുരേഷ്, ജോൺസൺ, എസ് സിപിഓ അഭിലാഷ് എന്നിവരും ഉൾപ്പെട്ടിരുന്നു