കൊച്ചി: ലക്ഷദ്വീപിൽ വിചിത്ര ഉത്തരവുമായി ഭരണകൂടം. ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്. പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാൻ ഉത്തരവിൽ പറയുന്നു. ഫാമുകൾ അടയ്ക്കുന്നതോടെ ലക്ഷദ്വീപിൽ സർക്കാർ തലത്തിലെ പാൽ, പാൽ ഉൽപന്ന വിപണനം നിലയ്ക്കും. ജീവനക്കാർക്ക് ജോലിയും നഷ്ടപ്പെടും. സ്വകാര്യ കമ്പനിക്ക് വഴിയൊരുക്കുന്നതിനാണ് പുതിയ ഉത്തരവെന്നാണ് ആക്ഷേപം. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്‌കാരങ്ങളാണ് ലക്ഷദ്വീപിൽ നിലവില പ്രതിഷേധത്തിന് കാരണം. പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്.

അതിനിടെ അമൂൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ലക്ഷ്യദ്വീപ് നിവാസികൾ രംഗത്തെത്തി. അറേബ്യൻ സീ കപ്പലിൽ 24 ാം തീയതി കവരത്തിയിൽ എത്തുന്ന അമുൽ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദ്വീപിലെ പാൽ ഉത്പന്നങ്ങളുടെ നിർമ്മാണം പാടെ ഇല്ലാതാക്കി അമുൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനാണ് ശ്രമങ്ങളെന്നു ദ്വീപ് വാസികൾ ആക്ഷേപിക്കുന്നു. ഇതിന്റെ ഭാഗമായാണ് സർക്കാർ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരിക്കുന്നത്.

ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കെറ്റിങ് ഫെഡറെഷന്റെതാണ് അമുൽ. ദ്വീപിൽ 21 ാം തീയതി പുറപ്പെടുവിച്ച സർക്കുലർ പ്രകാരം എല്ലാ ഡയറി ഫാമുകളും അടക്കാൻ ഉത്തരവായിരുന്നു. പിന്നാലെയാണ് അമൂൽ ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള നടപടി.വെറ്റിനറി സർജന്റെ സാന്നിധ്യത്തിൽ മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവിലുണ്ട്.

അഡ്‌മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മയുടെ മരണത്തോട് കൂടിയാണ് ലക്ഷദ്വീപിൽ സ്ഥിതിഗതികൾ വഷളാകുന്നത്. ദിനേശ്വർ ശർമ്മയ്ക്ക് പകരക്കാരനായി ദാദ്ര ആൻഡ് നാഗർ ഹവേലിയിലെ അഡ്‌മിനിസ്‌ട്രേറ്ററായിരുന്ന പ്രഫുൽ കെ. പട്ടേലിന് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ എന്ന അധിക ചുമതല കൂടി 2020 ഡിസംബർ അഞ്ചിന് കേന്ദ്രസർക്കാർ നൽകി. ഇതോടെയാണ് ലക്ഷദ്വീപിലെ സ്ഥിതിഗതികൾ മാറിയത്.

ഗോവധ നിരോധനം, ദ്വീപിൽ മദ്യം ലഭ്യമാക്കൽ തുടങ്ങിയവയും നടപ്പിലാക്കി വരുന്നുണ്ട്. ഇതിന് പുറമേ ദ്വീപിൽ ഇന്റർനെറ്റ് നിരോധിക്കാൻ അധികാരികൾ ശ്രമിക്കുന്നുണ്ടെന്ന് ദ്വീപ് നിവാസികൾ പറയുന്നു. പ്രഫുൽ പട്ടേലിന്റെ നടപടികളെ പറ്റി പോസ്റ്റ് ചെയ്ത കെഎസ്‌യു ട്വിറ്റർ ഹാൻഡിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്്, രാത്രി പോലും വാതിൽ തുറന്നിട്ട് ആളുകളുറങ്ങുന്ന ദ്വീപിൽ ഗുണ്ട ആക്ട് നടപ്പിലാക്കി, അംഗനവാടികൾ അടച്ചുപൂട്ടി.

ഒരു വർഷമായി ദ്വീപിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. പ്രഫുൽ പട്ടേൽ, യാത്രക്കാർക്കുള്ള ക്വാറന്റൈനും കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞകതോടെ ലക്ഷദ്വീപിൽ കോവിഡ് വ്യാപനം തീവ്രമായെന്നാണ് മറ്റൊരാരോപണം. സർക്കാർ ഓഫീസുകളിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും തീരസംരക്ഷണത്തിനെന്ന പേരിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുകളഞ്ഞതും വലിയ പ്രതിഷേധത്തിന് കാരണമായി.

2011ലെ നിയമ പ്രകാരം 50 മീറ്ററിനടുത്ത കോസ്റ്റൽ റെഗുലേറ്ററി സോണുകളിൽ നിർമ്മാണ പ്രവൃത്തികൾ നടത്താൻ പാടില്ല എന്നായിരുന്നു ഉത്തരവ്. പിന്നീടിത് 20 മീറ്ററാക്കി. പക്ഷേ മത്സ്യത്തൊഴിലാളികൾക്ക് ഉപജീവന മാർഗത്തിനാവശ്യമായ വലകളും മറ്റ് ഉപകരണങ്ങളും കടൽ തീരത്തിനടുത്ത് സൂക്ഷിക്കുന്നതിൽ പ്രശ്നമില്ലായിരുന്നു. പക്ഷേ ഇപ്പോൾ സർക്കാർ ഭൂമിയിലാണ് ഇതെല്ലാം ഉള്ളതെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ഷെഡുകളുൾപ്പെടെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊളിച്ചു കളയുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകരുതെന്ന നിയമവും പാസാക്കാൻ ഒരുങ്ങുകയാണ് പ്രഫുൽ പട്ടേലെന്നാണ് ആക്ഷേപം.

ലക്ഷദ്വീപിൽ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള പുതിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നയങ്ങൾക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധമാണുയരുന്നത്. ബിജെപി അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് ഇ ടി മുഹമ്മദ് ബഷീർ എംപി ട്വിറ്ററിൽ പ്രതികരിച്ചത്. പുതിയ നീക്കം തടയണമെന്നാവശ്യപ്പെട്ട് എളമരം കരിം എംപി രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. വി ടി ബൽറാം അടക്കമുള്ളവരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര ഭരണ പ്രദേശമായ ദ്വീപിൽ ബിജെപി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നത് ആശങ്കാകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ് പരിവാർ ശ്രമം എന്ന് സംശയിക്കേണ്ടതുണ്ടെന്ന് വി ടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. ജനാധിപത്യ സംവിധാനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ ശക്തമായ ഇടപെടൽ നടത്തുമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ വ്യക്തമാക്കി. 96 ശതമാനം മുസ്‌ലിംകൾ താമസിക്കുന്ന ലക്ഷദ്വീപിനെ കാവിവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് യുവ സംവിധായികയും ദ്വീപിലെ സാമൂഹിക പ്രവർത്തകയുമായ ഐഷ സുൽത്താന പ്രതികരിച്ചിരുന്നു.