തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളില്‍ വലിയ ചോര്‍ച്ച ഉണ്ടായെന്ന് വിലയിരുത്തി സിപിഐ. ഇടതുപക്ഷത്തെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന വോട്ടുവിഹിതം വന്‍തോതില്‍ നഷ്ടമായെന്നാണ് വിലയിരുത്തല്‍. ഈഴ വോട്ടുകളിലെ ചോര്‍ച്ചയാണ് സംസ്ഥാന നേതൃത്വം പ്രധാനമായു ചര്‍ച്ച ചെയ്ത കാര്യം. പരമ്പരാഗത ഈഴവ വോട്ടുകള്‍ നഷ്ടമായി. നായര്‍ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാര്‍ട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്.

ഭരണവിരുദ്ധ വികാരം തോല്‍വിക്ക് കാരണമാണെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നു. അതേസമയം അതിശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ കൈവിടാന്‍ സിപിഐ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ശൈലിയില്‍ അടക്കം കടുത്ത വിമര്‍ശനം ജില്ലാ തല നേതൃയോഗങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന ത്വരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ പരാമര്‍ശിക്കേണ്ടെന്നാണ് സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം.

ക്വട്ടേഷന്‍, എസ്എഫ്ഐ വിമര്‍ശനം നടത്തിയതില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എക്സിക്യൂട്ടീവ് പിന്തുണ പ്രഖ്യാപിച്ചു. ഇത്തരം വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉന്നയിക്കേണ്ടിയിരുന്നുവെന്ന് എക്സിക്യൂട്ടീവ് അംഗങ്ങള്‍ പറഞ്ഞു. ശരിയായ കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചാല്‍ ഇടതുപക്ഷ ഐക്യത്തിന് കോട്ടമല്ല ഗുണമാണ് ഉണ്ടാകുകയെന്നും എക്സിക്യൂട്ടീവ് അംഗങ്ങള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് പൊതു പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ വിമര്‍ശിക്കാനാവില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ഇപ്പോള്‍ വിമര്‍ശിച്ചതും നേരത്തെ വിമര്‍ശിക്കാതിരുന്നതും ശരിയെന്നും ബിനോയ് വിശ്വം പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യാനാണ് സിപിഐ തീരുമാനം. അവലോകനത്തിനായി പ്രത്യേക എക്സിക്യൂട്ടിവ് വിളിക്കും. ഒരുദിവസം നീളുന്ന യോഗത്തില്‍ പ്രവര്‍ത്തനം വിലയിരുത്താന്‍ ധാരണയായി. പാര്‍ട്ടി ദേശിയ കൌണ്‍സില്‍ യോഗത്തിന് ശേഷം ഇതിനായി എക്സിക്യൂട്ടിവ് ചേരും.

ഇന്നും നാളെയും സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂര്‍ ഒഴികെ എല്ലാ സീറ്റുകളിലും തോല്‍വി ഏറ്റുവാങ്ങി. അതിനിടെ തൃശ്ശൂരിലെ തോല്‍വിയില്‍ മേയര്‍ക്കെതിരെ സിപിഐ വീണ്ടും രംഗത്തുവന്നിരുന്നു. തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ. ജില്ലാ സെക്രട്ടറി കെകെ വത്സരാജ് ആവശ്യപ്പെട്ടു. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ വീണ്ടും വീണ്ടും പുകഴ്ത്തുന്ന മേയറുടെ നടപടിയാണ് കാരണം. മുന്‍ധാരണ പ്രകാരം മേയര്‍ സ്ഥാനം രാജിവെച്ച് മുന്നണിയില്‍ തുടരാന്‍ എംകെ. വര്‍ഗീസ് തയാറാകണമെന്ന് വഅദ്ദേഹം ആവശ്യപ്പെട്ടു.

മേയറുടെ ബിജെപി. അനുകൂല നിലപാട് പ്രതിഷേധാര്‍ഹമാണ് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ തൃശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മേയര്‍ക്കെതിരേ സിപിഐയും ലോക്സഭാ സ്ഥാനാര്‍ഥിയായിരുന്ന വിഎസ്. സുനില്‍കുമാറും ഇത്തരത്തില്‍ ആരോപണമുന്നയിച്ചിരുന്നു. വികസന രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞാണ് ബിജെപിയോടുള്ള മേയറുടെ അനുഭാവം.

ഇതിനെതിരേ ശക്തമായ നിലപാടെടുക്കാന്‍ എല്‍ഡിഎഫിനും നേതൃത്വം നല്‍കുന്ന സിപിഎമ്മിനുമാവുന്നില്ലെന്നാണ് ആരോപണം. അതേസമയം സിപിഎമ്മിനൊപ്പമാണ് താനെന്നാണ് മേയറുടെ വാദം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുരേഷ് ഗോപി നേരിട്ടെത്തി മേയറെ കണ്ട് വോട്ട് ചോദിച്ചതും അന്ന് മേയര്‍ നടത്തിയ പ്രശംസയും ചര്‍ച്ചയായിരുന്നു. സിപിഎംഇടപെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് വീണ്ടും സുരേഷ് ഗോപിയും മേയറും പരസ്യ പ്രകീര്‍ത്തനവുമായി രംഗത്തെത്തിയത്.

എംകെ വര്‍ഗീസിന്റെ ഒറ്റയാള്‍ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന കോര്‍പ്പറേഷന്‍ ഭരണത്തിനുള്ളത്. കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു അറിയാവുന്നതുകൊണ്ടാണ് സിപിഐ വിമര്‍ശനം സിപിഎം മുഖവിലയ്‌ക്കെടുക്കാത്തത്. എന്നാല്‍ സിപിഐ അംഗങ്ങള്‍ പിന്‍മാറാന്‍ തീരുമാനിച്ചാല്‍ ഭരണം കൈയില്‍നിന്നു പോകും. പിന്തുണ പിന്‍വലിക്കുന്ന കാര്യം ചിന്തിട്ടില്ല. ഇതിനിടെ പുതിയ മേയറെ സംബന്ധിച്ച ചര്‍ച്ചയും സജീവമായിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മേയര്‍ ബി.ജെ.പി. ടിക്കറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹവും ശക്തമാണ്.