കൊച്ചി: കൊച്ചിയില്‍ അതിമാരക മയക്കുമരുന്നുമായി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കൊച്ചി മട്ടാഞ്ചേരി ആനവാതില്‍ സ്വദേശി മുഹമ്മദ് അമാന്‍ (21) ആണ് അറസ്റ്റിലായത്. നാളുകളായി യുവാവ് എക്‌സൈസ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എറണാകുളം എക്‌സൈസ് ഇന്റലിജന്‍സ്, എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാള്‍ ഇന്നലെ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് മാനസിക വെല്ലുവിളി നേരിടുന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സെഡേറ്റീവ്- ഹിപ്‌നോട്ടിക്‌സ് വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്നിന്റെ 75 ഗുളികകള്‍ കണ്ടെടുത്തു.

ഈ വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്ന് ഗുളികകള്‍ 10 ഗ്രാമില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നത് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗൗരവമേറിയ കുറ്റമാണ്. 15 ഗ്രാം വരുന്ന ഗുളികകളാണ് ഇയാളില്‍നിന്ന് കണ്ടെത്തിയത്. സ്വന്തം വീട്ടുകാരുടെ തന്നെ മെഡിക്കല്‍ ഷോപ്പില്‍ ശമ്പളത്തില്‍ ജോലി ചെയ്യുക ആയിരുന്നു അമന്‍. ഇവിടെ നിന്നുമാണ് ഗുളികകള്‍ അടിച്ചു മാറ്റി വില്‍പ്പനയ്ക്ക് എത്തിച്ചത്. ശമ്പളം കിട്ടുന്ന തുക മതിയാകാതെ വന്നപ്പോള്‍ മെഡിക്കല്‍ ഷോപ്പില്‍ സൂക്ഷിച്ചിരുന്ന മയക്കുഗുളികകള്‍ സുഹൃത്തുക്കള്‍ വഴി ആവശ്യക്കാരെ കണ്ടെത്തി ഇയാള്‍ മറിച്ചു വിറ്റു വരുകയായിരുന്നു. വെറും ഒന്‍പത് രൂപ മാത്രം വിലയുള്ള ഒരു ഗുളിക 100 രൂപയ്ക്കാണ് ഇയാള്‍ മറിച്ചുവിറ്റിരുന്നത്.

നേരത്തെ പവര്‍ലിഫിറ്റിംഗ് മത്സരത്തിന് പങ്കെടുക്കുന്നതിന് വേണ്ടി എന്ന് പറഞ്ഞ് മുഹമ്മദ് അമാന്‍ വീട്ടുകാരില്‍ നിന്ന് പണം വാങ്ങിയ ശേഷം ഈ പണം സുഹൃത്തുകളുമായി വഴിവിട്ട് ചെലവഴിച്ചിരുന്നു. ഇത് മനസിലാക്കിയ വീട്ടുകാര്‍ പിന്നീട് പണം നല്‍കുന്നത് അവസാനിപ്പിച്ച ശേഷമാണ് മെഡിക്കല്‍ ഷോപ്പില്‍ ശമ്പളം നല്‍കി ജോലിക്ക് നിര്‍ത്തിയത്. ഇതോടെ സ്ഥാപനത്തില്‍ നിന്നും അതിമാരകമായ ഗുളികകള്‍ പുറത്ത് കച്ചവടം നടത്തി തുടങ്ങി.

കലൂര്‍, പൊറ്റക്കുഴി, എളമക്കര ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ആളെക്കുറിച്ച് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറിന്റെ മേല്‍ മേല്‍നോട്ടത്തിലുള്ള ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. മയക്കുമരുന്നുമായി കലൂര്‍ പൊറ്റക്കുഴി ഭാഗത്ത് ഇടപാടുകാരെ കാത്ത് നില്‍ക്കവേയായാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്.

സംസ്ഥാനത്ത് ആദ്യമായാണ് സെഡേറ്റീവ്- ഹിപ്‌നോട്ടിക്‌സ് വിഭാഗത്തില്‍പ്പെടുന്ന മരുന്ന് ഇത്രയും ഏറെ അളവില്‍ പിടികൂടുന്നത്. ഷെഡ്യൂള്‍ഡ് 4 വിഭാഗത്തില്‍പ്പെടുന്ന ഈ മരുന്ന് അപൂര്‍വം മെഡിക്കല്‍ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ട്രിപ്പിള്‍ പ്രിസ്‌ക്രിപ്ഷന്‍ വഴി മാത്രമാണ് മരുന്ന് ലഭിക്കുക. ഈ ട്രിപ്പിള്‍ പ്രിസ്‌ക്രിപ്ഷനുകളില്‍ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്.

മയക്കുമരുന്ന് ഇതുവരെ ഉപയോഗിക്കാത്തവര്‍ക്ക് ഉപയോഗിച്ച് നോക്കുന്നതിന് മരുന്നിന്റെ സാമ്പിള്‍ 'ടെസ്റ്റ് ഡോസ്' ആയി സൗജന്യമായും നല്‍കിയിരുന്നു. ഇതിനുശേഷം ആവശ്യമെങ്കില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യണം. ഈ ഗുളികകള്‍ കഴിച്ചാല്‍ എച്ച്.ഡി. വിഷനില്‍ വിവിധ വര്‍ണങ്ങളില്‍ കാഴ്ചകള്‍ കാണാന്‍ കഴിയുമെന്നും കണ്ണുകള്‍ക്ക് കൂടുതല്‍ തെളിച്ചം കിട്ടുമെന്നും കൂടുതല്‍ സമയം ഉന്മേഷത്തോടെ ഇരിക്കാനാകുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ആളുകളെ ആകര്‍ഷിച്ചിരുന്നത്. ഈ മരുന്നിന്റെ അനാവശ്യമായ ഉപയോഗം അമിത രക്തസമ്മര്‍ദം, നാഡീവ്യൂഹങ്ങള്‍ക്ക് സാരമായ ക്ഷതം,ഹൃദയാഘാതം എന്നിവ സംഭവിക്കാന്‍ കാരണമാകുെമന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു. ബൈപോളാര്‍ ഡിസോഡര്‍, ഇന്‍സോ മാനിയ, അമിതഭയം, ഉത്കണ്ഠ തുടങ്ങിയ അസുഖങ്ങള്‍ക്കാണ് ഈ മരുന്ന് ഉപയോഗിച്ച് വരുന്നത്.

ഇയാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി എക്‌സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാസ് ഇന്‍സ്‌പെക്ടര്‍, കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി.ടോമി, എറണാകുളം ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ജിനേഷ് കുമാര്‍ സി.പി, സജോ വര്‍ഗീസ്, ടി.ടി. ശ്രീകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.