കാസർകോട്: വാടകയ്‌ക്കെടുത്ത കാറിലെത്തി മാണിയാട്ടെ കടയിൽ നിന്ന് ആറായിരം രൂപ കവർന്ന ബേക്കൽ പരയങ്ങാനത്തെ ലത്തീഫിനെ 36, പൊലീസ് അറസ്റ്റ് ചെയ്തു.

മാണിയാട്ടെ കടയിൽ മോഷണം നടത്തിയ ലത്തീഫിനെ ഇന്ന് പകൽ 11 മണിയോടെയാണ് പിലിക്കോട് പടുവളത്തെ കുറ്റിക്കാട്ടിൽ നിന്നും ചന്തേര പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ കാറിലെത്തിയ യുവാവ് വഴിയിൽ കാറിൽ നിന്നുമിറങ്ങി ഒളിച്ചിരിക്കുകയായിരുന്നു.

സമീപത്തു കൂടി പോയ സ്ത്രീകൾക്ക് നേരെ യുവാവ് നഗ്‌നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് സ്ത്രീകൾ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതോടെ ചന്തേര എസ് ഐ, എം വി ശ്രീദാസും, സംഘവുമെത്തി യുവാവിനെ കയ്യോടെ  പൊലീസ് സ്റ്റേഷനിൽ  എത്തിച്ചെങ്കിലും  നവരസം തുടർന്നു.  എന്നാൽ പൊലീസിന്റെ മുന്നിൽ കൂടുതൽ നേരം ഈ   ഭാവങ്ങൾ വിലപ്പോയില്ല.

ഇന്നലെ ഉച്ച കഴിഞ്ഞാണ് മാണിയാട്ടെ യു.കെ. രാഘവന്റെ കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന കാറിലെത്തിയ യുവാവ് കടയിൽ നിന്നും പണം മോഷ്ടിച്ച് രക്ഷപ്പെട്ടത്. കടയ്ക്ക് സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിനെത്തുടർന്ന് കാറിന്റെ നമ്പർ കെ.എൽ 60 എം 9465 ആണെന്ന് ചന്തേര പൊലീസ് കണ്ടെത്തിയിരുന്നു. ഇൻസ്‌പെക്ടർ പി. നാരായണന്റെ നേതൃത്വത്തിൽ  നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് ഉദുമ സ്വദേശിയാണെന്ന് കണ്ടെത്തിയത്.

കാറിന്റെ റജിസ്‌ട്രേഷൻ നമ്പർ പ്രകാരം ആർസി ഉടമസ്ഥനെ കണ്ടെത്തി പൊലീസ് ഇന്ന് ചന്തേര സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇന്ന് രാവിലെ കാറിൽ മാണിയാട്ടെ കടയിലെത്തിയ മൂന്നംഗസംഘം സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവരെ ചന്തേര പൊലീസ് പിടികൂടി. മൗവ്വൽ സ്വദേശിയായ ആരിഫ് വാടകയ്‌ക്കെടുത്ത കാറിലാണ് ലത്തീഫ് ഇന്നലെ മാണിയാട്ടെത്തിയത്.

കടയിലെത്തി സാധനങ്ങൾക്ക് ഓർഡർ നൽകിയ യുവാവ് കടയുടമ രാഘവൻ സാധനങ്ങൾ എടുക്കുന്നതിനിടെ മേശവലിപ്പിൽ നിന്ന് 6000 രൂപ മോഷ്ടിച്ച് കാറിൽ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവ് സഞ്ചരിച്ച കാർ ചന്തേര പൊലീസിന്റെ കസ്റ്റഡിയിലാണ്. പൊലീസ് വിളിപ്പിച്ചതനുസരിച്ച് മൂന്നംഗ സംഘമാണ് ഇന്ന് കാറിലെത്തിയത്. കാറിലുണ്ടായിരുന്നവർ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്.

കാർ വാടകയ്‌ക്കെടുത്ത് മോഷണം നടത്തിയതിന് പിന്നിൽ കൂടുതൽ ആൾക്കാരുടെ പങ്കാളിത്തമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.