ചെന്നൈ: ദേശീയ രാഷ്ട്രീയ പാർട്ടികളെ എഴുപ്പത്തിൽ വാഴിക്കുന്ന പതിവ് തമിഴ്‌നാടിന് ഒരിക്കലും ഉണ്ടായിരുന്നില്ല. കോൺഗ്രസ് പാർട്ടിക്ക് പോലും അടിയുറച്ചു നിൽക്കാൻ തമിഴ് മണ്ണിൽ സാധിച്ചിട്ടില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ വളക്കൂറ് ഒട്ടുമില്ലാത്ത രണ്ടിടങ്ങളാണ് തമിഴ്‌നാടും കേരളവും. ദ്രാവിഡ രാഷ്ട്രീയം വാഴുന്ന തമിഴകത്തിലെ മണ്ണിൽ എങ്ങനെ ചുവടുറപ്പിക്കാം. ഈ കണക്കുകൂട്ടലുമായാണ് ബിജെപി കൊങ്കുനാട് വിഷയം വിവാദമാക്കി രംഗത്തുവരുന്നത്. എന്നാൽ, ഈ വിഷയത്തിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കാരണം തമിഴക വിഭജനത്തെ കുറിച്ചുള്ള ചർച്ചകൾ പോലും ആവശ്യമില്ലെന്നാണ് ഡിഎംകെ കരുതുന്നത്. അത് ബിജെപിയുടെ അജണ്ടക്ക് പിടികൊടുക്കലാകും എന്നതാണ് ഈ നിലപാടിന് കാരണം.

ബിജെപി പക്ഷത്തേക്കു ചാഞ്ഞ എഐഎഡിഎംകെയാണ് കൊങ്കുനാട് വിവാദം കൊഴുക്കുമ്പോൾ വിവാദത്തിലായിരിക്കുന്നത്. എഐഎഡിഎംകെ അണികളിൽ ഭൂരിപക്ഷത്തിനും ഈ നിലപാടിനോട് യോജിപ്പില്ല. അണ്ണാ ഡി.എം.കെയുടെ ശക്തികേന്ദ്രമായ കൊങ്കുനാടിനെ കേന്ദ്രഭരണപ്രദേശമാക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന വാർത്തകളിൽ തിരിച്ചടി എഐഎഡിഎംകെയ്ക്ക് തന്നെയാണ്. ഡി.എം.കെ സർക്കാരിന് വെല്ലുവിളി ഉയർത്താനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ

എന്നാൽ, ഇത് ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പല വിഷയങ്ങളിലും ഡി.എം.കെയും ബിജെപിയും തമ്മിൽ ഭിന്നതയുണ്ട്. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകളാണ് കൊങ്കുനാട് എന്ന അറിയിയപ്പെടുന്നത്. കൊങ്കുനാടിന് കീഴിൽ പത്തു ലോക്സഭ, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമെന്നാണ് റിപ്പോർട്ടുകൾ.

കൊങ്കുനാട്ടിൽ ബിജെപി.ക്കും നേരിയ സ്വാധീനമുണ്ട്. തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യും ബിജെപി.യും സഖ്യത്തിലാണ്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രിയായി ചുമതലയേറ്റ എൽ. മുരുഗനും പാർട്ടി നേതാവ് വാനതി ശ്രീനിവാസനും ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷനും മുൻ ഐ.പി.എസ്. ഓഫീസറുമായ കെ. അണ്ണാമലൈയും കൊങ്കുനാട്ടുകാരാണ്. മുരുകനെ കൊങ്കുനാട്ടിൽ നിന്നുള്ള മന്ത്രിയെന്നും അണ്ണാമലൈയെ കൊങ്കുനേതാവെന്നുമാണ് ബിജെപി വിശേഷിപ്പിച്ചത്.മുരുകന് വിഭജനത്തിന്റെ ചുമതല നൽകിയെന്നും റിപ്പോർട്ടുണ്ട്.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ, തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമായി. ഈറോഡിൽ വാർത്ത റിപ്പോർട്ട് ചെയ്ത പത്രങ്ങൾ തമിഴ് സംഘടനകൾ കത്തിച്ചു. കേന്ദ്രം വിശദീകരണം നൽകണമെന്ന് ഡി.എം.ഡികെയും മറ്റ് തമിഴ് സംഘടനകളും ആവശ്യപ്പെട്ടു. കോയമ്പത്തൂരിൽ ഡി.എം.ഡി.കെ പ്രതിഷേധ ധർണയും കരൂരിൽ തന്തെയ്‌പെരിയാർ ദ്രാവിഡ സംഘടന പ്രതിഷേധ മാർച്ചും നടത്തി. അതേസമയം, പ്രതിഷേധങ്ങൾക്കിടെ അണ്ണാ ഡി.എം.കെയിലെ മുതിർന്ന നേതാവും മുന്മന്ത്രിയുമായ തോപ്പ് വെങ്കടാചലം ഡി.എം.കെയിൽ ചേർന്നു. വെങ്കടാചലത്തിന്റെ നൂറ് കണക്കിന് അനുയായികളും പാർട്ടി വിട്ടു.

ഡി.എം.കെ, ഇടത്, കോൺഗ്രസ് കക്ഷികളും മറ്റു തമിഴ് സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്ത തമിഴ് ദിനപത്രം തമിഴ് സംഘടന പ്രവർത്തകർ കത്തിച്ചു. കേന്ദ്രം വിശദീകരണം നൽകണമെന്ന് വൈകോയുടെ ഡി.എം.ഡി.കെ ആവശ്യപ്പെട്ടു. തമിഴ്‌നാടിനെ വിഭജിച്ച് ഭരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഡി.എം.കെ, ഇടത്, കോൺഗ്രസ് കക്ഷികൾ വ്യക്തമാക്കി. കോയമ്പത്തൂരിൽ ഡി.എം.ഡി.കെ പ്രതിഷേധ ധർണ്ണ നടത്തി. കരൂരിൽ തന്തൈ പെരിയാർ ദ്രാവിഡ സംഘടന പ്രതിഷേധ മാർച്ച് നടത്തി.

തമിഴ്‌നാടിനെ വിഭജിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി. തമിഴ്‌നാടിനെ വിഭജിക്കേണ്ടതാണെന്നാണ് ബിജെപി തമിഴ്‌നാട് ഉപാധ്യക്ഷൻ കാരൂർ നാഗരാജന്റെ പ്രതികരണം. കോയമ്പത്തൂർ തലസ്ഥാനമായും ചെന്നൈ തലസ്ഥാനമായും രണ്ട് സംസ്ഥാനങ്ങൾ വേണം. വാർത്തയ്ക്കെതിരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ബിജെപിയുടെ ആദ്യപ്രതികരണം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് നീക്കമെന്നും തമിഴ് ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.