കൊല്ലം: പ്രണയബന്ധത്തിൽ നിന്നും അകന്ന് മറ്റൊരു വിവാഹം കഴിക്കാൻ ഒരുക്കങ്ങൾ നടത്തുന്നു എന്നറിഞ്ഞതാണ് യുവതി കാമുകനെതിരെ ക്വട്ടേഷൻ കൊടുക്കാൻ കാരണമായതെന്ന് പൊലീസ്. മയ്യനാട് സങ്കീർത്തനത്തിൽ ലെൻസി ലോറൻസാ(30)ണ് തന്റെ കാമുകനായ ശാസ്താംകോട്ട സ്വദേശിയായ ഗൗത(25)മിനെ ക്വട്ടേഷൻ അംഗങ്ങളെ ഉപയോഗിച്ച് മർദ്ദിച്ച് പണവും മൊബൈൽ ഫോണുകളും കവർന്നെടുത്തത്.

ഭർത്താവും രണ്ടു കുട്ടികളുടെ മാതാവുമായ ലെൻസി ഒന്നരവർഷമായി ഗൗതമുമായി അടുപ്പത്തിലായിരുന്നു. തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹത്തിന് മുതിർന്നതാണ് പക തോന്നാൻ കാരണമെന്ന് ഇവർ പൊലീസിന് മൊഴി നൽകി. മരണം വരെ തന്നെയല്ലാതെ മറ്റൊരു പെണ്ണിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും മറ്റും ഇയാൾ പറഞ്ഞിരുന്നെന്നും അത് വിശ്വസിച്ചാണ് പണവും മൊബൈൽ ഫോണും നൽകിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഒടുവിൽ വിവാഹം കഴിക്കാൻ പോകുകയാണെന്നും ബന്ധം അവസാനിപ്പിക്കാം എന്നും പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നും യുവതി പറയുന്നു.

പലവട്ടം വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും ഗൗതം തയ്യാറായില്ല. യുവതിയുടെ നമ്പർ ഇയാൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പലവട്ടം ഗൗതമിനെ അന്വേഷിച്ച് ചാത്തന്നൂരിലെ താമസ സ്ഥലത്ത് എത്തിയെങ്കിലും കണ്ടില്ല. ഇതോടെ തന്നെ വഞ്ചിച്ചു എന്ന് മനസ്സിലായതോടെയാണ് പ്രതികാരം ചെയ്യണമെന്ന് തോന്നിയത്. ഇതിനായി ആദ്യം ഗൗതമിന്റെ ഒപ്പം ജോലിചെയ്യുന്ന വിഷ്ണു എന്ന യുവാവുമായി അടുപ്പത്തിലായി. പിന്നീട് വിഷ്ണുവിനെ ഉപയോഗിച്ച് ഗൗതമിനെ വിളിച്ചു വരുത്തി പകവീട്ടാംമെന്ന് ലെൻസ് കണക്കു കൂട്ടി.

ഇതിനായി തന്റെ സുഹൃത്തായ വർക്കല സ്വദേശി അനന്ദുവിന് 40,000 രൂപയ്ക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. പണവും മൊബൈൽ ഫോണും തിരികെ വാങ്ങണമെന്നും മർദ്ദിക്കണമെന്നുമായിരുന്നു ആവശ്യം. 10,000 രൂപ അഡ്വാൻസ് നൽകുകയും ബാക്കി കൃത്യം നടത്തിയതിന് ശേഷം നൽകാമെന്നുമായിരുന്നു ഉറപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ അനന്ദു സഹായികളായി അമ്പു, അരുൺ, മഹേഷ്, അനസ്, പൊടി എന്ന് വിളിക്കുന്ന സതീഷ് എന്നിവരുമായി ചേർന്ന് വ്യക്തമായ പ്ലാനിങ് നടത്തി.

ഇതിന് ശേഷം ലിൻസി തന്റെ കൂട്ടുകാർ കാണാനെത്തുമെന്നും അവരോടൊപ്പം പോയി തനിക്കുകിട്ടാനുള്ള പണം വാങ്ങണമെന്നും വിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ 14-ന് ചാത്തന്നൂർ പൊലീസ് സ്റ്റേഷന് സമീപത്തുനിന്നും ക്വട്ടേഷൻ സംഘം വിഷ്ണുവിനെ വിളിച്ചുകൊണ്ടുപോയി. ഗൗതമിനെ വിളിച്ചുവരുത്താൻ വിഷ്ണുവിനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെത്തുടർന്ന് ആളില്ലാത്ത സ്ഥലത്തുകൊണ്ടുപോയി മർദിച്ചു. ഒടുവിൽ വിഷ്ണു ഗൗതമിനെ അയിരൂരിലേക്ക് വിളിച്ചുവരുത്തി.

തുടർന്ന് ഗൗതമിനെയും ക്വട്ടേഷൻ സംഘം മർദിക്കുകയും മൊബൈൽ ഫോണും പണവും പിടിച്ചുപറിക്കുകയും ചെയ്തു. ശേഷം വിഷ്ണുവും ഗൗതമും ചാത്തന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ക്വട്ടേഷൻ സംഘത്തിലെ പ്രധാനി അനന്ദുവിനെയും അമ്പുവിനെയുമാണ് ആദ്യം പിടികൂടിയത്. പൊലീസ് കേസെടുത്തു എന്നറിഞ്ഞതോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെന്ന പേരിൽ ഒളിവിൽ കഴിയാൻ ശ്രമിക്കുന്നതിനിടെ ലിൻസിയെയും പൊലീസ് അറസ്റ്റു ചെയ്തു. ഇനി കേസിൽ നാലു പ്രതികളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

പാരിപ്പള്ളിയിലെ മൈക്രോ ഫിനാൻസിൽ ജോലി ചെയ്യുകയായിരുന്ന ഗൗതമിനെ ലിൻസി പരിചയപ്പെടുന്നത് അവിടെ നിന്നും എടുത്ത ലോണിന്റെ തിരിച്ചടവ് മാസം പിരിക്കാനായി എത്തുന്നതിനിടെയാണ്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിദേശത്തായിരുന്ന ഭർത്താവിന്റെ അസ്സാന്നിധ്യമാണ് ഇയാളുമായി അടുപ്പത്തിലാവാൻ കാരണമായതെന്ന് യുവതി പറയുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ചാത്തന്നൂർ സിഐ ബി.അനീഷ്, എസ്‌ഐ മാരായ ഷിബു, ഷീന, എസ്‌ഐ ട്രെയിനി ബാല. ജി.എസ്. കുറുപ്പ്, എഎസ്ഐ മാരായ രാജേഷ്‌കുമാർ, അനിൽ, ജയൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.