തിരുവനന്തപുരം: സ്വപ്ന സുരേഷും സംഘവും 2018 മുതൽ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ വഴിയും നയതന്ത്ര ബാഗേജ് വഴി പാഴ്‌സലുകൾ എത്തിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിൽ സ്വർണം ഉണ്ടായിരുന്നുവെന്നും സൂചന ലഭിച്ചതോടെ സ്വർണക്കടത്ത് സംഘത്തിന്റെ ഇതര സംസ്ഥാന ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ തിരുവനന്തപുരത്ത് പൂവാർ കോഓപ്പറേറ്റീവ് ബാങ്കിൽ സ്വപ്ന നിക്ഷേപിച്ചിരുന്ന 24.5 ലക്ഷം രൂപ മരവിപ്പിക്കാൻ എൻഐഎയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നിർദ്ദേശം നൽകി. സ്വപ്‌നയുടെ കടത്തിൽ യുഎഇയിൽ നിന്ന് നിർണ്ണായക വിവരങ്ങൾ എൻഐഎയ്ക്ക് കിട്ടിയിട്ടുണ്ട്.

ഇതിലാണ് ബംഗളൂരുവിലും ഹൈദരാബാദിലും നടന്ന കടത്തുകളിൽ എൻഐഎയ്ക്ക് സ്ഥിരീകരണം കിട്ടിയതെന്നാണ് സൂചന. ബംഗളൂരുവിലും ഹൈദരാബാദിലും ഇറക്കിയ ചില പാഴ്‌സലുകൾ റോഡ് മാർഗം കേരളത്തിലെത്തിച്ചുവെന്നും ഇതിൽ സ്വർണം ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഇതിന് വ്യക്തമായ തെളിവ് കിട്ടിയതോടെയാണ് സ്വർണക്കടത്ത് സംഘത്തിന്റെ ഇതര സംസ്ഥാന ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തെന്നിന്ത്യ മുഴുവൻ കണ്ണികളുള്ള സ്വർണക്കടത്തു ശ്യംഖലയുടെ ഭാഗമാണ് സ്വപ്ന എന്നാണ് വിലയിരുത്തൽ. തീവ്രവാദത്തിന് വേണ്ടിയാണ് ബംഗളൂരുവിലും ഹൈദരാബാദിലും സ്വർണം എത്തിച്ചതെന്നും സൂചനയുണ്ട്. കോവിഡ് കാലത്ത് തീവ്രവാദികൾക്ക് ഫണ്ടെത്തുന്നതിൽ വലിയ നിയന്ത്രണമുണ്ടായിരുന്നു. ഇതെല്ലാം സ്വപ്‌നയുടെ നയതന്ത്ര ബാഗിലെ കടത്തോടെ അപ്രസക്തമായി.

തിരുവനന്തപുരത്തുള്ള യുഎഇ കോൺസുലേറ്റിന്റെ പരിധിയിൽ ഹൈദരാബാദും ബെംഗളൂരും ഉൾപ്പെടും. കോൺസുലേറ്റ് നിർമ്മാണത്തിന്റെ പേരിലായിരുന്നു ഹൈദരാബാദിൽ ആദ്യം പാഴ്‌സലുകളെത്തിച്ചത്. ഇവിടെ കോൺസുലേറ്റിലേക്കുള്ള ഫർണ്ണിച്ചർ കരാർ 40 കോടിയോളം രൂപയ്ക്കാണ് സ്വപ്‌ന നേടിയത്. ഇത്തരത്തിൽ കോൺസുലേറ്റിന്റെ സഹായവും കിട്ടി. ഇങ്ങനെ ഹൈദരാബാദിലും സ്വപ്‌ന തന്റെ വേരുകൾ ഉറപ്പിച്ചു. ബംഗളൂരുവിലും സ്വന്തം നെറ്റ് വർക്കുണ്ടാക്കി. ഇവിടേക്കും നയതന്ത്ര ബാഗിന്റെ മറവിൽ സ്വപ്നയും സംഘവും സ്വർണ്ണവും മറ്റും എത്തിച്ചു. അവിടെ നിന്ന് വെറെയും പാഴ്‌സലുകളെത്തിച്ചു കേരളത്തിലേക്കു കൊണ്ടുവന്നു.

ബെംഗളൂരുവിൽ 2018 മുതൽ സ്വപ്ന രാഷ്ട്രീയ സ്വാധീനവും ഉറപ്പിച്ചിരുന്നുവെന്നാണു കണ്ടെത്തൽ. ബെംഗളൂരുവിൽ നിന്നു റോഡ് മാർഗം എത്തിച്ച പാഴ്‌സൽ തിരുവനന്തപുരത്തും മലപ്പുറത്തും ചില കേന്ദ്രങ്ങളിലേക്കു കൊണ്ടുവന്നു. സി ആപറ്റിലെ വാഹനം ബംഗളൂരുവിലേക്ക് പോയെന്ന ആക്ഷേപവും എൻഐഎ ഗൗരവത്തോടെ എടുക്കുന്നുണ്ട്. ബംഗളൂരുവിൽ നിന്ന് സാധനങ്ങൾ കേരളത്തിൽ എത്തിക്കാനായിരുന്നോ ഈ വാഹനങ്ങളുടെ യാത്രയെന്നാണ് ഇപ്പോഴുയരുന്ന സംശയം. ഇതെല്ലാം വിശദമായി തന്നെ എൻഐഎ പരിശോധിക്കുന്നുണ്ട്. ലൈഫ് മിഷനിലെ അഴിമതിയിലും ഇടപെടൽ തുടരുകയാണ്.

കോഴിക്കോട്ടു നിന്ന് അറസ്റ്റിലായ ചില പ്രതികളുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ സ്വർണക്കടത്തു നടന്ന ചില ദിവസങ്ങളിലേതു മാത്രം നശിപ്പിച്ചിരുന്നു. ഇതും എൻഐഎ സംഘം പരിശോധിച്ചു. നശിപ്പിച്ച ഈ ദൃശ്യങ്ങൾ തിരിച്ചെടുത്തതും നിർണ്ണായകമായി. അതിനിടെ തിരുവനന്തപുരം നഗരത്തിൽ ചില സംഘങ്ങളിൽ നിന്നു സ്വപ്ന ഡോളർ വാങ്ങിയിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആദ്യം ചോദ്യം ചെയ്തു വിട്ടയച്ചുവെങ്കിലും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണു എൻഐഎ എന്നാണ് സൂചന. യുഎഇയിൽ നിന്ന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്.

ഇതിനിടെയാണ് തിരുവനന്തപുരത്ത് പൂവാർ കോഓപ്പറേറ്റീവ് ബാങ്കിൽ സ്വപ്ന നിക്ഷേപിച്ചിരുന്ന 24.5 ലക്ഷം രൂപ മരവിപ്പിക്കാൻ എൻഐഎയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നിർദ്ദേശം നൽകിയത്. പ്രതി പി.എസ്. സരിത്തിന് ഇവിടെ 1.96 ലക്ഷം രൂപ നിക്ഷേപമുണ്ട്. സരിത് ഇതിൽ നിന്ന് 1 ലക്ഷം വായ്പയുമെടുത്തിട്ടുണ്ട്. സ്വപ്ന 2019 ഫെബ്രുവരിയിലാണ് ഇവിടെ അക്കൗണ്ടെടുത്തത്. അന്നുമുതൽ പലപ്പോഴായി പണം നിക്ഷേപിച്ചു. 2020 ഫെബ്രുവരിയിലാണ് ഒടുവിൽ 7.5 ലക്ഷം രൂപ ഒരുമിച്ചു നിക്ഷേപിച്ചത്. അതിനിടെ സ്വപ്ന സുരേഷ് 75 ലക്ഷത്തോളം രൂപ ഡോളറായി മാറ്റിവാങ്ങിയത് ബാങ്കിലെ ചില ജീവനക്കാരുടെ ഒത്താശയോടെയെന്ന് അന്വേഷകർ സംശയിക്കുന്നു.

സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്കായി റെഡ് ക്രെസന്റ് കൈമാറിയ തുകയിൽ ഒരു ഭാഗമാണ് ഡോളറാക്കി വാങ്ങിയതെന്നാണ് വിവരം. ഇങ്ങനെ സംഭവിച്ചുവെങ്കിൽ അതു ബാങ്കിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെയല്ലെന്ന് യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന സ്വകാര്യ ബാങ്കിന്റെ വക്താവ് വ്യക്തമാക്കി. ബാങ്കിന്റെ ഫോറിൻ എക്‌സ്‌ചേഞ്ച് സംവിധാനങ്ങളൊന്നും ഇതിനായി ഉപയോഗിച്ചിട്ടില്ലെന്ന് അവരുടെ ആഭ്യന്തര പരിശോധനയിൽ വ്യക്തമായി. ജീവനക്കാർ വഴി രൂപയായി നൽകിയ പണം ഡോളറാക്കി മാറ്റിയത് പല ഫോറിൻ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ വഴിയാണോയെന്നു സംശയമുണ്ട്.

ബാങ്ക് നിയമവിരുദ്ധമായി ഒരു ഇടപാടുകളും നടത്തിയിട്ടില്ലെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും വക്താവ് അറിയിച്ചു. കോൺസുലേറ്റിന്റെ അക്കൗണ്ട് ബാങ്കിൽ നിന്ന് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇത്രയും വലിയ തുക ജീവനക്കാരനെക്കൊണ്ട് ഡോളറാക്കി മാറ്റിയെടുത്തതെന്നാണ് ആരോപണം. വലിയ തുക സ്വന്തം നിലയിൽ മാറ്റുന്നതിലെ അപകടം മണത്താണ് ബാങ്ക് ജീവനക്കാരൻ വഴി സ്വപ്ന പണം മാറ്റിയെടുക്കാൻ ശ്രമിച്ചതെന്നും സൂചനയുണ്ട്. സ്വപ്നയെ സഹായിക്കാൻ വലിയൊരു സംഘമുണ്ടായിരുന്നു. ഇവരെ എല്ലാം കുടുക്കാനാണ് എൻഐഎയുടെ നീക്കം. ഇതിന് വേണ്ടിയുള്ള തെളിവ് ശേഖരണമാണ് ഇപ്പോൾ നടക്കുന്നത്.

ലൈഫ് മിഷനിൽ സ്വപ്‌നയ്ക്ക് ഒരു കോടി കമ്മീഷൻ കിട്ടിയതായി ഏതാണ്ട് സ്ഥിരീകരണമായിട്ടുണ്ട്. ലൈഫ് മിഷനെ കുറിച്ച് സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലാണ് അന്വേഷണത്തിന് പല തലങ്ങൾ നൽകിയത്. വലിയൊരു സാമ്പത്തിക കുറ്റവാളിയായിരുന്നു സ്വപ്‌നയെന്നാണ് കേന്ദ്ര ഏജൻസികൾ ഈ ഘട്ടത്തിൽ പറയുന്നത്.