തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പ്രത്യക്ഷത്തിൽ ബന്ധമൊന്നും ഇതിന് കാണാൻ സാധിക്കില്ല. എന്നാൽ, ഭാവിയിൽ അമേരിക്കയിലേതിന് സമാനമായ പ്രശ്‌നങ്ങൾ കേരളത്തിലും കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും തപാൽ വോട്ടുകൾ ഏർപ്പെടുത്തിയത് ഭാവിയിൽ വിവാദങ്ങൾക്ക് ഇടയാക്കുമോ എന്ന ആശങ്കക്കാണ് കാരണം.

കോവിഡ് രോഗികൾക്ക് തപാൽ വോട്ട് ചെയ്യണമെങ്കിൽ മൂന്ന് ദിവസം മുമ്പ് അപേക്ഷ നൽകണം എന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. ഇത് ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തലേദിവസം രോഗം ബാധിച്ചവർ എങ്ങനെ വോട്ടു ചെയ്യും എന്ന കാര്യത്തിൽ അടക്കം ആശങ്കകൾ നിലനിൽക്കുന്നു. പിപിഇ കിറ്റുകൾ ധരിച്ചു വോട്ടു ചെയ്യാക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കുന്നുണ്ടെങ്കിലും അത് എത്രകണ്ട് വിജയിക്കും എന്ന കാര്യം വ്യക്തമല്ല. പോസ്റ്റൽ വോട്ടുകൾ തർക്കങ്ങൾക്ക് ഇടയാക്കിയേക്കുമെന്ന ആശങ്കയും ഉണ്ട്.

രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലും വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കുന്ന കാര്യത്തിൽ അടക്കം പ്രതിസന്ധികൾ നിലനിൽക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുമുണ്ട്. ഇതൊക്കെ എത്രകണ്ട് പാലിക്കപ്പെടുമെന്ന കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. വീടുകൾ കയറി വോട്ടു ചോദിക്കുന്ന ശൈലി അത്രകണ്ട് ഫലപ്രദമായേക്കില്ല. കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ വീടുകളിലേക്ക് വരുന്നതിന് പോലും നോ എൻട്രി ഏർപ്പെടുത്തിയവരുണ്ട്. അത്തരക്കാർക്കിടയിലേക്ക് വോട്ടു ചോദിച്ച് എത്തിയാൽ അതുണ്ടാക്കുക വിപരീത ഫലമായിരിക്കും.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ടി വരുന്നതിനാൽ ചെലവിന് കൂടുതൽ തുക അംഗീകരിച്ചിട്ടുണ്ട്.എന്നാലും രണ്ടുകാര്യങ്ങളിൽ കോവിഡ് വെല്ലുവിളി ഉയർത്തും. ഒന്ന് വോട്ടെടുപ്പിന് തൊട്ടുമുമ്പ് വോട്ടർക്ക് കോവിഡ് ബാധിച്ചാൽ. രണ്ട് പത്രിക നൽകിയശേഷം സ്ഥാനാർത്ഥിക്ക് കോവിഡ് ബാധിച്ചാൽ. തയ്യാറെടുപ്പുകൾ കമ്മിഷനും വെല്ലുവിളിയാണ്. നേട്ടു വോട്ടു ചോദിക്കൽ അടക്കം പ്രതിസന്ധിയിലാകുന്ന ഘട്ടത്തിൽ ഡിജിറ്റൽ പ്രചരണ രീതികളിലും മുന്നിലെത്തേണ്ടത് അനിവാര്യമാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും വിഷയങ്ങളും അടക്കം ചർച്ച ആകുമെങ്കിലും പൊതുചർച്ചയിലേക്ക് എത്തുക അതത് പ്രദേശത്തെ വികസന കാര്യങ്ങളാകും.

പി.പി.ഇ.കിറ്റ് ധരിച്ച് വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന നിർദ്ദേശമുണ്ട്. പി.പി.ഇ.കിറ്റും ധരിച്ച് ആരെങ്കിലും വോട്ട് ചെയ്യാനെത്തിയാൽ പോളിങ് ഉദ്യോഗസ്ഥരും മറ്റ് വോട്ടർമാരും ഭയക്കും. ബൂത്തിൽ എത്തിയവർപോലും മടങ്ങിപ്പോയേക്കാം. പത്രിക നൽകിയശേഷം സ്ഥാനാർത്ഥിക്ക് കോവിഡ് ബാധിച്ചാൽ രണ്ടാഴ്ച ചികിത്സയ്ക്ക് വേണം.പിന്നീട് ഒരാഴ്ച ക്വാറന്റൈയിനുംകഴിഞ്ഞ് സ്ഥാനാർത്ഥിയെത്തുമ്പോൾ വോട്ടെടുപ്പ് കഴിഞ്ഞിട്ടുണ്ടാകും.നവംബർ 19 മുതൽ ഡിസംബർ 6 വരെ മൂന്നാഴ്ചയാണ് പ്രചാരണത്തിന് കിട്ടുക. സ്ഥാനാർത്ഥി ഇല്ലാതെ പ്രചാരണം നടത്തേണ്ട സ്ഥിതിയുണ്ടാകും. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ വ്യവസ്ഥയില്ല

.കള്ളവോട്ടിനുള്ളസാദ്ധ്യതയും കൂടുതലാണ്. മാസ്‌ക്, ഷീൽഡ് എന്നിവ ധരിച്ചെത്തുന്ന വോട്ടർമാരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വ്യക്തമല്ല.തിരഞ്ഞെടുപ്പ് ജോലിക്കെത്തുന്ന രണ്ടുലക്ഷത്തോളം ഉദ്യോഗസ്ഥർക്കും അരലക്ഷത്തിലേറെ വരുന്ന പൊലീസുകാർക്കും സാനിറ്റൈസറും മാസ്‌ക്കും ഫെയ്‌സ് ഷീൽഡും, കൈയുറയും നൽകണം. ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചാലുണ്ടാകുന്ന സാഹചര്യവും ആശങ്കയുണ്ടാക്കുന്നതാണ്. വോട്ടിങ് മെഷീനും മറ്റ് സാമഗ്രികളും അണുവിമുക്തമാക്കാനും നല്ല ചെലവ് വരും. സാമൂഹ്യ അകലം പാലിച്ച് വോട്ടെടുപ്പ് സാമഗ്രികളും ജീവനക്കാരെയും എത്തിക്കാനും ചെലവ് കൂടും.

സീറ്റ് വിഭജനം പൂർത്തിയാക്കി എൽഡിഎഫ്, യുഡിഎഫ് ചർച്ചകളിലേക്ക്

പതിവുപോലെ തന്നെ ഇക്കുറിയും ഇടതു മുന്നണി സീറ്റു വിഭജന ചർച്ചകളൊക്കെ പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലകളിൽ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും ഏറെക്കുറെ പൂർത്തിയായി. മറ്റു കാര്യങ്ങൾ പ്രാദേശിക തലത്തിൽ നടന്നുപോകുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു മാസങ്ങൾക്ക് മുമ്പ് തന്നെ മുന്നൊരുക്കങ്ങൾ സിപിഎം അടക്കമുള്ളവർ നടത്തിയിരുന്നു. മറ്റു കാര്യങ്ങൾ വിലയിരുത്താൻ വേണ്ടി എൽഡിഎഫ് നേതൃയോഗങ്ങൾ ചേരാനിരിക്കയാണ്.

കഴിഞ്ഞ തവണ 6 ഘടക കക്ഷികളുണ്ടായിരുന്ന മുന്നണി 11 പാർട്ടികളുടേതായതോടെ ചിലയിടത്തു സീറ്റ് വിഭജനം പ്രശ്‌നമായിട്ടുണ്ട്. എന്നാൽ, കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ അടക്കം പിണക്കാതെ മുന്നോട്ടു പോകുക എന്ന ശൈലിയിലാണ് സിപിഎം സ്വീകരിക്ുകന്നത്. സിപിഎം കേരള കോൺഗ്രസ് (എം) രാഷ്ട്രീയ പരീക്ഷണത്തിന്റെ ഉരകല്ലായിരിക്കും ഈ തിരഞ്ഞെടുപ്പ്. 2015 ലെ മുന്നേറ്റം നിലനിർത്തുക വലിയ വെല്ലുവിളിയാണ് ഇടതു മുന്നണിക്ക് മുന്നിലുള്ളത്. ഭരണകക്ഷി എന്ന നിലയിൽ മികച്ച വിജയം എൽഡിഎഫിന് അനിവാര്യമാണ്.

മറുവശത്ത് യുഡിഎഫ് പതിവുപോലെ മെല്ലേപ്പോക്കിലാണ്. സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളിലേക്ക് മുന്നണി കടന്നിട്ടേയുള്ളൂ. 12 നുശേഷം യുഡിഎഫ് നേതൃയോഗം ചേര്ഡ#ന്ന ശേഷമാകും സീറ്റു വിഭജനത്തിലേക്ക കടക്കുക. കേരളാ കോൺഗ്രസ് മുന്നണി വിട്ടതോടെ ഒഴിവു വന്ന ഇടങ്ങളിലെ സീറ്റുകൾ വിഭജിച്ചു എടുക്കാനാണ് കോൺഗ്രസിന്റെയും ലീഗിന്റെയും തീരുമാനം. അനുകൂല രാഷ്ട്രീയ സാഹചര്യം മുതലാക്കി ജില്ലാ പഞ്ചായത്തുകളും കോർപറേഷനുകളും കൂട്ടത്തോടെ പിടിക്കുക എന്നാണ് യുഡിഎഫ് ലക്ഷ്യം.

ബിജെപിയും ഒരുങ്ങി ഇറങ്ങുന്നു

ബിജെപി ഉൾപ്പെടുന്ന എൻഡിഎ മുന്നണിയും ഇക്കുറി ഒരുങ്ങി ഇറങ്ങുകയാണ്. ഏറിയ സീറ്റുകളും ബിജെപിയും പ്രധാന സഖ്യകക്ഷി ബിഡിജെഎസും പങ്കിടുന്നു. 6000 വാർഡുകൾ പ്രത്യേകമായി തിരഞ്ഞെടുത്തു ശ്രദ്ധ കേന്ദ്രീകരിക്കാനാണു ബിജെപി തീരുമാനം. മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തും. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളൊന്നും തെരഞ്ഞെടുപ്പിൽ പ്രശ്‌നമാകില്ലെന്നാണ് കണക്കു കൂട്ടൽ.

തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം പിടിക്കുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. പാലക്കാട് മുൻസിപ്പാലിറ്റി പോലുള്ള ശക്തികേന്ദ്രങ്ങളിലും ബിജെപി വിജയം പ്രതീക്ഷിക്കുന്നു. ബിഡിജെഎസിന് ശക്തിയുള്ള പാർട്ടിയായി നിലനിൽക്കാൻ മികച്ച വിജയം അനിവാര്യമാണ്.