കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎ‍ൽഎ എം.സി കമറുദ്ദീനെ അറസ്റ്റു ചെയ്യും. എംഎൽഎക്കെതിരായ തട്ടിപ്പു കേസിന്റെ തെളിവു ലഭിച്ചുവെന്ന് പ്രത്യേക അന്വേഷണസംഗം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. 15 കോടിയുടെ തട്ടിപ്പിനാണ് എംഎൽഎക്കെതിരെ തെളിവു കിട്ടിയത്. ഈ സാഹചര്യത്തിലാണ് കമറുദ്ദീനെ അറസ്റ്റു ചെയ്യാൻ ഒരുങ്ങുന്നത. 109 വഞ്ചനാ കേസുകളാണ് എംഎൽഎക്കെതിരെ ഉള്ളത്.

പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ ഇന്ന് രാവിലെ മുതൽ ചോദ്യം ചെയ്യുകയാണ്. എ.എസ്‌പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. 800 ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഒട്ടേറെ കേസുകൾ കമറുദ്ദീനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്.

അന്വേഷകസംഘം ഇതിനകം 80 പേരിൽനിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിൻഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് എം.എൽ,എയേയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം എത്തിയത്. നിക്ഷേപകർക്ക് പണം പറഞ്ഞ സമയത്തിനകം തിരിച്ചുനൽകാൻ എംഎ‍ൽഎയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് പ്രശ്‌ന പരിഹാരത്തിനായി ലീഗ് നേതൃത്വം നിയോഗിച്ച കല്ലട്ര മായിൻഹാജി നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് പ്രശ്‌നം എംഎ‍ൽഎ തന്നെ നേരിടണമെന്ന് ലീഗ് നേതൃത്വം നിലപാടെടുക്കുകയും ചെയ്തിരുന്നു.

എംഎൽഎയെ അറസ്റ്റു ചെയ്യുന്ന സാഹചര്യം ഉണ്ടായതോടെ കമറുദ്ദീനോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ ലീഗ് ആവശ്യപ്പെട്ടേക്കുമെന്നു സൂചനയുണ്ട്. കമറുദ്ദീനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അത് പുലിവാലാകും എന്നു കണ്ടാണ് ലീഗ് ഇത്തരമൊരു നടപടിയിലേക്ക് കടക്കാൻ ഒരുങ്ങുന്നത്. സംസ്ഥാന സർക്കാറിനും കമറുദ്ദീന്റെ കേസ് പിടിവള്ളിയാണ്. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളിൽ കുടുങ്ങിയ സർക്കാറിനെ സംബന്ധിച്ചിടത്തോളം കമറുദ്ദീന്റെ അറസ്റ്റ് പ്രതിരോധത്തിനുള്ള പിടിവള്ളിയാണ്.

ഒരു പൊതുപ്രവർത്തകന് വേണ്ട ജാഗ്രത ഇടപാടിൽ കമറുദ്ദീൻ പുലർത്തിയിരുന്നില്ല എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കമറുദ്ദീനെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്ധ്യസ്ഥനായിരുന്ന കല്ലട മാഹീൻഹാജിയെയും ജൂവലറി എം.ഡി പൂക്കോയ തങ്ങളെയും അന്വേഷണ സംഘം മുൻപ് ചോദ്യം ചെയ്തിരുന്നു. മാഹീൻ ഹാജിയെ മൂന്ന് മണിക്കൂറും പൂക്കോയ തങ്ങളെ ഒൻപത് മണിക്കൂറോളവുമാണ് ചോദ്യം ചെയ്തത്. ഇവർ നൽകിയ മൊഴിയിലെ വൈരുദ്ധ്യം അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് വിവരം.

അതേസമയം ഫാഷൻഗോൾഡ് ജുവല്ലറി തട്ടിപ്പ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുമെന്ന് കണ്ട് പാണക്കാട് അടിയന്തിര യോഗം ചേരുന്നുണ്ട്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ ഇനിയും ഖമറുദ്ദീനെ സംരക്ഷിച്ച് പാർട്ടി പ്രതിരോധത്തിലാകേണ്ടതില്ല എന്നാണ് മുസ്ലിം ലീഗ് പ്രവർത്തക സമിതിയിലും യുഡിഎഫ് ജില്ല യോഗത്തിലും ഉയർന്നിട്ടുള്ള അഭിപ്രായം.