കൊച്ചി: ഇടതുതരംഗം ആഞ്ഞു വീശിയ ഇത്തവണത്തെ തിരിഞ്ഞെടുപ്പിലും സിപിഎമ്മിന് കനത്ത തിരിച്ചടിയായത് തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ തോൽവി ആയിരുന്നു. ഇടതു സർക്കാറിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്ന സ്വരാജിന്റെ തോൽവി ശരിക്കും സിപിഎം അണികളെ ഞെട്ടിച്ചു. കെ ബാബു ശബരിമല വിഷയം അടക്കം ഉയർത്തിക്കാട്ടി അതിശക്തമായ പ്രചരണം നടത്തിയതോടെയാണ് സ്വാരാജ് വീണത്. എന്നാൽ, സിപിഎം വിജയിക്കില്ലെന്ന കരുതിയ ചിലയിടങ്ങളിൽ പോലും വിജയിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ സ്വരാജ് തോൽക്കാൻ കാരണം പാർട്ടിക്കുള്ളിലെ തന്നെ ചരടുവലികളാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. കാലുവാരൽ നടന്നിട്ടുണ്ടെന്ന സൂചനവയാണ് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനും വ്യക്തമാക്കുന്നത്.

തൃപ്പൂണിത്തുറയ്ക്ക് പുറമേ തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിിയിട്ടുണ്ട്. കെ.ബാബുവിനോട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് 992 വോട്ടുകൾക്കാണ് തൃപ്പൂണിത്തുറയിൽ പരാജയപ്പെട്ടത്. കൂടാതെ തൃക്കാക്കര, പിറവം, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലെ തോൽവി പഠിക്കാനും അന്വേഷണ കമ്മീഷനെ സിപിഎം നിയോഗിച്ചിരുന്നു.

സിപിഎമ്മിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകൾക്ക് അപ്പുറത്ത് നിന്ന് സ്വരാജിന് വോട്ടുകൾ ലഭിച്ചു. എന്നാൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ ഇത്തവണ ലഭിച്ചില്ല. ഇതാണ് തോൽവിയുടെ പ്രധാന കാരണമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഏരൂർ, തെക്കുംഭാഗം, ഉദയംപേരൂർ പഞ്ചായത്തുകളിൽ പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായി. മണ്ഡലത്തിലെ ചിലർക്ക് സ്ഥാനാർത്ഥി മോഹമുണ്ടായിരുന്നു. ഇത് വോട്ട് ചോർച്ചയ്ക്ക് കാരണമായി.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജെ.ജേക്കബ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷൻ. അടുത്ത മാസം പകുതിയോടെ അന്വേഷണ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും കൈമാറുമെന്നാണ് സൂചന. പാർട്ടി ഭാരവാഹികളിൽ നിന്നും സ്ഥാനാർത്ഥിയിൽ നിന്നും കമ്മീഷൻ തെളിവെടുപ്പ് നടത്തിയിരുന്നു.

തൃപ്പൂണിത്തുറയിലെ തോൽവി സിപിഎമ്മിന് ഏറെ ആഘാതമുണ്ടാക്കിയിരുന്നു. സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ മത്സരം നടന്നിരുന്നു മണ്ഡലങ്ങളിലൊന്നായിരുന്നു ഇത്. ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് മറിഞ്ഞുവെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ പ്രതികരണം. ഇത് യാഥാർഥ്യമാണെന്നതിൽ സംശയമില്ലെന്നും എന്നാൽ പാർട്ടി വോട്ട് ചോർച്ച തോൽവിയുടെ പ്രധാന കാരണമായെന്നുമാണ് കമ്മീഷൻ കണ്ടെത്തൽ. തോൽവിയിൽ ഏതെങ്കിലും അംഗങ്ങൾക്കെതിരെ നടപടി വേണ്ടതുണ്ടോ എന്നതടക്കം റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് സൂചന.

തൃക്കാക്കരയിൽ മണ്ഡലം കമ്മിറ്റിയുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ കണ്ടെത്തൽ. ഇവിടുത്തെ തെളിവെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ രണ്ട് ദിവസം കൂടി തെളിവെടുപ്പ് നടത്തിയ ശേഷമായിരിക്കും റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്ക് കടക്കുക. തോൽവിക്ക് ഇടയാക്കിയവർക്കെതിരെ നടപടി കൈക്കൊള്ളുമെന്നും സൂചനകളുണ്്.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടുതേടിയെന്ന് ആരോപിച്ചു എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ം.സ്വരാജിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് കെ ബാബുവും വ്യക്തമാക്കി. മണ്ഡലത്തിൽ ഒരിടത്തും യുഡിഎഫ് അയ്യപ്പന്റെ പേരിലുള്ള സ്ലിപ്പുകൾ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ബാബു വ്യക്തമാക്കുകയുണ്ടാായി. സ്ലിപ്പുകൾ താൻ നൽകിയതാണെന്ന് വരുത്തി തീർക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. സ്ലിപ്പ് കിട്ടിയെന്ന് പറയുന്ന ഒരാൾ തൃപ്പൂണിത്തുറയിലെ ഡിവൈഎഫ്ഐ അംഗമാണെന്നും അദ്ദേഹം ആരോപിച്ചു. സ്വാമി അയ്യപ്പന്റെ പേര് യുഡിഎഫ് എവിടെയും ഉപയോഗിച്ചിട്ടില്ല. കേസ് കോടതിയിൽ വരുമ്പോൾ നോക്കാം. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിച്ചാൽ അഭിഭാഷകരുമായി ചർച്ച ചെയ്ത് നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ബാബു വ്യക്തമാക്കിയിരുന്നു.