ചെന്നൈ: മലയാളി ഗവേഷക വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐഐടി. ഗവേഷക വിദ്യാർത്ഥിയായ ഉണ്ണികൃഷ്ണൻ നായർ തീകൊളുത്തി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അതുകൊണ്ട് തന്നെ സമാന്തര അന്വേഷണം ആവശ്യമില്ലെന്നും ഐഐടി വിശദീകരിച്ചു. പൊലീസ് അന്വേഷണഴുമായി സഹകരിക്കുമെന്നും ഐഐടി വിശദീകരിച്ചു.

മദ്രാസ് ഐഐടി ക്യാംപസിലെ ഹോക്കി മൈതാനത്തോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് മലയാളി ഗവേഷക വിദ്യാത്ഥിയായ ഉണ്ണികൃഷ്ണൻ നായരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വഭാവിക മരണത്തിന് കേസെടുത്താണ് കോട്ടൂർപുരം പൊലീസിന്റെ അന്വേഷണം. എറണാകുളം പടമുകൾ സ്വദേശിയും ഐഎസ്ആർഒ ശാസ്ത്രജ്ഞനുമായ ആർ രഘുവിന്റെ മകനാണ് ഉണ്ണികൃഷ്ണൻ നായർ.

രാവിലെ ക്യാമ്പസിലേക്ക് പോയ ഉണ്ണികൃഷ്ണനെ പിന്നെ കണ്ടില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ബൈക്കിൽ നിന്ന് പെട്രോൾ ശേഖരിച്ചെത്തി ഒഴിഞ്ഞ് സ്ഥലത്ത് വച്ച് ആത്മാഹുതി ചെയ്തതാകാം എന്നാണ് പൊലീസ് നിഗമനം. വേളാച്ചേരിയിലെ മുറിയിൽ നടത്തിയ പരിശോധനയിൽ പതിനൊന്ന് പേജുള്ള ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. പ്രൊജക്ടുമായി ബന്ധപ്പെട്ടുള്ള മാനസികസമ്മർദ്ദമാണ് കാരണമെന്നും ആരും ഉത്തരവാദിയല്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് പൊലീസ് അറിയിച്ചു.