മുംബൈ: രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുക്കളോ, മിത്രങ്ങളോ ഇല്ലെന്ന് പറയാറുണ്ട്. ഇന്നലെ വരെ പുലികളെ പോലെ പരസ്പരം ചീറിയടുത്തിരുന്നവർ, ഇന്ന് കുഞ്ഞാടുകളായി തോളിൽ കൈയിട്ട് നടക്കുന്നത് കാണാം. മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും പരസ്പരം കലഹിക്കുമെങ്കിലും എക്കാലത്തും കണ്ടാൽ മിണ്ടാത്തവരല്ല. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇതിനെ വിശേഷിപ്പിച്ചത് അമീർ ഖാനെയും കിരണ റാവുവിനെയും പോലെയാണ് തങ്ങളെന്നാണ്. അമീർ ഖാനും സംവിധായിക കിരൺ റാവുവും വിവാഹമോചനം പ്രഖ്യാപിച്ച ശേഷവും നല്ല സുഹൃത്തുക്കളായി തുടരുമെന്നും മകന്റെ രക്ഷാകർതൃത്വം ഇരുവരും ചേർന്ന് നോക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽഹിറ്റാവുകയും ചെയ്തു. ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധം ഇന്ത്യയും പാക്കിസ്ഥാനും പോലെയല്ലെന്നും മറിച്ച് കഴിഞ്ഞ ദിവസം വിവാഹമോചിതരായ അമീർ ഖാനേയും കിരൺ റാവുവിനേയും പോലെയാണെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.

തങ്ങളുടെ രാഷ്ട്രീയവഴികൾ വ്യത്യസ്തമായിരിക്കും. പക്ഷെ ഞങ്ങളുടെ സൗഹൃദത്തിന് സാരമായ കേടുപാടുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും ശിവസേനയും ശത്രുക്കളല്ലെന്ന ബിജെപി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശത്തിന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം. ഇതോടെ, എൻസിപി അടക്കമുള്ള കക്ഷികളുമായി ചേർന്ന് രൂപീകരിച്ച മഹാ വികാസ് അഘാഡി പൊളിയുമെന്ന സൂചനയാണ് വരുന്നത്.

ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന് ഫഡ്നാവിസ് പ്രതികരിച്ചിരുന്നു. സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്. 'ഞങ്ങൾ ഒരിക്കലും ശത്രുക്കളല്ല. അവർ ഞങ്ങളുടെ ചങ്ങാതികളായിരുന്നു. ഒന്നിച്ച് ഒരു സർക്കാർ രൂപീകരിച്ച ശേഷം അവർ ഞങ്ങളെ വിട്ടുപോയി.' ഫഡ്‌നാവിസ് പറഞ്ഞു. സേനയുമായുള്ള ചർച്ചകൾ സംബന്ധിച്ചും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചും ചോദിച്ചപ്പോഴായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം. രാഷ്ട്രീയത്തിൽ അങ്ങനെയെങ്കിൽ എന്നോ അല്ലായിരുന്നെങ്കിൽ എന്നോ ഇല്ല. അതാത് സാഹചര്യങ്ങൾക്കനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുകയെന്നും ഫ്ഡ്‌നാവിസ് കൂട്ടിച്ചേർത്തു.

മന്ത്രിസഭാ വികസനം വൈകിച്ച് പ്രധാനമന്ത്രി

ശിവസേനയും, ബിജെപിയും തമ്മിൽ തുടർന്ന് വരുന്ന ചർച്ചകൾ മഹാരാഷ്ട്രയിൽ വീണ്ടും ചേരിമാറ്റത്തിന് വഴിവയ്ക്കുമെന്നാണ് സൂചന. ചർച്ചകളുടെ ഫലത്തിന് കാത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭാ വികസനം വൈകിക്കുന്നതെന്നും ഡൽഹിയിൽ സംസാരമുണ്ട്. ഉദ്ധവ് താക്കറെയുടെ മുഖ്യഎതിരാളിയായ ദേവേന്ദ്ര ഫഡ്‌നാവിസിനെ കേന്ദ്രമന്ത്രിയായി നിയോഗിക്കുകയും, ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തുടരുകയുമാണ് പുതിയ ചർച്ചകളിലെ ഫോർമുലയെന്ന് റിപ്പോർട്ടുകളുണ്ട്. ബിജെപിയിൽ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തും. എന്നാൽ, ബിജെപി വൃത്തങ്ങൾ ഇത് നിഷേധിക്കുകയാണ്. കേന്ദ്രമന്ത്രിസഭാ വികസനത്തിന് മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളുമായി ബന്ധമില്ലെന്നാണ് അവരുടെ പക്ഷം.

ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി മടക്കിക്കൊണ്ടുവരാത്ത ഒരുഫോർമുലയും അംഗീകരിക്കില്ലെന്നാണ് ബിജെപി കേന്ദ്രങ്ങൾ പറയുന്നത്. 2019 ലെ തിരഞ്ഞെടുപ്പിൽ ശിവസേനയേക്കാൾ ഇരട്ടി സീറ്റുകളാണ് ബിജെപി നേടിയതെന്നും അതുകൊണ്ട് ഇത്തരത്തിൽ ഒരു അനുരഞ്ജന സാധ്യത ഇല്ലെന്നുമാണ് വാദം. ഫഡ്‌നാവിസും താൻ ഡൽഹിയിലേക്ക് മാറുമെന്ന വാർത്ത നിഷേധിക്കുന്നു. താൻ മഹാരാഷ്ട്രയിൽ തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു.

എന്തായാലും ബിജെപിയിൽ പ്രധാനമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കുന്നതെന്ന് ഫഡ്‌നാവിസും സമ്മതിക്കുന്നു. അദ്ദേഹം തീരുമാനിക്കുന്നത് എല്ലാവരും അംഗീകരിക്കും. പാർട്ടി തനിക്ക് മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവിന്റെ റോളാണ് നൽകിയത്. അത് ഞാൻ നല്ല രീതിയിൽ ചെയ്യുന്നുണ്ട്. ഡൽഹിക്ക് പോകേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല. പാർട്ടി തീരുമാനിക്കും, കഴിഞ്ഞാഴ്ചത്തെ ഫഡ്‌നാവിസിന്റെ വാക്കുകൾ ആണിത്.

ബിജെപി പുറമേ ഇങ്ങനെ പറയുന്നെങ്കിലും, ശിവസേനയുമായി ചർച്ചകൾ രഹസ്യമായി തുടരുകയാണ്. രണ്ടുപാർട്ടികളും വീണ്ടും ഒന്നിച്ചാൽ, ശിവസേനയെ പിന്നീട് കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താവുന്നതാണ്. തങ്ങളുടേത് സ്വാഭാവിക സഖ്യമായിരുന്നെന്നും, ഇരുപാർട്ടികളും ഒന്നിക്കണമെന്ന് പാർട്ടി പ്രവർത്തർക്കിടയിൽ വികാരമുണ്ടെന്ന് ബിജെപി നേതാക്കൾ പറയുന്നു. എൻസിപിയുടെ അനിൽ ദേശ്മുഖിന്റെ പേരിൽ ഉദ്ധവ് താക്കറെ സർക്കാർ നേരിടുന്ന പ്രശ്‌നങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്ക് സുഗമമായി പ്രവർത്തിക്കാൻ കഴിയുന്നില്ല എന്നും ബിജെപി നേതാക്കൾ പറയുന്നു.

അധികാരം പങ്കിടുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിരിയും മുമ്പ് 25 വർഷം സഖ്യകക്ഷികളായിരുന്നു ബിജെപിയും ശിവസേനയും. ജൂൺ 8 ന് ഒരു യോഗത്തിന് ശേഷം മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിയും ഉദ്ധവ് താക്കറെയും ചർച്ച നടത്തിയതിനെ തുടർന്നാണ് ചർച്ചകൾക്ക് തുടക്കമായത്. അടുത്തിടെ സഞ്ജയ് റാവത്ത് ബിജെപി നേതാവ് ആഷിഷ് ഷേലറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ശിവസേനയുടെ സഖ്യകക്ഷിയായ എൻസിപി നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് ബിജെപി-സേന പുനരൈക്യം ഉയർന്നുവരുന്നത് എന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ സഖ്യത്തെ ദുർബലപ്പെടുത്താൻ ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നെന്ന് ശിവസേനയും എൻസിപിയും ആരോപിച്ചിരുന്നു.

മഹാ വികാസ് അഘാഡി സഖ്യം ഉലയുന്നു

ഉദ്ധവ് താക്കറെ നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മഹാ വികാസ് അഘാഡി സഖ്യത്തിലെ അസ്വാരസ്യങ്ങൾ രൂപപ്പെട്ടിരുന്നു. ചില കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനകളും തർക്കം പുറത്തുകൊണ്ടുവന്നു. ഈയൊരു ഘട്ടത്തിലാണ് ശിവസേന-ബജെപി ബന്ധം അമീർ ഖാൻ-കിരൺ റാവു ബന്ധം പോലെയെന്ന് സഞ്ജയ് റാവത്ത് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി രാജ്യത്തെ ഉന്നത നേതാവെന്നും ഉദ്ധവ് താക്കറെ-മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം റാവത്ത് വാഴ്‌ത്തുകയും ചെയ്തു. ശിവസേനയെ സംബന്ധിച്ച് ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ്, തങ്ങളുടെ ഏറ്റവും പഴയസഖ്യകക്ഷിയുമായി പിരിയാനുള്ള കാരണം. പ്രത്യശാസ്ത്രപരമായി എതിർപക്ഷത്ത് നിൽക്കുന്ന കോൺഗ്രസും, എൻസിപിയുമായി കൂട്ടുചേരാനും ഉള്ള തീരുമാനത്തിലേക്ക് ശിവസേന വന്നത് അങ്ങനെയാണ്.

ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രിയായി തുടരാമെന്ന ഉറപ്പ് ലഭിച്ചാൽ ശിവസേന മറ്റൊന്നും കാര്യമാക്കില്ലെന്ന് ചുരുക്കം. അതെ മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസിന്റെ പ്രഖ്യാപനവും രാഷ്ട്രീയ അന്തരീക്ഷം വഷളാക്കിയിരുന്നു. കോൺഗ്രസ് ഇനി മഹാരാഷ്ട്രയിൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പട്ടോളെ പ്രഖ്യാപിച്ചിരുന്നു. എൻസിപി-ശിവസേന-കോൺഗ്രസ് കൂട്ടുകെട്ടിൽ ഭരിക്കുന്ന മഹാ വികാസ് അഘാഡി  യിലുള്ള കോൺഗ്രസിന്റെ അസംതൃപ്തി പരസ്യമായി പ്രകടമാക്കുന്നതായിരുന്നു നാനാ പടോളെയുടെ പ്രസ്താവന.

ഇങ്ങനെയൊക്കെയാണ് കാര്യമെങ്കിലും, ഇത്രയും വെറുപ്പും വിദ്വേഷവും പരസ്പരം പരത്തിയ ശേഷം ബിജെപി നേതൃത്വത്തെ വിശ്വസിക്കാമോ എന്ന ചോദ്യവും ശിവസേനയുടെ ഉള്ളിലുണ്ട്. ശിവസേനയുടെ നിലവിലെ മുന്തിയ പരിഗണന, ബ്രഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കും താന തദ്ദേശ തിരഞ്ഞെടുപ്പിലുമാണ്. സഖ്യത്തിൽ ഏർപ്പെട്ടില്ലെങ്കിൽ, അടുത്തവർഷം താനെയിലും മുംബൈയിലുമായി നടക്കുന്ന 10 തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും പരസ്പരം മത്സരിക്കേണ്ടിയും വരും.