കോതമംഗലം: നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ വെടിവെച്ച കൊന്നത് അടുപ്പമുണ്ടായിരുന്ന വ്യക്തി തന്നെ. കണ്ണൂർ സ്വദേശികളായ മാനസയും രാഗിനും പരിചയക്കാരായിരുന്നു. യുവാവിന്റെ പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഉച്ച്ക്ക് മൂന്ന് മണിയോടെയാണ് രാഗിൻ മാനസയെ കാണാൻ എത്തിയത്. മാനസ കോളേജിനോട് ചേർന്ന ഹോസ്റ്റലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു ഈ സമയം.

രാഗിനെ കണ്ട മാനസ നീയെന്തിന് ഇവിടെ വന്നുവെന്ന് ചോദിച്ചപ്പോൾ രാഗിൻ ഈ പെൺകുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി. ഇവിടെ വച്ചാണ് വെടിവെച്ചത്. ആളുകൾ മുറി തുറന്ന് അകത്ത് കടന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. ഇവരെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്.

കണ്ണൂരിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇത് പൊലീസ് സ്‌റ്റേഷനിൽ വരെ എത്തുകയുമുണ്ടായി. മാനസയുടെ ഫോൺ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. പെട്ടെന്ന് പ്രകോപനം ഉണ്ടായതാണോയെന്ന് അറിയേണ്ടതുണ്ട്. രാഗിനെ മാനസ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്.

മാനസയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ രാഗിൻ ഇവിടെയെത്തിയതാണെന്നാണ് വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറൽ പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികൾ ഉടൻ രേഖപ്പെടുത്തും. കൊലയാളി ജീവനൊടുക്കിയതിനാൽ കൊലയ്ക്ക് പിന്നിലെ കാരണമാണ് ഇനി പൊലീസ് അന്വേഷിക്കുക.

മാനസയുടെ പക്കൽ രണ്ട് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു. ഇവ രണ്ടും കേന്ദ്രീകരിച്ചാണ് അന്വേഷണം. ക്ലോസ് റെയ്ഞ്ചിൽ നിന്നാണ് വെടിയുതിർത്തത്. മാനസയുടെ ചെവിക്ക് പുറകിലാണ് വെടിയേറ്റത്. ഇരുവരും കമിതാക്കളായിരുന്നുവെന്നും ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അറിയാൻ കഴിഞ്ഞതായി കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ ഷിബു കുര്യാക്കോസ് വ്യക്തമാക്കി.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സർജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയാണ് മാനസ. ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.