കുണ്ടറ: മൺറോത്തുരുത്തിൽ സിപിഎം പ്രവർത്തകനും ഹോംസ്റ്റേ ഉടമയുമായ മണിലാൽ കുത്തേറ്റു മരിച്ച സംഭവത്തിൽ രാഷ്ട്രീയം ആരോപിച്ച് സിപിഎം, എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്ന് പറയുകയാണ് ബിജെപി. അതിനിടെ മണിലാലിന്റെ മരണത്തിൽ പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. സിപിഎം നേതൃത്വത്തിൽ കുണ്ടറ മണ്ഡലത്തിലെ മൺറോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ ആചരിക്കുക. ഉച്ചക്ക് ഒരു മണി മുതൽ നാല് മണിവരെയാണ് ഹർത്താൽ.

വില്ലിമംഗലം നിധി പാലസ് വീട്ടിൽ മയൂഖം ഹോംസ്റ്റേ ഉടമ മണിലാൽ (ലാൽ-53) ആണ് മരിച്ചത്. കേസിലെ പ്രതിയായ ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച പട്ടംതുരുത്ത് തൂപ്പാശ്ശേരിൽ അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി എട്ടരയോടെ മൺറോത്തുരുത്ത് കനറാ ബാങ്കിനുസമീപമാണ് സംഭവം. മണിലാൽ സിപിഎമ്മുകാരനും അശോകൻ ബിജെപി പ്രവർത്തകനുമാണ്. ഇതാണ് രാഷ്ട്രീയ ആരോപണം ഉയരാനുള്ള കാരണം. ബിജെപി പ്രവർത്തകനായ അശോകൻ, സിപിഎം പ്രവർത്തകമായ മണിലാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രേണുകയാണ് മണിലാലിന്റെ ഭാര്യ. മകൾ: അരുണിമ (നിധി).

മൺറോതുരുത്തിൽ എൽഡിഎഫ് ബൂത്ത് ഓഫീസിനു സമീപമായിരുന്നു കൊലപാതകം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷം മൺറോതുരുത്ത് വില്ലേജ് ഓഫീസിനു സമീപം എൽഡിഎഫ് ബൂത്ത് ഓഫീസിൽനിന്ന് അൽപ്പം മാറി സുഹൃത്തുമായി സംസാരിച്ചു നിൽക്കവെയാണ് മണിലാലിനെ ആക്രമിച്ചത്. ഓട്ടോ ഡ്രൈവറായ സത്യനൊപ്പം എത്തിയ അശോകൻ അസഭ്യം പറഞ്ഞ ശേഷം മണിലാലിനെ കുത്തുകയായിരുന്നുവെന്ന് സിപിഎം ആരോപിക്കുന്നു. ആർഎസ്എസ് പ്രവർത്തകരായ നെന്മേനി തെക്ക് തുപ്പാശേരിൽ അശോകൻ (55), വില്ലിമംഗലം വെസ്റ്റ് പനിക്കന്തറ സത്യൻ(51) എന്നിവരെ കിഴക്കേകല്ലട പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം.

നിലത്തുവീണ മണിലാലിന്റെ നെഞ്ചിൽ രണ്ടുതവണ കൂടി കുത്തി. രക്തത്തിൽ കുളിച്ചുകിടന്ന മണിലാലിനെ ഓടിയെത്തിയ എൽഡിഎഫ് പ്രവർത്തകർ ഉടൻ സമീപത്തെ കാഞ്ഞിരകോട് താലൂക്കാശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. തുടർന്ന് പാലത്തറ എൻ എസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചവെന്നാണ് സിപിഎം പറയുന്നത്. മണിലാലിന്റെ മൃതദേഹം എൻ എസ് ആശുപത്രി മോർച്ചറിയിലാണുള്ളത്. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, കെ സോമപ്രസാദ് എംപി, എൻ നൗഷാദ് എംഎൽഎ എന്നിവർ എൻ എസ് ആശുപത്രിയിലെത്തി.

എന്നാൽ രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടയിലുണ്ടായ കൊലപാതകമാണെന്നുമാണ് ബിജെപിയുടെ വിശദീകരണം.

പൊലീസ് വിശദീകരണം ഇങ്ങനെ

അശോകനും മണിലാലും നാട്ടുകാരും പരിചയക്കാരുമാണ്. തിരഞ്ഞെടുപ്പ് ശബ്ദപ്രചാരണം സമാപിച്ചശേഷം കനറാബാങ്ക് കവലയിൽ നാട്ടുകാർ കൂടിനിന്ന് രാഷ്ട്രീയചർച്ച നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ മദ്യലഹരിയിൽ അശോകൻ അസഭ്യവർഷം നടത്തി. ഇതുകേട്ടുകൊണ്ടുവന്ന മണിലാൽ അശോകനോട് കയർത്തു. വീണ്ടും അസഭ്യവർഷം തുടർന്നപ്പോൾ അശോകനെ മണിലാൽ അടിച്ചു. അവിടെനിന്ന് നടന്നുപോയ മണിലാലിനെ പിന്നിൽനിന്നെത്തി അശോകൻ കുത്തുകയായിരുന്നു.

രക്തത്തിൽ കുളിച്ച് ചലനമറ്റുകിടന്ന മണിലാലിനെ അതുവഴിവന്ന കാറിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒളിവിൽപോയ പ്രതിയെ രാത്രിവൈകി കിഴക്കേ കല്ലട പൊലീസ് പിടികൂടി. അടുത്തിടെയാണ് ഡൽഹി പൊലീസിൽനിന്ന് വിരമിച്ച അശോകൻ നാട്ടിലെത്തിയത്.