തിരുവനന്തപുരം: കായികതാരങ്ങളുടെ സമരം ഒത്തുതീർപ്പിലെത്തി. 24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു. നടപടികൾ പൂർത്തീകരിച്ചെന്ന് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. കായികമന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. കായികതാരങ്ങൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും സർക്കാർ പരിഗണിക്കും. സർക്കാരിനു പിടിവാശിയില്ല. ജോലി നൽകുമെന്നാണ് എന്നും സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.

ചർച്ച വിജയമെന്ന് കായികതാരങ്ങൾ പറഞ്ഞു. 54 കായികതാരങ്ങളുടേത് സ്‌പെഷൽ കേസായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. സമരം അവസാനിപ്പിക്കുന്നുവെന്നും കായികതാരങ്ങൾ അറിയിച്ചു.24 പേർക്ക് ഉടൻ നിയമനം നൽകാമെന്ന് മന്ത്രി ഉറപ്പുനൽകി. ബാക്കി നിയമനങ്ങൾ സംബന്ധിച്ച് പഠിക്കാൻ എട്ടംഗ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ചർച്ചയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ തയ്യാറാകണമെന്നും അതിൽ നിന്നും പിന്നോട്ടുപോകില്ലെന്നാണ് പ്രതിക്ഷിക്കുന്നതെന്നും താരങ്ങൾ പറഞ്ഞു. ജോലി നൽകാമെന്ന് ഉറപ്പു ലഭിച്ചതോടെ 17 ദിവസം നീണ്ടുനിന്ന സമരമാണ് താരങ്ങൾ അവസാനിപ്പിച്ചത്.അവകാശപ്പെട്ട് ജോലി ലഭിക്കണെ എന്നാവശ്യപ്പെട്ട് എഴുപത്തിയൊന്നോളം കായികതാരങ്ങളാണ് സെക്രട്ടറിയയേറ്റിനു മുമ്പിൽ പ്രതിഷേധിച്ചിരുന്നത്. പ്രതിഷേധകരുമായി സർക്കാർ ചർച്ച നടത്തുന്നില്ലെന്ന് ആരോപിച്ച് താരങ്ങൾ ദിനംപ്രതി സമരം കടുപ്പിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ഇന്ന് ചർച്ച നടന്നത്.

ഓരോ വർഷവും 50 കായികതാരങ്ങൾക്കു വീതമാണ് സംസ്ഥാന സർക്കാർ ജോലി നൽകുന്നതെന്നും താരങ്ങൾ സമരം നടത്തേണ്ടതില്ലെന്നുമുള്ള നിലപാടായിരുന്നു സർക്കാർ കൈക്കൊണ്ടിരുന്നത്.580 കായികതാരങ്ങൾക്ക് നിയമനം നൽകിയെന്നാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ കായിക മന്ത്രി ഇ പി ജയരജൻ പറഞ്ഞിരുന്നു. എന്നാൽ 195 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഇതിൽ 54 പേർക്ക് ഇനിയും ജോലി നൽകിയിരുന്നില്ല.

2015-2020 വർഷത്തെ സ്പോർട്സ് ക്വാട്ട നിയമനങ്ങൾക്ക് സർക്കാർ നടപടി തുടങ്ങിയിരുന്നു. സർക്കാർ പ്രഖ്യാപിച്ച 249 പേർക്കും ജോലി നൽകിയെന്നാണ് സർക്കാർ പരസ്യം നൽകിയിരുന്നത്. ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾ പിൻവലിക്കണമെന്നും ജോലി കിട്ടിയിൽ മാത്രമെ സമരത്തിൽ നിന്ന് പിന്മാറുകയൊള്ളൂവെന്നും കായികതാരങ്ങൾ അറിയിച്ചിരുന്നു. തുടർന്ന് ജോലി നൽകാമെന്ന് സർക്കാർ ഉറപ്പു നൽകിയതോടെയാണ് സമരം പിൻവലിക്കുകയാണെന്ന് താരങ്ങൾ അറിയിച്ചത്.