ഹൈദരാബാദ്​: രണ്ടാം ഭർത്താവിനെ കൊന്ന്​ വീട്ടുമുറ്റത്ത്​ കുഴിച്ചിട്ട കേസിൽ യുവതി അറസ്റ്റിൽ. ഹൈദരാബാദിലാണ്​ സംഭവം. ആദ്യ വിവാഹബന്ധത്തിലെ മകളോട്​ മോശമായി പെരുമാറിയതിനെ തുടർന്നാണ് യുവതി ഭർത്താവിനെ കുത്തി കൊലപ്പെടുത്തിയത്. 32കാരിയെ ബുധനാഴ്ചയാണ് ​പൊലീസ്​ കസ്​റ്റഡിയിലെടുത്തത്.

ഫെബ്രുവരി എട്ടിന്​ രാത്രിയിൽ മദ്യം കഴിച്ചുകൊണ്ടിരുന്ന 36കാരനായ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ആദ്യ വിവാഹബന്ധത്തിലുണ്ടായ മകളോട്​ മോശമായി പെരുമാറിയതിനെ തുടർന്നായിരുന്നു കൊലപാതകം. യുവാവിനെ കാണാതായെന്ന്​ ഇയാളുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്​ നടന്ന അന്വേഷണത്തിലാണ്​ ഭാര്യയെ കസ്റ്റഡിയിലെടുത്തത്​. മകളോട്​ മോശമായി പെരുമാറിയതിനെ തുടർന്ന്​ കത്തികൊണ്ട്​ ഭർത്താവിനെ കുത്തികൊലപ്പെടുത്തിയതായും വീട്ടുമുറ്റത്ത്​ കുഴിച്ചിട്ടതായും യുവതി പൊലീസിൽ​ മൊഴി നൽകി.

യുവതിയുടെ ആദ്യ വിവാഹ ബന്ധത്തിൽ അഞ്ചു കുട്ടികളുണ്ട്​. ആദ്യ ഭർത്താവുമായി വിവാഹബന്ധം വേർപ്പെടുത്തിയതോടെ 2020 ജൂണിൽ ഇയാളെ വിവാഹം കഴിക്കുകയായിരുന്നു. ഭർത്താവിന്റെ മൃതദേഹം പൊലീസ്​ കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി അയച്ചു. യുവതിക്കെതിരെ ​െപാലീസ്​ കൊലപാതകത്തിന്​ കേസെടുക്കുകയും ചെയ്​തു.