കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന 14കാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് പതിന്ന് മണിയോടെ ഹൃദയസ്തംഭനം ഉണ്ടായെന്ന് മന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കുക ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചാകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 246 പേരുണ്ട്. ഇതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈ റിസ്‌കില്‍ പെട്ടവരില്‍ രോഗലക്ഷണങ്ങള്‍ ഉളളത് രണ്ട് പേര്‍ക്കാണെന്ന് മന്ത്രി പറഞ്ഞു. രണ്ടു പേരുടെയും സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കേരളത്തിലുളള സംവിധാനങ്ങള്‍ കൂടാതെ പൂനെയില്‍ നിന്ന് പരിശോധനയ്ക്കായി മൊബൈല്‍ ലാബ് കൂടി എത്തുമെന്ന് മന്ത്രി അറിയിച്ചു. അതോടെ കൂടുതല്‍ സാമ്പിളുകള്‍ ഇവിടെ തന്നെ പരിശോധിക്കാന്‍ കഴിയും. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉളളവരില്‍ രോഗലക്ഷണങ്ങള്‍ ഉളളവരുടേത് ആദ്യമെടുക്കും.

ആളുകള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളോട് നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ വിളിക്കുന്നുണ്ട്. അവര്‍ അതേസമയം തന്നെയാണോ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നത് എന്ന് പരിശോധിക്കും. സമ്പര്‍ക്കമുളളവരെ കണ്ടെത്താന്‍ പൊലീസിന്റെയും സഹായം തേടുമെന്ന് മന്ത്രി പറഞ്ഞു. ഐസൊലേഷനില്‍ ഉളള കുടുംബങ്ങള്‍ക്ക് വേണ്ട ഭക്ഷണവും സാധനങ്ങളും വാങ്ങിച്ചുകൊടുക്കാനുളള വൊളന്റിയേഴ്‌സിനെ പഞ്ചായത്ത് തലത്തില്‍ ക്രമീകരിക്കും.

പത്താം തീയതിയാണ് കുട്ടിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ മേല്‍നോട്ടത്തില്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ജയേഷ് കുമാറിന്റെ നേതൃത്വത്തിലാണ് നിപ ബാധിതന്റെ ചികിത്സ നടത്തിയത്. ഓസ്ട്രേലിയയില്‍ നിന്ന് മോണോ ക്ലോണല്‍ ആന്റിബോഡി മരുന്ന് എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, അതിന് മുമ്പേ കുട്ടിയുടെ വിയോഗം സംഭവിക്കുകയായിരുന്നു.

ജൂലൈ 10ന് പനി ബാധിച്ച 15കാരന്‍ 12ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15ന് ഇതേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ശേഖരിച്ച സാമ്പ്ള്‍ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് കുട്ടിയുടെ മരണം സംഭവിക്കുന്നത്.