കോതമംഗലം: ഇടുക്കി നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽ ഒരാൾ മരിച്ചു. ചാക്കോച്ചി വളവിലാണ് അപകടം ഉണ്ടായത്. അടിമാലി കുടമാങ്കുഴ സ്വദേശി സജീവാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ പൊട്ടി താഴേക്ക് മറിയുകയായിരുന്നു.

മൂന്നാറിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറും അടക്കം പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. റോഡിന്രെ വീതി കുറവാണ് അപകടത്തിന് ഇടയാക്കിയതെന്ന് ബസ് കണ്ടക്ടർ പറഞ്ഞു.

വാഹനത്തിന്റെ ടയർ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 5 മണിയോടെ മൂന്നാറിൽ നിന്നും എറണാകുളത്തിന് പുറപ്പെട്ട ആർ എസ് ഇ 269 നമ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരുവാഹനത്തിന് സൈഡ് കൊടുക്കവെ റോഡ് ഇടിഞ്ഞ് വാഹനം താഴേയ്ക്ക് പതിക്കുകയായിരുന്നെന്നാണ് അറിയുന്നത്.

ടയർപൊട്ടി ഒന്ന് മറിഞ്ഞ ശേഷം വാതിന്റെ ഭാഗം അടിയിലായ അവസ്ഥയിലാണ് ബസ്സ് കിടക്കുന്നത്. പൊലീസും അഗ്നിശമന സേനവിഭാഗവും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

നേരത്തെ ചാക്കോച്ചി എന്ന പേരിൽ ഒടിയിരുന്ന ബസ്സ് ഇവിടെ അപകടത്തിൽപ്പെട്ട് നിരവധി പേർ മരണപ്പെട്ടിരുന്നു. ഇതെത്തുടർന്നാണ് ഈ പ്രദേശം ചാക്കോച്ചി വളവ് എന്ന പേരിൽ അറയിപ്പെട്ടുതുടങ്ങിയത്. ഇന്ന് ബസ്സ് മറിഞ്ഞപ്പോൾ വൻ അപകടം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് നാ്ട്ടുകാരും പറയുന്നത്.