മലപ്പുറം: കഴിഞ്ഞ ദിവസം ജിദ്ദ ശറഫിയ ബാഗ്ദാദിയ സിറ്റി മാക്സിന് സമീപത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച യുവതിയുടെ മരണത്തിന്റെ കാരണം കണ്ടെത്താനാകാതെ കുടുംബവും പൊലീസും. മലപ്പുറം തിരൂരങ്ങായി സ്വദേശി റാഷിദിന്റെ ഭാര്യ മുബഷിറയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ താമസ സ്ഥലത്ത് തൂങ്ങിമരിച്ചത്. മാസങ്ങൾക്ക് മുമ്പാണ് മുബഷിറ വിസിറ്റിങ് വിസയിൽ ജിദ്ദയിൽ ജോലി ചെയ്യുന്ന ഭർത്താവിനടുത്ത് എത്തുന്നത്. മക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു.

ജിദ്ദയിലെ ഒരു ബേക്കറിയിലെ ജീവനക്കാരനാണ് റാഷിദ്. എല്ലാവരും ഒരുമിച്ച് ഒരുമുറിയിൽ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് മുബഷിറയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ തൊട്ടടുത്ത മുറിയിൽ മുബഷിറയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു എന്നാണ് റാഷിദ് മൊഴി നൽകിയിട്ടുള്ളത്. റാഷിദും മക്കളും തൊട്ടടുത്ത മുറിയിൽ തന്നെയുണ്ടായിരുന്നു. ഏറെ നേരം മുട്ടി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് റാഷിദ് മുറിയുടെ വാതിൽ പൂട്ട് പൊളിച്ച് തുറക്കുകയായിരുന്നു.

ഈ സമയത്തിനകം മുബഷിറ മരിച്ചിരുന്നു. മരണത്തിന്റെ കാരണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഭർത്താവുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നതായി ആർക്കും അറിയില്ല. ഇരുവരും തമ്മിൽ വളരെ സ്നേഹത്തിലായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. കോവിഡ് കാലത്ത് നാട്ടിലേക്ക് വന്നാൽ ജോലി നഷ്ടമാകുമെന്നോർത്താണ് റാഷിദ് കുടുംബത്തെ ജിദ്ദയിലേക്ക് കൊണ്ടുവന്നത്. മരണത്തിൽ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന് അന്വേഷിച്ചുവരുന്നുണ്ട്.

ഇവർക്ക് അഞ്ചു വയസ് പ്രായമുള്ള ഒരു പെൺകുട്ടിയും നാലു മാസം പ്രായമുള്ള ഒരു ആൺകുട്ടിയും ഉണ്ട്. ഹംസ അരീക്കൻ ആണ് മുബഷീറയുടെ പിതാവ്. എ. ടി ഷംഷാദാണ് മാതാവ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ഭർത്താവിൽനിന്ന് പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പടെ ലഭിക്കുന്നതോടെ കൂടുതൽ അന്വേഷണത്തിലേക്ക് പൊലീസ് കടക്കും.

മുബഷീറയുടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം ജിദ്ദയിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്കു കൊണ്ടു വരുന്ന കാര്യം തീരുമാനിക്കുകയുള്ളു. മലയാളികളായ പ്രവാസി സംഘടനാ ഭാരവാഹികൾ ആശുപത്രിയിൽ എത്തി നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള ഇടപെടലുകൾ നടത്തി.