കോഴിക്കോട്: കരിപ്പൂരിലെ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദലി ശിഹാബ് കൊടുവള്ളിയിലെ സ്വർണക്കടത്ത് ഹവാല സംഘങ്ങളുടെ 'ചോദ്യംചെയ്യൽ വിദഗ്ധൻ'. കള്ളക്കടത്ത് സ്വർണവും ഹവാലാ പണവും നഷ്ടമാവുന്ന കേസുകളിൽ കരിയർമാരെ ചോദ്യംചെയ്ത് സത്യം പുറത്തുകൊണ്ടുവരാനാണ് ശിഹാബിനെ ഉപയോഗിക്കുന്നത്. കടത്ത് സാധനങ്ങൾ കാരിയർമാരിൽ നിന്നും നഷ്ടപ്പെട്ടാൽ അവരെയും വിവരം നൽകിയെന്ന് സംശയമുള്ളവരെയും രായക്ക്‌രാമാനം പൊക്കി രഹസ്യ കേന്ദ്രങ്ങളിലെത്തിക്കും. ഒരു ഈച്ച പോലും അറിയില്ല. ആർക്കും സംശയം തോന്നാതിരിക്കാൻ പൊലീസ് വേഷം കെട്ടി നാടകം കളിച്ച ചരിത്രം വരെയുണ്ട് ശിഹാബിന്. അതിന് പൊലീസ് സേനയ്ക്കുള്ളിലെ ചിലരുടെ സഹായവും ശിഹാബിനുണ്ട്. കൊടുവള്ളിയാണ് ശിഹാബിന്റെ പ്രധാന പ്രവർത്തനകേന്ദ്രം.

2014 ഫെബ്രുവരി പത്തിനാണ് പൊലീസുദ്യോഗസ്ഥർ ചമഞ്ഞെത്തിയ ശിഹാബും നാസറും ചേർന്ന് ഓമശ്ശേരിയിലെ വീട്ടിൽനിന്ന് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് അസീസ് പറയുന്നു. ആലപ്പുഴയിലെ ഒരു ജൂവലറിയിൽനിന്ന് സ്വർണം മോഷണം പോയിട്ടുണ്ട്, അതിൽ പങ്കുണ്ടെന്നുപറഞ്ഞാണ് കൈയാമംവെച്ച് കൊണ്ടുപോയത്.

പക്ഷേ, കൊടുവള്ളിക്കടുത്ത് വാവാട്ടുള്ള പുഴയോരത്തെ ആളൊഴിഞ്ഞ വീട്ടിലാണ് എത്തിച്ചത്. കൊടുവള്ളിയിലെ ഒരാളുടെ ഹവാലപ്പണം ക്വട്ടേഷൻ സംഘം തട്ടിയെടുത്തുവെന്നും അസീസ് കാരണമാണ് പണം നഷ്ടപ്പെട്ടതെന്നും പറഞ്ഞായിരുന്നു മർദനം. വീടും സ്ഥലവും എഴുതിത്ത്തരണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. തലകീഴായി കെട്ടിത്തൂക്കിയിട്ട് അടിച്ചിട്ടും മൂത്രം കുടിപ്പിച്ചിട്ടുമൊന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാതായതോടെ മയക്കുമരുന്ന് കുത്തിവെച്ച് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് സംഘം മുങ്ങുകയായിരുന്നു. മൂന്നാമത്തെ ദിവസം ബോധം വന്ന് ഡോക്ടറോട് വിവരങ്ങൾ പറഞ്ഞതോടെയാണ് സംഗതി പുറംലോകമറിയുന്നത്.

ഒരുമാസത്തിലധികമാണ് ആശുപത്രിയിൽ കഴിഞ്ഞത്. പിന്നീട് ഒരു മർമചികിത്സാകേന്ദ്രത്തിലും ചികിത്സ തുടർന്നു. ആശുപത്രി വിട്ടശേഷവും ഭീഷണി തുടർന്നതിനാൽ നാട്ടിലേക്കുവരാതെ സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്നു. അതിനിടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി ഈ സംഘം ഒരു ലക്ഷം രൂപ കൈക്കലാക്കുകയുംചെയ്തു.

കൊടുവള്ളിയിലെ ചില രാഷ്ട്രീയനേതാക്കൾക്ക് ഉൾപ്പെടെ ഹവാല കാരിയറായി പ്രവർത്തിച്ചിരുന്നയാളാണ് അസീസ്. ഈ രംഗത്തുനിന്ന് വിട്ട് ഒരുവർഷത്തോളം കഴിഞ്ഞശേഷമാണ് ഈ കൊടിയ മർദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നത്. മർദനത്തിൽ രണ്ടുവൃക്കകൾക്കും തകരാറു സംഭവിച്ചിരുന്നു.

വാരിയെല്ലിനും തുടയെല്ലിനുമെല്ലാം സാരമായ പരിക്കുകളേറ്റു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ ഇപ്പോഴും ചികിത്സ തുടരുകയാണിദ്ദേഹം.

2015 ജൂലായിൽ ശിഹാബിനെ പൊലീസ് അറസ്റ്റുചെയ്തു. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് അസീസ് പറയുന്നു

തട്ടിക്കൊണ്ടുപോയി മർദിച്ചതിന് 2014-ൽ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ ശിഹാബിനെതിരേ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിലെ ഇരകൾ രണ്ടുപേരും കൊടുവള്ളി മേഖലകളിലുള്ളവരാണ്. കുഴൽപ്പണം നഷ്ടമായതുമായി ബന്ധപ്പെട്ട് കൊട്ടിയം സ്വദേശിയെ തട്ടിക്കൊണ്ടുവന്ന് അയാളിൽനിന്ന് ശിഹാബ് സ്ഥലവും വീടും എഴുതിവാങ്ങിയിരുന്നു. സ്വർണക്കടത്തുകാരുമായുള്ളപോലെ ഒട്ടേറെ ക്വട്ടേഷൻ സംഘങ്ങളുമായും ഇയാൾക്ക് അടുപ്പമുണ്ട്. ഡൽഹി, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കുഴൽപ്പണം, സ്വർണക്കടത്ത് ഇടപാടുകൾ നടത്തുന്ന സംഘത്തിലെ പ്രധാനികൂടിയാണ് ശിഹാബ്.

രാമനാട്ടുകര അപകടം നടന്ന ദിവസം ശിഹാബ് കോഴിക്കോട് വിമാനത്താവളത്തിലെത്തിയിരുന്നതായി പൊലീസിന് വിവരമുണ്ട്. സ്വന്തം ക്വട്ടേഷൻ സംഘവുമായാണ് ശിഹാബ് എത്തിയത്. സ്വർണക്കടത്ത് ആസൂത്രണം ചെയ്തവരും മുഖ്യകണ്ണി കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ നിർദേശിച്ചതു പ്രകാരമാണ് ശിഹാബ് വിമാനത്താവളത്തിലെത്തിയതെന്നാണ് വിവരം.