തിരുവനന്തപുരം: കെ എസ് എഫ് ഇയിലെ റെയ്ഡിൽ സിപിഎമ്മിന് സംശയങ്ങൾ ഏറെ. പൊലീസ് ആക്ടിൽ മന്ത്രിസഭാ യോഗത്തിൽ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയെ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ എസ് എഫ് ഇയിലെ റെയ്ഡ് നടന്നത്. രമൺശ്രീവാസ്തവയ്ക്ക് ചില മുത്തൂറ്റ് ബന്ധങ്ങളുണ്ട്. ഇതാണ് സംശയത്തിന് കാരണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും റെയ്ഡിൽ പരസ്യ വിമർശനം നടത്തി കഴിഞ്ഞു. ധനമന്ത്രി തോമസ് ഐസക്കിന് പൂർണ്ണ പിന്തുണ നൽകുകയാണ് ആനത്തലവട്ടം.

കെഎസ്എഫ്ഇയിൽ ഇപ്പോൾ നടക്കുന്ന പരിശോധനയിലൂടെ എതിരാളികൾക്ക് അവസം ഉണ്ടാക്കുകയാണ് വിജിലൻസ് ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു കഴിഞ്ഞു. എതിരാളിൾ എന്നാൽ രാഷ്ട്രീയ എതിരാളികൾ മാത്രമല്ല, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും കെഎസ്എഫ്ഇക്കെതിരായ പ്രചാരണങ്ങൾക്ക് ഇടനൽകുകയാണ് വിജിലൻസ് നടപടി വഴി ഉണ്ടായിട്ടുള്ളത്. വിജിലൻസ് പരിശോധനക്ക് എതിരാണെന്ന് ആരും പറഞ്ഞിട്ടില്ല , അത്തരമൊരു നിലപാട് ധനമന്ത്രിയെന്ന നിലയിൽ ഇല്ലെന്നും തോമസ് ഐസക് വിശദീകരിച്ചിട്ടുണ്ട്. ഈ വാക്കുകളിൽ ചില സൂചനകൾ ധനമന്ത്രി തന്നെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

കെ എസ് എഫ് ഇയ്ക്കുണ്ടാകുന്ന വിശ്വാസ തകർച്ച മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്ക് കരുത്താകും. അതുകൊണ്ടാണ് വിജിലൻസിന്റെ കെ എസ് എഫ് ഇയിലെ രഹസ്യ നീക്കം ചർച്ചയാകുന്നത്. രമൺ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന വാദം സിപിഎമ്മിലെ എംഎ ബേബിയെ അനൂകലിക്കുന്നവർ ഉയർത്തിയിരുന്നു. തോമസ് ഐസക്കും ഈ പക്ഷത്താണ് നിലയറുപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന് സംശയങ്ങളുയരുന്നത്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റെയ്ഡുമായി ബന്ധമില്ലെന്നും സിപിഎം തിരിച്ചറിയുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക് റെയ്ഡിൽ തീർത്തും നിരാശനുമാണ്.

സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ ബ്രാഞ്ചുകൾ വഴി കള്ളപ്പണം വെളുപ്പിച്ചതായി വിജിലൻസ് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. മിന്നൽ പരിശോധനകളിൽ മുപ്പതിലേറെ ബ്രാഞ്ചുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വിജിലൻസ് സൂചിപ്പിച്ചു. കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവും അധികം വിശ്വാസമുള്ള, ചിട്ടികൾ അടക്കം സാമ്പത്തിക ഇടപാടുകൾക്ക് ജനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. അവിടെ നടക്കുന്ന ചെറിയ ക്രമക്കേടു പോലും ആയിരക്കണക്കിന് പേരെ ബാധിക്കും. ഇതോടെ മറ്റ് സ്ഥാപനങ്ങൾക്ക് ഗുണവും ഉണ്ടാകും. ഇതിന് വേണ്ടിയാണ് റെയ്ഡ് നടത്തിയതെ്ന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.

പരിശോധന നടത്തുന്നതിൽ തെറ്റൊന്നും ഇല്ലെന്ന് തോമസ് ഐസക് പറയുന്നു. റിപ്പോർട്ട് സർക്കാരിന് കിട്ടും മുൻപേ മാധ്യമങ്ങളിൽ വാർത്ത വരുന്നതെങ്ങിനെയാണ്. നിരന്തരം വാർത്ത നൽകുന്നത് ആരാണെന്ന് പരിശോധിക്കണം. മാധ്യമ വാർത്തയിലൂടെയാണോ വിജിലൻസ് കണ്ടെത്തൽ സർക്കാർ അറിയേണ്ടതെന്നും ധനമന്ത്രി ചോദിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് അന്വേഷിക്കും. മനഃപൂർവ്വം വിവാദം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. അതിന് വിജിലൻസ് കൂട്ടു നിന്നോ ? വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിൽ എതിരാളികൾക്ക് എന്തിന് അവസരം ഉണ്ടാക്കി? ഇക്കാര്യങ്ങലെല്ലാം സർക്കാർ അന്വേഷിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.

കിഫ്ബിയുടെ സിഇഒയായ കെ എം എബ്രഹാമിനും മുത്തൂറ്റുമായി അടുത്ത ബന്ധമുണ്ട്. ഇങ്ങനെ വൻകിടക്കാരുമായി ബന്ധമുള്ളവരെ സർക്കാർ പ്രോത്സാഹിപ്പിക്കരുതെന്ന ആവശ്യവും സിപിഎമ്മിൽ സജീവമാകുകയാണ്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ സെക്യൂരിറ്റി അഡൈ്വസറാണ് ശ്രീവാസ്തവ. മുത്തൂറ്റ് കാപ്പിറ്റലിലെ സ്വതന്ത്ര ഡയറക്ടറാണ് കെ എം എബ്രഹാം. ഈ സാഹചര്യത്തിലാണ് വൻകിടക്കാരുമായി ബന്ധമുള്ളവരെ സർക്കാരിൽ നിന്നും മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. കിഫ്ബിയിൽ എബ്രഹാമിന്റെ കാലാവധി ഈ മാസം തീരും. അതിന് ശേഷം അദ്ദേഹം തുടരില്ലെന്നാണ് സൂചന.

ശ്രീവാസ്തവ ശമ്പളം വാങ്ങാതെയാണ് ഉപദേഷ്ടാവായി പ്രവർത്തിക്കുന്നത്. എന്നാൽ പൊലീസ് ഡ്രൈവറുമാരുടെ സേവനം ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ശ്രീവാസ്തവയ്ക്ക് ഉപദേഷ്ടാവ് ജോലി കൊണ്ട് സാമ്പത്തിക നേട്ടമൊന്നുമില്ല. ഈ സാഹചര്യത്തിലും ശ്രീവാസ്തവയെ മാറ്റണമെന്ന അഭിപ്രായം സിപിഎമ്മിലെ വലിയ വിഭാഗത്തിനുണ്ടെന്നാണ് സൂചന. പാർട്ടി യോഗങ്ങളിൽ ഇത് ചർച്ചയാക്കാനാണ് തീരുമാനം. കെഎസ്എഫ്ഇ യിൽ നടക്കുന്ന വിജിലൻസ് പരിശോധന മുഖ്യമന്ത്രി അറിയണമെന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നുണ്ട്.

ധനമന്ത്രിക്കെതിരായ പടയൊരുക്കമാണ് നടക്കുന്നതെന്ന പ്രതിപക്ഷ വിമർശനത്തോട് പാർട്ടിയിലും സർക്കാരിലും ഇതിലും അംഗീകാരം കിട്ടിയ കാലം ഉണ്ടായിട്ടില്ലെന്നായിരുന്നു ധനമന്ത്രി ടിഎം തോമസ് ഐസകിന്റെ മറുപടിയും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി അറിയാതെ എങ്ങനെ വിജിലൻസ് റെയ്ഡ് നടത്തിയെന്ന ചോദ്യവും സിപിഎമ്മിൽ ഉയരുന്നുണ്ട്. ഏതായാലും സർക്കാർ സ്ഥാപനത്തിൽ വിജിലൻസ് നടത്തിയ കടന്നു കയറ്റം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി തോമസ് ഐസക്.

ഇടതു സർക്കാർ സ്വർണക്കടത്ത്, ലൈഫ് മിഷൻ ക്രമക്കേട് അടക്കമുള്ളവയിൽ കുരുങ്ങിയിരിക്കുന്ന വേളയിലാണ് സർക്കാരിന്റെ കീഴിലുള്ള കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനവും വിവാദത്തിലായത്. ഓപ്പറേഷൻ ബചത് എന്ന പേരിലാണ് വെള്ളിയാഴ്ചയും ഇന്നലെയുമായി സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്. 600ലേറെ ബ്രാഞ്ചുകളിൽ 40 എണ്ണത്തിലാണ് റെയ്ഡ് നടന്നത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടുകൾ നടത്തി ക്രമക്കേട് കാണിക്കുന്നതായി വിജിലൻസിന് പരാതികൾ ലഭിച്ചിരുന്നു. ചിട്ടികളിലെ ചില ക്രമക്കേടുകളെക്കുറിച്ചും പരാതികൾ ഉയർന്നിരുന്നു. തുടർന്നായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന.

വിജിലൻസിന്റെ പ്രധാന കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണ്. പലയിടത്തും രണ്ടു മുതൽ ഒമ്പത് ലക്ഷം രൂപ വരെ മാസ അടവുള്ള ചിട്ടികളിൽ ആളുകൾ ചേർന്നതിൽ സംശയം. തിരുവനന്തപുരം ആറ്റിങ്ങലിലെ പ്രധാന ബ്രാഞ്ചിൽ ഒരാൾ പല ചിട്ടികളിലായി ഒമ്പത് ലക്ഷം രൂപ വരെ അടയ്ക്കുന്നുണ്ട്. മറ്റൊരാൾ നാലേ കാൽ ലക്ഷം രൂപ വരെ അടയ്ക്കുന്നുണ്ട്. തൃശൂരിലെ ഒരു ബ്രാഞ്ചിൽ രണ്ട് പേർ 20 ചിട്ടിയിൽ ചേർന്നതായും കണ്ടെത്തി. മറ്റൊരാൾ 10 ചിട്ടിയിൽ ചേർന്നു. കൃത്യമായ വരുമാന സ്രോതസ്സില്ലാത്ത ഇവർ ഈ തുക അടയ്ക്കുന്നതിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് വിജിലൻസിന്റെ നിഗമനം. ചില ബ്രാഞ്ചുകളിൽ നിയമവിരുദ്ധമായി ഡമ്മികളെ മുൻനിർത്തി കൊള്ളച്ചിട്ടികളും നടക്കുന്നുണ്ടെന്നും പറയുന്നു.

തിരുവനന്തപുരം ഹൗസിങ് ബോർഡ് ജങ്ഷനിലെ ബ്രാഞ്ചിൽ രണ്ടു കൊള്ളച്ചിട്ടികൾ കണ്ടെത്തി. മൾട്ടി ഡിവിഷൻ ചിട്ടികളിൽ ജീവനക്കാർ തന്നെ ബിനാമി ഇടപാടുകൾ നടത്തുന്നതായും വിജിലൻസ് കണ്ടെത്തി. പിരിവ് തുക ബാങ്കുകളിലേക്കും ട്രഷറിയിലേക്കും മാറ്റണം. എന്നാൽ, പല സ്ഥലങ്ങളിലും അങ്ങനെ മാറ്റുന്നതിൽ വീഴ്ച വരുത്തിയതായും റെയ്ഡിൽ കണ്ടെത്തി. നാല് ബ്രാഞ്ചുകളിൽ സ്വർണപ്പണയത്തിലും തട്ടിപ്പ് കണ്ടെത്തി. ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നുവെന്നും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെല്ലാം വിവരിച്ച് നടപടി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് കൈമാറും.