മൂവാറ്റുപുഴ: തൃപ്പൂണിത്തുറ തിരുവാണായൂരിൽ മാതാവ് നവജാത ശിശുവിനെ പാറമടയിൽ കെട്ടിത്താഴ്‌ത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും പോസ്റ്റുമോർട്ടം നടപടികൾ അടക്കം പൂർത്തിയാക്കിയാൽ മാത്രമേ കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്ന കാര്യം വ്യക്തമാകുകയുള്ളൂ. ജനിച്ചപ്പോൾ കുട്ടിക്ക് ജീവനില്ലാത്തതു കാരണമാണ് കല്ലുകെട്ടി പാറമടയിൽ താഴ്തിയതെന്നാണ് ശാലിനി പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.

ഗർഭിണിയായ വിവരം അടക്കം കുടുംബത്തിൽ നിന്നും മറച്ചുവെച്ചിരുന്നു എന്നാണ് പൊലീസിൽ ഇവർ വ്യക്തമാക്കിയിരിക്കുന്നത്. ഭർത്താവ് ഒരു വർഷത്തിനടുത്തായി പിണങ്ങി താമസിക്കുകയായിരുന്നു. ഗർഭിണിയായ വിവരം ആരെയും അറിയിച്ചിരുന്നില്ല. ഇന്നലെ രാത്രിയായിരുന്നു പ്രസവം. മക്കൾക്ക് നാണക്കേടാവും എന്നു കരുതിയാണ് ആശുപത്രിയിൽ പോകാതിരുന്നതെന്നാണ് ശാലിനി പൊലീസിൽ പറഞ്ഞിരിക്കുന്നത്. വീട്ടിൽ പ്രസവിച്ചു കഴിഞ്ഞപ്പോൾ കുട്ടിയിക്കു ജീവനില്ലന്ന് കണ്ടതിനാലാണ് പാറമടയിൽ ഉപേക്ഷിച്ചതെന്നും ശാലിനി മൊഴി നൽകിയതായി പുത്തൻകുരിശ് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ശാലിനിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. ഭർത്താവ് സന്തോഷ് കുറച്ചുകാലമായി തനിയക്കൊപ്പമല്ല താമസം എന്നാണ് ശാലിനി അറിയിച്ചത്. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവാണിയൂരിൽ വീടിനടുത്തുള്ള പാറമടയിൽ നിന്നും നവജാതശിശുവിന്റെ മൃതദ്ദേഹം കണ്ടെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ നിജസ്ഥിതി അറിയാൻ സാധിക്കൂവെന്നും സിഐ വ്യക്തമാക്കി.

പ്രദേശവാസി തന്നെയായ സന്തോഷാണ് ശാലിനിയുടെ ഭർത്താവ്. ഈ ദമ്പതികൾക്ക് നാല് മക്കളാണുള്ളത്. 3 പെൺകുട്ടികളും ഒരാണും. 20 ,13 ,5 എന്നിങ്ങനെയാണ് പെൺകുട്ടികളുടെ പ്രായം. ആൺകുട്ടിക്ക് 15 വയസുണ്ട്. ഭർത്താവ് മാറിതാമസിക്കാൻ തുടങ്ങിയിട്ട് കഷ്ടി ഒരു വർഷത്തിന് അടുത്ത് ആകുന്നതേയുള്ളു. മക്കൾക്ക് നാണക്കേടാകുമെന്നാണ് താൻ ഭയന്നതെന്നാണ് ശാലിന് വ്യക്തമാക്കിയിട്ടുള്ളത്. ഭർത്താവ് സന്തോഷിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ കെട്ടിത്താഴ്‌ത്താൻ ഇയാളും കൂട്ടുനിന്നോ എന്നാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്.

പ്രസവത്തെത്തുടർന്നുണ്ടായ രക്തസ്രാവം നിലക്കാത്തതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ശാലിനി താൻ ഗർഭിണിയായിരുന്നു എന്നും പ്രസവിച്ച വിവരവും പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു ക്രൂരതയുടെ വിശദാംശങ്ങൾ പുറംലോക മറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ വീടിന്റെ നൂറ് മീറ്റർ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.