ജീവിച്ചിരിക്കേ ഒരാളെക്കുറിച്ച് നല്ല അഭിപ്രായം പറയാന്‍ വിമുഖത കാട്ടുന്നവരാണ് പൊതുവെ മലയാളികള്‍. കലാകാരന്‍മ്മാരുടെ കാര്യത്തിലും അതുണ്ടാവാറുണ്ട്. പക്ഷേ ഇവിടെ വെറും മൂന്നേമൂന്ന് സിനിമകള്‍ എടുത്ത, വെറും 44 വയസ്സുള്ള ഒരു സംവിധായകന്‍, ഭരതനെയും, പത്മരാജനെയും, ലോഹിതദാസിനെയുമൊക്കെപ്പോലെ, പ്രതിഭയുടെ പ്രതാപം കൊണ്ട് ആസ്വാദകരാല്‍ കൊണ്ടാടപ്പെടുന്നു! അതാണ് ദിലീഷ് പോത്തന്‍ എന്ന നടനും, സംവിധായകനും, നിര്‍മ്മാതാവുമൊക്കെയായ ചലച്ചിത്രകാരന്‍. താരങ്ങള്‍ ഭരിക്കുന്ന മല്ലുവുഡില്‍ ഒരു സംവിധായകന്റെ പേര് തിരഞ്ഞ് ജനം തീയേറ്ററില്‍ കയറുന്ന അപൂര്‍വത ഇദ്ദേഹത്തിന് സ്വന്തം.

ഒരു പരിധിവരെ, സോഷ്യല്‍ മീഡിയുടെ ഇടപെടലാണ് ദിലീഷിനെ ഈ പദവിയിലെത്തിച്ചത്. ഭരതന്‍ ടച്ച് എന്ന് പണ്ട് മാധ്യമങ്ങള്‍ എഴുതിയുതുപോലെ, ദിലീഷിന്റെ ഓരോ സിനിമ ഇറങ്ങുന്നത് അനുസരിച്ച് 'പോത്തേട്ടന്‍ ബ്രില്ലന്‍സും' നവമാധ്യമങ്ങളില്‍ അടപടലം ചര്‍ച്ചയാവാറുണ്ട്. സമകാലികരില്‍ ലിജോ ജോസ് പല്ലിശ്ശേരി ഒഴികെ മറ്റൊരു ചലച്ചിത്രകാരനും ഇത്രമേല്‍ ചര്‍ച്ചാവിഷയമായിട്ടില്ല.

മലയാള സിനിമയില്‍ അന്യം നിന്നുപോയ, കലയും കച്ചവടവും സമന്വയിപ്പിച്ചുകൊണ്ടുള്ള ആ ധാര തിരിച്ചുപടിച്ചത് ദിലീഷ് പോത്തന്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ്. ഭരതന്‍-പത്മരാജന്‍-മോഹന്‍-കെ.ജി.ജോര്‍ജ്-ഐ.വി.ശശി- സിബിമലയില്‍-ലോഹിതാദാസ് യുഗം അവസാനിച്ചതോടെ, താരകേന്ദ്രീകൃതമായ അതിഭാവുകത്വത്തിലേക്ക് പോയ മലയാള സിനിമയെ, റിയലിസത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ ദിലീഷ് പോത്തനായി. പത്മരാജന്റെ 'തൂവാനത്തുമ്പികള്‍' തീയേറ്ററില്‍ അത്ര വിജയിക്കാത്ത ചിത്രമാണ്. പക്ഷേ അത് പിന്നീട് ക്ലാസിക്ക് കള്‍ട്ട് ആവുന്നതുകാണാനുള്ള ഭാഗ്യം പപ്പേട്ടന് ഉണ്ടായില്ല. ( നൂറു തവണ തൂവാനത്തുമ്പികള്‍ കണ്ട ആളുകളെ തനിക്ക അറിയാം എന്നാണ് മോഹന്‍ലാല്‍ ഈയിടെ പറഞ്ഞത്) പക്ഷേ 'മഹേഷിന്റെ പ്രതികാരം' എന്ന തന്റെ ആദ്യം ചിത്രം തന്നെ, ആസ്വാദകര്‍ ആവര്‍ത്തിച്ച് കണ്ടും, എഴുതിയതും, സൂക്ഷ്മാംശങ്ങള്‍ രേഖപ്പെടുത്തിയുമൊക്കെ ക്ലാസിക്ക് ആവുന്നത് കാണാന്‍ ദിലീഷിന് ഭാഗ്യമുണ്ടായി.

8 വര്‍ഷം കൊണ്ട് ദിലീഷ് സംവിധാനം ചെയ്തത് മൂന്നേ മൂന്ന് സിനിമകള്‍. മഹേഷിന്റെ പ്രതികാരം, ദൃക്‌സാക്ഷിയും തൊണ്ടിമുതലും, ജോജി. മൂന്നും കലാപരമായും വാണിജ്യപരമായും വിജയിച്ച ചിത്രങ്ങള്‍. 70ഓളം ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം ഇന്ന് തിരക്കേറിയ അഭിനേതാവുമാണ്. ഒപ്പം കുമ്പളങ്ങി നൈറ്റ്സും, പ്രേമലുപോലെത്തെ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍ ഒരാളും. ഇതൊന്നും ഒരു സുപ്രഭാതത്തില്‍ കൈവള്ളയില്‍വെച്ച് കിട്ടിയതല്ല. കഴിഞ്ഞ 25 വര്‍ഷത്തെ അധ്വാനമുണ്ട് അതില്‍. ദിലീഷ് പോത്തന്റെ സിനിമാ ജീവിതം സില്‍വര്‍ ജൂബിലി ആഘോഷിക്കുമ്പോള്‍, അത് കഠിനാധ്വാനത്തിന്റെയും, അര്‍പ്പണബോധത്തിന്റെയും ആഘോഷം കൂടിയാവുകയാണ്.

13വര്‍ഷം ജീവിച്ചത് വരുമാനമില്ലാതെ

കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ പഞ്ചായത്തിലെ ഓമല്ലൂരില്‍, 1980 ഫെബ്രുവരി 19നാണ് ദിലീഷ് പോത്തന്‍ ജനിച്ചത്. കോതനല്ലൂര്‍ ഇമ്മാനുവല്‍സ് ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജില്‍ നിന്ന് പ്രീഡിഗ്രിക്ക് ശേഷം മൈസൂരിലെ സെന്റ് ഫിലോമിനാസ് കോളേജില്‍ നിന്ന് ബിഎസ്സി ബിരുദം നേടി. നാടകത്തിലും സിനിമയിലും ഉള്ള അതീവ താല്‍പ്പര്യം മൂലം, കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ എംഎയും എംഫിലും നേടി . കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദവും.

ഏറെ കഷ്ടപ്പെട്ടാണ് ദിലീഷ് പോത്തന്‍ ഇന്നുകാണുന്ന രീതിയിലുള്ള താര സിംഹാസനത്തിലേക്ക് എത്തിയത്. അക്കഥ അദ്ദേഹം തന്നെ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. "10,13 വര്‍ഷത്തോളം ഒരു വരുമാനമില്ലാതെ ജീവിതം. സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ഞാന്‍ പിടിച്ചുനിന്നത്. 28-30 വയസ്സൊക്കെ സ്ട്രഗിളിങ്ങ് സമയമായിരുന്നു. എന്റെ കൂടെ പഠിച്ചവര്‍ ആ സമയംകൊണ്ട് സെറ്റില്‍ഡായി. നിനക്ക് ഭ്രാന്താണ് വേറെ വല്ല പണിക്കും പോയിക്കുടെ എന്നൊക്കെ അവര്‍ ചോദിച്ചു. പക്ഷേ അങ്ങനെയൊക്കെ പറയുമെങ്കിലും അവര്‍ എനിക്ക് കടം തന്നിട്ടെല്ലാം ഒരുപാട് സഹായിച്ചിട്ടുണ്ട്. അവര്‍ എന്നെ ഫണ്ട് ചെയ്തിരുന്നുവെന്ന് പറയാം. 'മഹേഷിന്റെ പ്രതികാരം' ഇറങ്ങിയ സമയത്ത് ഒരുപാട് കടങ്ങളുള്ള ഒരാളായിരുന്നു."- ദിലീഷ് പോത്തന്‍ പറയുന്നു.

ആശാനെ കടത്തിവെട്ടിയ ശിഷ്യന്‍

മൈസൂര്‍ സെന്റ് ഫിലോമോനാസ് കോളേജില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുക്കുമ്പോഴും ദിലീഷിന്റെ മനസ്സില്‍ സിനിമയായിരുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്ത് ചില ഹ്രസ്വചിത്രങ്ങളും ആല്‍ബങ്ങളും ചെയ്തിരുന്നു. പിതൃസഹോദരനായ സ്റ്റീഫന്‍ ജേക്കബ് നിര്‍മ്മിച്ച് 'വര്‍ണ്ണച്ചെപ്പുകള്‍' എന്ന ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ടെലിഫിലിമിന്റെ സംവിധാനം ദിലീഷ് പോത്തനായിരുന്നു. പക്ഷേ സിനിമ വഴങ്ങണമെങ്കില്‍, മുഴുവന്‍ സമയവും, അതിലേക്ക് ഇറങ്ങണം എന്ന് തോന്നി. അങ്ങനെയാണ് ജോലി ഉപേക്ഷിച്ച് കൊച്ചിയില്‍ എത്തുന്നുത്. ഏഴോളം ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കാലടി ശ്രീ ശങ്കരാ യൂണിവേഴ്സിറ്റിയില്‍ നിന്നും തിയേറ്റര്‍ ആര്‍ട്ട്സില്‍ എം എയും മഹാതമാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും എം ഫില്ലും കരസ്ഥമാക്കി.

2010-ല്‍ പുറത്തിറങ്ങിയ '9 കെ കെ റോഡ്' എന്ന ചിത്രത്തിന്റെ സഹ സംവിധായകനായാണ് തുടക്കം. തുടര്‍ന്ന് 22 ഫീമെയില്‍ കോട്ടയം, ടാ തടിയാ, ഗാംഗ്സ്റ്റര്‍ എന്നീ ചിത്രങ്ങളില്‍ ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ശരിക്കും ആഷിഖ് അബു സ്‌കൂളിന്റെ ഒരു പ്രോഡക്റ്റാണ് ദിലീഷ്. പക്ഷേ ശിഷ്യനിപ്പോള്‍ ആശാനെ കടത്തിവെട്ടി. 'ഗുരുനാഥനായ' ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ റൈഫിള്‍ ക്ലബില്‍, ദിലീഷ് പോത്തനാണ് നായകന്‍. പക്ഷേ ഗുരു- ശിഷ്യന്‍ എന്ന രീതിയില്ല, നല്ല സുഹൃത്തുക്കള്‍ എന്ന നിലയിലാണ് അവരുടെ ബന്ധം. ആഷിക്ക് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ (2011) എന്ന ചിത്രത്തിലെ അഭിനയമാണ് ഒരു നടന്‍ എന്ന നിലയില്‍ ദിലീഷ് പോത്തന് ബ്രേക്കായത്. ചന്ദക്കുറിയൊക്കെ തൊട്ട്വന്ന് ബീഫ് ബിരിയാണി ചോദിക്കുന്ന ഇതിലെ, സംവിധായാകന്റെ വേഷത്തില്‍ ദിലീഷ് ചിരിപ്പിച്ചു.

22 ഫീമെയില്‍ കോട്ടയം (2012), ഇടുക്കി ഗോള്‍ഡ്(2013), ഗാങ്സ്റ്റര്‍(2014), ഇയ്യോബിന്റെ പുസ്തകം(2014) റാണി പത്മിനി(2015) എന്നീ ചിത്രങ്ങളിലും വേഷങ്ങള്‍ ചെയ്തു. ഇതില്‍ ദിലീഷ് നായര്‍ സംവിധാനം ചെയ്ത ടമാര്‍ പഠാര്‍ എന്ന ചിത്രത്തിന്റെ മുഖ്യ സഹസംവിധായകനായിരുന്നു. 2016-ല്‍ മഹേഷിന്റെ പ്രതികാരത്തിലൂടെ സ്വതന്ത്ര സംവിധായകനായി. അതോടെ മലയാള സിനിമയില്‍ പോത്തേട്ടന്‍ കള്‍ട്ടിന്റെ തുടക്കവുമായി.

മഹേഷിലെ ബ്രില്ലന്‍സ്

2011 ജനുവരിയില്‍ ഇറങ്ങിയ, രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചിത്രമാണ് മലയാളത്തില്‍ ന്യുജന്‍ തരംഗത്തിന് തുടക്കം കുറിക്കുന്നത്. അതുവരെ നാം കണ്ട സാമ്പ്രദായിക രീതിയിലുള്ള വാര്‍പ്പ് മാതൃകകളെ പൊളിച്ചുമാറ്റി, പുതിയ ഒരു ദൃശ്യ പരിസരമാണ് ചിത്രം ഒരുക്കിയത്. നോണ്‍ ലീനിയര്‍ മോഡിലുള്ള ഓഫ് ബീറ്റ് ഘടനയുള്ള ഒരു ചിത്രം ഹിറ്റായത് മലയാള സിനിമയെ മൊത്തത്തില്‍ മാറ്റിമറിച്ചു. പക്ഷേ അതിനുശേഷമുള്ള രണ്ടാം ന്യൂജന്‍ തരംഗം എന്ന് പറയുന്നത് 2016-ല്‍ ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരമായിരുന്നു.

ആസമയത്ത്, അടിക്കടി പടം പൊട്ടി നില്‍ക്കുന്ന ഫഹദ് ഫാസില്‍ എന്ന നടന്റെ തിരിച്ചുവരുവുകൂടിയായി, അടിച്ചവനെ തിരിച്ചടിക്കാതെ ഇനി ചെരിപ്പിടില്ല എന്ന് പറഞ്ഞ് നടക്കുന്ന മഹേഷ്. ചെത്തിക്കൂര്‍പ്പിച്ച പെന്‍സില്‍പോലെയാണ് പോത്തന്റെ സിനിമകള്‍. അനാവശ്യമായ ഒരു കഥാസന്ദര്‍ഭമോ കഥാപാത്രമോ സംഭാഷണ ശകലമോ ദൃശ്യമോ ദിലീഷ് സിനിമയിലുണ്ടാവില്ല. മൈന്യൂട്ട് ഡീറ്റേലിയിങ് ആയിരുന്നു മഹേഷിന്റെ പ്രതികരത്തിന്റെ പ്രത്യേകത. ഇത് സോഷ്യല്‍ മീഡിയയില്‍ പലരും പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് 'പോത്തോട്ടന്‍ ബ്രില്ല്യന്‍സ്' എന്ന വാക്കുതന്നെ ഉണ്ടാവുന്നത്. ചിത്രം ടൊറന്റില്‍ റിലീസ് ചെയ്തതിന് ശേഷം ആയിരുന്നു 'പോത്തേട്ടന്‍ ബ്രില്യന്‍സ്' എന്നൊരു പ്രയോഗം വ്യാപകമായത്. ചിത്രത്തിലെ മൈന്യൂട്ട് ഡീറ്റേയലിലങ്ങ് കണ്ടുപിടിച്ച് ആരാധകര്‍ അങ്ങോട്ട് അര്‍മാദിക്കയായിരുന്നു.

ചില ഉദാഹരങ്ങള്‍ നോക്കാം. മഹേഷിന്റെ പ്രതികാരം സിനിമ തുടങ്ങുമ്പോള്‍, കാബറേ കാണാന്‍ പോയ കാര്യം ഭാവന അച്ചായന്‍ ബേബിച്ചേട്ടനോട് പറയുമ്പോള്‍ പിന്നണിയില്‍ കേള്‍ക്കുന്ന ഗാനം 1979-ല്‍ റിലീസായ 'പ്രഭു' എന്ന സിനിമയിലെ 'ഇന്നീ തീരം തേടും തിരയുടെ പാട്ടില്‍' എന്ന ഗാനമാണ്. രണ്ടാളുടെയും യൗവ്വന കാലഘട്ടത്തിലാണ് ആ സംഭവം എന്നത് വ്യക്തമായി വരച്ചിടുന്നു. ചിത്രത്തിലെ നായിക ജിംസി തുടക്കംമുതലേ സിനിമയിലുണ്ട്. പക്ഷേ നമ്മള്‍ അവളെ കാണണമെങ്കില്‍ സൂക്ഷ്മായി നോക്കണം എന്നുമാത്രം. സിനിമയുടെ തുടക്കത്തില്‍ ബസില്‍, കുരിശു ചുമന്നു മല കയറുമ്പോള്‍, പിന്നെ, കുങ്ഫു പഠിക്കാന്‍ പോകുമ്പോള്‍ അവിടെയൊക്കെ ജിംസിയുണ്ട്. താഹിര്‍ സൈക്കിള്‍ ചവിട്ടി പോകുമ്പോള്‍ ഒരു നിമിഷാര്‍ധം കാണിക്കുന്നതും ഒക്കെ ജിംസിയെ ആണ്. കഥയിലേക്ക് പൊട്ടിവീണ കഥാപാത്രമല്ല എന്നത് അത് കൃത്യമായി ഉറപ്പിക്കുന്നു.

മറ്റൊരു സീന്‍ നോക്കുക. മഹേഷിന് അത്രയും കാലം ഫോട്ടോഗ്രഫി ഒരു തൊഴില്‍ മാത്രമാണ് പാഷനല്ല. ചാച്ചന്റെ ചോദ്യത്തിന് കടയിലേക്കെന്നാണ് അയാള്‍ മറുപടി പറയുന്നത്. ശരിക്കുമുള്ള ഫോട്ടോഗ്രാഫറായ ചാച്ചന്‍ അത് തിരുത്തി കടയല്ല സ്റ്റുഡിയോ എന്ന് തിരുത്തുന്നുണ്ട്. കമ്പ്യൂട്ടര്‍ വല്യ വശമില്ലാത്ത ബേബിച്ചായന്റെ രണ്ട് കൈകള്‍കൊണ്ടുള്ള മൗസ് പിടുത്തവും ആരാധകര്‍ എടുത്തുകാട്ടി. പണിയറിയാവുന്ന പുതിയ ഒരു അസിസ്റ്റന്റിനെ വേണ്ടി വരും എന്ന് സ്വാഭാവികമായി ആര്‍ക്കും തോന്നും."തല്ലി ജയിച്ചില്ലേ..ഇനി മതി"-ചാച്ചന്‍ എന്ന ലോകം കണ്ട വ്യക്തി പറയുന്ന ആ ഒരൊറ്റ വാക്കില്‍ ജിംസണ്‍ പിന്മാറുന്നു, മറ്റാര് വന്നു പറഞ്ഞിരുന്നെങ്കിലും മാറുമായിരുന്നോ? ചാച്ചന്റെ ഒരു ദാര്‍ശനികഭാവം കാണികളിലേക്ക് കണ്‍വേ ചെയ്യുന്ന മറ്റൊരു രംഗമെന്ന് ആരാധകര്‍.

ചിത്രത്തിലെ മൈന്യൂട്ട് ഡീറ്റേലിങ്ങിന് ഉദാഹരണങ്ങള്‍ വേറെയുണ്ട്. ജിംസി മഹേഷിന്റെ കയ്യിലെ ആരെടുത്തു കൊടുക്കാന്‍ സൂചി കടിച്ചപ്പോള്‍ സൂചിയില്‍ പതിഞ്ഞ തുപ്പല്‍പ്പാട്വരെ സോഷ്യല്‍ മീഡിയ പെര്‍ഫെക്ഷന് ഉദാഹരമായി ഉയര്‍ത്തിക്കാട്ടി. ആര്‍ട്ടിസ്റ്റ് ബേബിയുടെ വീടിനു മുന്നിലെ ആര്‍ട്ട് രൂപങ്ങള്‍. സൂക്ഷ്മതയുടെ ഉദാഹരണങ്ങളിലൊന്നായി പറയുന്നു. അതുപോലെ ഒരു വ്യക്തിക്കുണ്ടാവുന്ന പ്രശ്നം മറ്റൊരു വ്യക്തിയിലേക്ക് എങ്ങനെ പടരുന്നുവെന്നത്, ഒരു ചെയിന്‍ റിയാക്ഷന്‍പോലെ സിനിമ കാണിച്ചുതരുന്നു. ഇതെല്ലാം ആരാധകര്‍ ആഘോഷിച്ചു. അങ്ങനെ ഒറ്റ ചിത്രം കൊണ്ട് ഒരു കള്‍ട്ട് സംവിധായകനായി. അവാര്‍ഡുകളും അംഗീകാരങ്ങളും ചിത്രം വാരിക്കൂട്ടി.

തൊണ്ടിമുതലിലും കീര്‍ത്തി

ഇത്രയധികം പേര് കിട്ടിയതുകൊണ്ടുതന്നെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ദിലീഷ് പോത്തന്‍ ചിത്രത്തെക്കുറിച്ച് അല്‍പ്പം പേടിയും സിനിമാലോകത്ത് ഉണ്ടായിരുന്നു. കാരണം, അത്രയും വലിയ ഹൈപ്പാണ് ചിത്രത്തിന് കിട്ടിയത്. ആദ്യ സിനിമയില്‍ ഒരു ചക്കയിട്ടപ്പോള്‍ മുയലു ചത്തുവെന്ന് കരുതി ഇനി അങ്ങനെ ഉണ്ടാവുമോ എന്ന് കാണമെന്ന് വിമര്‍ശകരും പറഞ്ഞു. പക്ഷേ ഫഹദിനെ ഒരു കള്ളന്റെ വേഷത്തില്‍ അവതരിപ്പിച്ച ചിത്രം, മഹേഷിന്റെ മുകളില്‍പോയി. 2017-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍, സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയവും ശ്രദ്ധപിടിച്ചുപറ്റി. അലന്‍സിയര്‍, നിമിഷ സജയന്‍, വെട്ടുകിളി പ്രകാശ്, തുടങ്ങി ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചവര്‍പോലും ശ്രദ്ധിക്കപ്പെട്ടു. 2018 ലെ സംസ്ഥാന അവാര്‍ഡുകളിലും ചിത്രം തിളങ്ങി. മികച്ച സ്വഭാവ നടനായി, അലന്‍സിറും, മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരും തിരഞ്ഞെടുക്കപ്പെട്ടു.

മഹേഷിന്‍ന്റെ പ്രതികാരത്തിന്റെ പാശ്ചാത്തലവുമായി യാതൊരു തരത്തിലുള്ള ബന്ധവും മേക്കിംഗിലോ, ആഖ്യാനത്തിലും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍ പുലര്‍ത്തയില്ല. സജീവ് പാഴൂരിന്റെ തിരക്കഥയില്‍ സംഭാഷണങ്ങള്‍ എഴുതാന്‍ കൂട്ടുകൂടിയിരിക്കുന്നത് ശ്യാംപുഷ്‌കരനാണ്. മലയാളത്തില്‍ ചിലപ്പോള്‍ ആദ്യമായി ക്രിയേറ്റീവ് ഡയറക്ടര്‍ എന്ന പോസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത് ശ്യാമിന് വേണ്ടിയായിരിക്കാം. ഒരു പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് അന്വേഷണമാണ് രണ്ടേകാല്‍ മണിക്കൂര്‍ പ്രേക്ഷകനിലേക്ക് ചിത്രം പകര്‍ന്ന് നല്‍കുന്നത്. ഒരേ സംഭവം മോഷ്ടാവിന്റെയും, മോഷ്ടിക്കപ്പെട്ടവന്റെയും, പൊലീസിന്റെയും ഭാഗത്തുനിന്ന് നോക്കുമ്പോള്‍ എങ്ങനെ മാറിമറിയുന്നുവെന്ന് ചിത്രം കാണിക്കുന്നു. ഒടുക്കം. സ്വന്തമായി ഒരു ഐഡി യില്ലാത്തവന്റെ വ്യഥയും ചിത്രത്തില്‍ പരാമര്‍ശ വിധേയമാകുന്നുണ്ട്.

ഈ ചിത്രത്തിലും ഒരുപാട് പോത്തേട്ടന്‍ ബ്രില്ല്യന്‍സ് ആരാധകര്‍ കണ്ടുപിടിച്ചു. പക്ഷേ അധികമായാല്‍ അമൃതും വിഷം എന്നാണെല്ലോ? ഒരു ഘട്ടമെത്തിയപ്പോള്‍ ഇത് ട്രോളുകളുമായി. 'ചിത്രത്തില്‍ വെറുതേ ഒരു കെഎസ്ആര്‍ടിസി ബസ്സ് കാണിച്ചതല്ല പോത്തേട്ടന്‍. കെഎസ്ആര്‍ടിസി നഷ്ടത്തിലാണ് എന്ന് ബസിന്‍െ ദയീനിയാവസ്ഥയിലൂടെ പറയുകയായിരുന്നു, പോത്തേട്ടന്‍' എന്നായി ട്രോളന്‍മ്മാര്‍. എന്തിനാണ് ഫഹദ് മാല മോഷ്ടിക്കുന്നത് ബസ്സിന്റെ ഇടതുവശത്ത് നിന്ന് ആക്കിയത് എന്നറിയാമോ? അതാണത്രെ പോത്തേട്ടന്‍സ് ബ്രില്യന്‍സ്!- ഇങ്ങനെ പോയി ചില ട്രോളുകള്‍. പിന്നീട് പ്രകൃതിപ്പടങ്ങളുടെ ഒരു നീണ്ട നിരയുണ്ടായപ്പോഴും അതിനുകാരണക്കാരനായും ദിലീഷ് വിമര്‍ശിക്കപ്പെട്ടു.

പ്രതീക്ഷകാത്ത ജോജിയും

പക്ഷേ വിമര്‍ശകര്‍ പറയുന്നതുപോലെ ഒരേ പാറ്റേണിലുള്ള ചിത്രങ്ങള്‍ ചെയ്യുന്ന വെറും പ്രകൃതിപ്പടക്കാരനല്ല, ദിലീഷ് എന്ന് അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം ജോജി തെളിയിക്കുന്നു. ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ദിലീഷ് പോത്തന്‍ ജോജി എഴുതിയത്. ആമസോണ്‍ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്ത ചിത്രവും ചലച്ചിത്രപ്രേമികളെ ആകര്‍ഷിച്ചു. തന്റെ മൂന്‍ ചിത്രങ്ങളിലെ ഒരു സാമ്യവും ഇവിടെയും ഉണ്ടായിരുന്നില്ല.

കോട്ടയത്തെ പ്രമുഖ കുടുംബത്തിലെ കാരണവരായ പികെ കുട്ടപ്പന്‍ എന്നയാളേയും, മക്കളിലുടെയുമാണ് അധികാരത്തിന്റെയും ആധിപത്യത്തിന്റെയുംു കഥ ദിലീഷ് പറഞ്ഞത്. കുട്ടപ്പന്റെ ഇളയ മകനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജോജി (ഫഹദ്). ആവശ്യത്തിലധികം സമ്പാദിച്ചിട്ടുണ്ടെങ്കിലും അതൊന്നും അനുഭവിക്കാന്‍ കുട്ടപ്പന്‍ മക്കളെ അനുവദിക്കാറില്ല. അതിനാല്‍ അപ്പനോടുള്ള ഭയത്താലും, ബഹുമാനത്താലും അയാളെ അനുസരിച്ചു ജീവിച്ചിരുന്ന മക്കളില്‍ ചിലര്‍ അയാളുടെ മരണത്തിനായും ആശിക്കുന്നു. അങ്ങനെയിരിക്കെ ഒരുനാള്‍ 74 വയസ്സായെങ്കിലും ആരോഗ്യ ദൃഡഗാത്രനായിരുന്ന കുട്ടപ്പന് ഹാര്‍ട്ട് അറ്റാക്ക് വരുന്നു. മൂത്ത മകനായ ജോമോന്‍ (ബാബുരാജ്) മാത്രമാണ് അപ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെയെത്തണം എന്നാഗ്രഹിക്കുന്നത്. ഇതേ അവസരത്തില്‍ അപ്പന്റെ കട്ടിലൊഴിഞ്ഞിട്ട് തന്റെ ശുക്രനുദിക്കുന്നതും സ്വപ്നം കണ്ട് ജീവിക്കുന്ന ജോജി അതിനായി വളഞ്ഞ വഴി സ്വീകരിക്കുന്നതും തുടര്‍ന്നു അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയില്‍ കാണാനുള്ളത്.

ഈ ചിത്രത്തിലെ നായകന്‍ ഹീറോയല്ല, ദുരന്തമാണ്. മക്കളുടെ കൂട്ടത്തില്‍ മെല്ലിച്ചും എല്ലിച്ചും അതിദുര്‍ബലനാണ് ജോജി. സഹോദര പുത്രനായ പോപ്പിയില്‍ നിന്ന് കിട്ടുന്ന എയര്‍ഗണ്‍ അയാള്‍ക്ക് ബലമേകുന്നുണ്ട്. അയാള്‍ക്ക് അധികാരം പ്രയോഗിക്കാനാകുന്നത് പോപ്പിക്ക് മുന്നില്‍ മാത്രമാണ്. ലേഡി മാക്ബത്ത് സൂചനകളുള്ള ബിന്‍സി(ഉണ്ണിമായ) ചിത്രത്തില്‍ ശ്രദ്ധേയമായി. ഇരകള്‍ കെ.ജി ജോര്‍ജ്ജ് സിനിമയാണ് ജോജിയിലേക്ക് മാക്ബത്തിനേക്കാള്‍ വെളിച്ചം വീശുന്നത് എന്ന പഠനങ്ങളും പിന്നീട് ഉണ്ടായി. തന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ കെ ജി ജോര്‍ജ് ആണെന്ന്, ഒരു അഭിമുഖത്തില്‍ ദിലീഷ് പറയുന്നുണ്ട്. ഈ ചിത്രവും ദിലീഷിന് വലിയ പേരുതന്നെയാണ് ഉണ്ടാക്കിക്കൊടുത്തത്. ആദ്യ വിജയം ആക്സികമല്ല എന്ന് അയാള്‍ തുടര്‍ച്ചയായി തെളിച്ചു.

നടനത്തിലെ പോത്തേട്ടന്‍ ഇഫ്ക്റ്റ്!

ഇന്ന് അഭിനേതാവ് എന്ന നിലയിലും ദിലീഷ് തിളങ്ങി നില്‍ക്കുന്നു. മമ്മൂട്ടിയുടെ ടര്‍ബോ, ബിജുമോനോന്റെ തലവന്‍, ചെറിയ ബജറ്റില്‍ ഇറങ്ങി ഹിറ്റായി മാറിയ ഗോളം തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഈ നടനെ കാണാം. പക്ഷേ കോളജ് വിദ്യാര്‍ത്ഥിയായിക്കേ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ ഒരു വലിയ യാത്രയാണ് ഇത്. മൈസൂരില്‍ വിദ്യാര്‍ഥിയായിരിക്കെ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നതറിഞ്ഞ് കാണാനായി പോയ ദിലീഷിനെ ലാല്‍ജോസിന്റെ സഹായികള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തി. ദിലീപും സംയുക്താ വര്‍മയും സിനിമാ തിയറ്ററില്‍ ഇരിക്കുന്ന സമയത്ത് ഒപ്പമുളള കാണികളിലൊരാളായി ദിലീഷും ഇരുന്നു. പക്ഷേ സിനിമയില്‍ ആ മുഖം വ്യക്തമായിരുന്നില്ല. പക്ഷേ അതായിരുന്നു ആദ്യ അഭിനയം.

അഭിനയമികവില്‍ ദിലീഷിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കണ്ട സിനിമകളാണ് രഞ്ജന്‍ പ്രമോദിന്റെ ഒ.ബേബിയും, പത്മകുമാറിന്റെ ജോസഫും. ഔട്ട്സ്റ്റാന്‍ഡിങ് എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന പ്രകടനം ജോസഫിലാണ്. അതില്‍ തന്റെ ഭാര്യയെ കല്ലറയില്‍ അടക്കുമ്പോഴുളള മാനസിക സംഘര്‍ഷവും മറ്റും ദിലീഷ് അസാമാന്യ മികവോടെ അവതരിപ്പിക്കുകയുണ്ടായി. ചലച്ചിത്രകാരന്‍ എന്ന നിലയില്‍ പാലിക്കുന്ന മിതത്വവും ഒതുക്കവും ഭാവാഭിനയത്തിലും കൊണ്ടു വരാന്‍ ദിലീഷ് പരമാവധി ശ്രമിക്കുന്നുണ്ട്. താരത്തിന്റെ ഈ അഭിനയ മികവിനെ 'പോത്തേട്ടന്‍ എഫക്ട്'എന്ന ഓമനപ്പേരിട്ടാണ് ആരാധകര്‍ വിളിക്കുന്നത്.പക്ഷേ നടന്‍ എന്ന നിലയില്‍ തനിക്ക് ആത്മവിശ്വാസം പോരാ എന്നാണ് അഭിമുഖങ്ങളില്‍ അദ്ദേഹം പറയുന്നത്.നടനായി നിലനില്‍ക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും സ്വന്തം കാഴ്ചപ്പാടില്‍ താന്‍ അത്ര മികച്ച നടനല്ലെന്ന് അദ്ദേഹം തുറന്ന് പറയാറുണ്ട്.

ഇന്ന് വിജയിച്ച ഒരു നിര്‍മ്മാതവ് കുടിയാണ് അദ്ദേഹം. തിരക്കഥാകൃത്തും സുഹൃത്തുമായ ശ്യാം പുഷ്‌കരനുമായി ചേര്‍ന്നാണ് 'വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ' എന്ന പേരിലുള്ള ചലച്ചിത്രനിര്‍മ്മാണ കമ്പനി ദിലീഷ് തുടങ്ങിയത്. ഇതിന്റെ കീഴിലാണ് കുമ്പളങ്ങി നൈറ്റ്സ് നിര്‍മ്മിച്ചത്. ചിത്രം വമ്പന്‍ ഹിറ്റായി. എന്നാല്‍ അടുത്തതായി നിര്‍മ്മിച്ച തങ്കം എന്ന സിനിമ കലാപരമായി മികച്ചതാണെങ്കിലും, സാമ്പത്തികമായി വിജയിച്ചില്ല. പിന്നീട് അദ്ദേഹം നിര്‍മ്മാണ പങ്കാളിയായ പ്രേലുവാണ്, നുറുകോടി കടന്ന് ചരിത്രമായിരിക്കുന്നത്. പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചും, നൂറുകോടി ക്ലബിനെക്കുറിച്ചുമൊക്കെ ഈയിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. -" നൂറുകോടിയെന്ന് പറയുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് എല്ലാം കഴിച്ച് എത്ര കിട്ടുമെന്ന് ഓര്‍ക്കണം. പ്രേമലു പുര്‍ണ്ണമായും സംവിധാകയന്‍ ഗിരീഷ് എ ഡിയുടെ സിനിമയാണ്. അതിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചൊക്കെ അദ്ദേഹം തന്നെയാണ് പറയേണ്ടത്".

വാല്‍ക്കഷ്ണം: ആരാധകരെപ്പോലെ തന്നെ ദിലീഷ് പോത്തന് വിമര്‍ശകരുമുണ്ട്. പിന്നീട് പ്രകൃതിപ്പടങ്ങള്‍ എന്ന നിലയില്‍ ഒരേ ടൈപ്പിലുള്ള പടങ്ങള്‍ ഉണ്ടായതിന്റെ കാരണക്കാരനായും ദിലീഷ് പോത്തന്‍ വിമര്‍ശിക്കപ്പെട്ടു. പക്ഷേ അദ്ദേഹം സംവിധാനം ചെത്ത ചിത്രങ്ങള്‍ നൂറു ശതമാനവും എന്‍ഗേജിങ്് ആയിരുന്നു. അത് ഒരിക്കലും സൊ കോള്‍ഡ് പ്രകൃതി കാറ്റഗറിയില്‍ ആയിരുന്നില്ല.