ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ വാഹനാപകടത്തിൽ 11 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ഭരത്പൂർ ജില്ലയിലെ ഹൻത്രയിൽ ജയ്പൂർ- ആഗ്ര ഹൈവേയിലാണ് അപകടമുണ്ടായത്.

ട്രെയ്ലർ ബസിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്ന് ഭരത്പൂർ എസ്‌പി മൃദുൽ കച്വ പറഞ്ഞു. ഗുജറാത്തിലെ ഭാവ് നഗറിൽ നിന്നും ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നു ബസ്.

പുലർച്ചെ നാലരയോടെയാണ് അപകടം. ബസിൽ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. ആൻട്ര ഫ്ലൈ ഓവറിന് സമീപം നിർത്തിയിട്ട ബസിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ ട്രെയ്ലർ ഇടിക്കുകയായിരുന്നു. മരിച്ചവരിൽ അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.