കൊച്ചി: എളംകുളത്ത് യുവതിയുടെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പങ്കാളി രാംബഹദൂറിനെ നേപ്പാളിൽ നിന്ന് പിടികൂടി. കേരളാ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാംബഹദൂറിനെ നേപ്പാൾ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കേരളാ പൊലീസിന് കൈമാറും. തുടർന്ന് ഇയാളെ കൊച്ചിയിലെത്തിക്കും.

കഴിഞ്ഞ 25നാണ് എളംകുളം ടാഗോർ നഗറിലെ വീട്ടിൽ ഭാഗിരഥി ഥാമിയെന്ന യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലും കമ്പിളി പുതപ്പിലും പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന നേപ്പാൾ സ്വദേശിയായ രാംബഹദൂർ അന്ന് തന്നെ നേപ്പാളിലേക്ക് സ്ഥലം വിടുകയും ചെയ്തു.

പിന്നാലെ പൊലീസ് പ്രതിയെ തേടി നേപ്പാളിലേക്ക് തിരിച്ചിരുന്നു കടവന്ത്രയ്ക്കടുത്ത് ഗിരിനഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിലായിരുന്നു നേപ്പാളി സ്വദേശിയായ ഭഗീരഥി ധാമിയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു. യുവതിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഇവരുടെ കൂടെ താമസിച്ചിരുന്ന നേപ്പാളി സ്വദേശിയായ രാം ബഹദൂറാണ് പ്രതി.

ഭഗീരഥി ധാമിയും രാം ബഹദൂറും പരിചയക്കാരും ഒരേ നാട്ടുകാരുമാണ്.രാംബഹദൂറിന്റെ മൂന്നാമത്തെ പങ്കാളിയാണെന്ന് യുവതിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.ഭഗീരഥി ധാമിയുടെ ബന്ധുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം. പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യനേപ്പാൾ അതിർത്തിയിലെ സുരക്ഷാ സേനയ്ക്കും വിവരം കൈമാറിയിട്ടുണ്ട്.ഇതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.

തെറ്റായ മേൽവിലാസം നൽകിയാണ് രണ്ടുവർഷക്കാലം എളംകുളത്ത് താമസിച്ചിരുന്നത്. ലക്ഷ്മിയെന്നാണ് പേരെന്നും ഭർത്താവെന്ന് പരിചയപ്പെടുത്തിയ രാജ്കുമാർ ബഹദൂർ മഹാരാഷ്ട്ര സ്വദേശിയാണെന്നുമായിരുന്നു യുവതി വീട്ടുടമയെ അറിയിച്ചത്.വിവിധ സംസ്ഥാനങ്ങളിൽ പല പേരുകളിൽ ജോലി ചെയ്തിട്ടുള്ള രാം ബഹദൂർ മഹാരാഷ്ട്രയിൽ നിന്നാണ് തിരിച്ചറിയൽ രേഖ ഉണ്ടാക്കിയിരിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയെന്ന നിലയിലുള്ള ഈ രേഖ ഉപയോഗിച്ച് വാങ്ങിയ സിംകാർഡ് ആണ് കൊച്ചിയിൽ ഉപയോഗിച്ചിരുന്നത്.എന്നാൽ സംഭവത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫായി

ഇരുവരും തമ്മിൽ വഴക്കിടുന്നതും പതിവായതോടെ വീട്ടുടമ ഇവരോട് വീട് ഒഴിഞ്ഞുനൽകാൻ ആവശ്യപ്പെട്ടു. ഇതിനിടെ രണ്ടുപേരെയും കാണാതായി. ഇരുവരും നാട്ടിൽ പോയതാകുമെന്നായിരുന്നു വീട്ടുടമ കരുതിയത്. ദിവസങ്ങൾക്ക് ശേഷം വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഇവർ നൽകിയത് വ്യാജ മേൽവിലാസമാണെന്നും ഇരുവരും നേപ്പാൾ സ്വദേശികളാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഭാഗിരഥിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ നാല് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. പിടിയിലായ പ്രതിയെ കൊച്ചിയിലെത്തിച്ച ശേഷമായിരിക്കും കൊലപാതകം സംബന്ധിച്ച കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാവുക. ഭാഗീരഥിയുടെ മാതാപിതാക്കൾ വിവരമറിയച്ചതിനെ തുടർന്ന് ബംഗളൂരുവിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾ കൊച്ചിയിൽ എത്തിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹം മാതാപിതാക്കളുടെ അനുമതി തേടിയ ശേഷം ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.