ന്യൂഡൽഹി: ഡൽഹിയിൽ കാറിടിച്ച് കൊല്ലപ്പെട്ട യുവതിയെ ഒന്നര മണിക്കൂറോളമാണ് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയത്. ഈസംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കളും രംഗത്തുവന്നതോടെ മറ്റൊരു നിർഭയയാണോ എന്നാണ് ഉയരുന്ന ചോദ്യം. ഒന്നര മണിക്കൂറോളമാണ് ഖാറിൽ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയത്. പുതുവത്സരദിനത്തിൽ ഡൽഹി സുൽത്താൻപുരിയിൽ കൊല്ലപ്പെട്ട സ്‌കൂട്ടർ യാത്രക്കാരിയെയാണ് കാറിൽ മണിക്കൂറുകളോളം വലിച്ചിഴച്ചത്. കാറിനടിയിൽ യുവതി കുരുങ്ങിയിട്ടും കാറിലുണ്ടായിരുന്നവർ വാഹനം നിർത്തിയില്ലെന്നും മൃതദേഹവുമായി പലതവണ റോഡിലൂടെ മുന്നോട്ടുപോവുകയും തിരികെവരികയും ചെയ്തതായും ദൃക്സാക്ഷിയായ ദീപക് ദഹിയ മാധ്യമങ്ങളോട് പറഞ്ഞു.

അപകടമുണ്ടായ സ്ഥലത്തിന് സമീപം വ്യാപാരസ്ഥാപനം നടത്തുന്നയാളാണ് ദീപക്. ഞായറാഴ്ച പുലർച്ചെ 3.20-ഓടെയാണ് അപകടം നടന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. ''പുലർച്ചെ 3.20-ന് കടയുടെ പുറത്തുനിൽക്കുന്ന സമയത്താണ് നൂറുമീറ്റർ അകലെനിന്ന് ഒരു വലിയ ശബ്ദം കേട്ടത്. കാറിന്റെ ടയർ പൊട്ടിയതാകുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇതിനുപിന്നാലെ കാർ യാത്ര തുടർന്നു. ഇതിനിടെയാണ് കാറിനടിയിൽ മൃതദേഹം കുരുങ്ങികിടക്കുന്നത് കണ്ടത്. ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു', ദീപക് പറഞ്ഞു.

ഏകദേശം 3.30-ഓടെ നേരേ പോയ കാർ യു-ടേൺ എടുത്ത് തിരികെവന്നു. ആ സമയത്തും കാറിനടിയിൽ മൃതദേഹം കുരുങ്ങികിടക്കുകയായിരുന്നു. എന്നാൽ കാറിലുണ്ടായിരുന്നവർ വാഹനവുമായി മുന്നോട്ട് പോയി യു-ടേൺ എടുത്ത് തിരികെവരുന്നത് ആവർത്തിക്കുകയായിരുന്നു. ഇതോടെ ദീപക് ബൈക്കുമായി കാറിനെ പിന്തുടരാനും വാഹനം തടയാനും ശ്രമിച്ചു. എന്നാൽ യുവാക്കൾ കാർ നിർത്താൻ തയ്യാറായില്ല. ഏകദേശം ഒന്നരമണിക്കൂറോളം കാറിനടിയിൽ കുരുങ്ങിയ മൃതദേഹവുമായി യുവാക്കൾ യാത്രചെയ്തെന്നും ഇത് ഒരു സാധാരണ അപകടമാണെന്ന് കരുതുന്നില്ലെന്നും ദീപക് ആരോപിച്ചു.

20കാരി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന അഞ്ച് യുവാക്കളെയാണ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ദീപക് ഖന്ന(26) അമിത് ഖന്ന(25) കൃഷാൻ(27) മിഥുൻ (26) മനോജ് മിത്തൽ എന്നിവരാണ് അറസ്റ്റിലായവർ. സ്‌കൂട്ടറിൽ കാറിടിച്ചെന്നും എന്നാൽ യുവതി കാറിനടിയിൽ കുരുങ്ങിയത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നുമാണ് യുവാക്കൾ പൊലീസിന് നൽകിയ മൊഴി. നഗ്‌നമായ നിലയിലാണ് അപകടത്തിൽപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് പല സംശയങ്ങളും ഉയർന്നിരുന്നു. യുവതി പീഡനത്തിനിരയായെന്നും ആരോപണമുയർന്നു. എന്നാൽ യുവതി പീഡനത്തിനിരയായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

അതിനിടെ, ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊല്ലപ്പെട്ട യുവതിയുടെ മാതാവും ബന്ധുക്കളും പ്രതികരിച്ചു. 'ഇവന്റ് പ്ലാനറായി ജോലിചെയ്യുന്നയാളാണ് മകൾ. 'രാത്രി ഒമ്പത് മണിക്ക് ഞാൻ അവളുമായി സംസാരിച്ചിരുന്നു. പുലർച്ചെ നാലുമണിയോടെ വീട്ടിൽ എത്തുമെന്നാണ് മകൾ പറഞ്ഞിരുന്നത്. എന്നാൽ രാവിലെ പൊലീസിൽനിന്നുള്ള ഫോൺകോളാണ് എനിക്ക് വന്നത്', മാതാവ് പറഞ്ഞു.

മകളെ കൊലപ്പെടുത്തിയതാണെന്നും അതിന് മുൻപ് പ്രതികൾ മകളെ പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് മാതാവിന്റെ ആരോപണം. 'എന്റെ സഹോദരൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോളാണ് മരണവിവരം അറിയിക്കുന്നത്. തുടർന്ന് സഹോദരൻ അക്കാര്യം എന്നെ അറിയിച്ചു. കുടുംബം പുലർത്തുന്നത് അവളായിരുന്നു. ഒട്ടേറെ വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്ന അവളുടെ മൃതദേഹം ഒരു കഷണം തുണിപോലും ഇല്ലാതെയാണ് കണ്ടത്. ഇത് എന്ത് അപകടമാണ്, എനിക്ക് അറിയണം', യുവതിയുടെ മാതാവ് പറഞ്ഞു.

അതേസമയം, സുൽത്താൻപുരിയിലെ നടുക്കുന്ന സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ പൊലീസിനോട് വിശദീകരണം തേടി. സുൽത്താൻപുരിയിൽ യുവതി കൊല്ലപ്പെട്ട സംഭവം അപമാനകരമാണെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. കുറ്റക്കാരായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേനയും സംഭവത്തെ അപലപിച്ചു. സുൽത്താൻപുരിയിലെ സംഭവം ഞെട്ടലുണ്ടാക്കിയെന്നും അപമാനഭാരത്താൽ തന്റെ തലതാഴുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഡൽഹി ലഫ്.ഗവർണർ വി.കെ.സക്സേന, അപമാനഭാരത്താൽ തല താഴുന്നതായി ട്വീറ്റ് ചെയ്തു. ''പ്രതികളുടെ രാക്ഷസീയമായ നിർവികാരത ഞെട്ടലുണ്ടാക്കി. കാഞ്ചൻവാലസുൽത്താൻപുരിയിലെ മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിന്റെ അപമാനഭാരത്താൽ എന്റെ തല താഴുകയാണ്. പ്രതികളെ പിടികൂടി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കും'' സക്‌സേന പറഞ്ഞു.

പുലർച്ചെ 3.24ന് ആണ് പൊലീസ് കൺട്രോൾ റൂമിൽ ആദ്യവിവരം ലഭിച്ചത്. യുവതിയുടെ മൃതദേഹം റോഡിൽ കിടക്കുന്നതായി 4.11ന് അടുത്ത ഫോൺ വന്നു. തുടർന്നാണു പരിശോധന ശക്തമാക്കിയത്. അപകടത്തെപ്പറ്റി അറിഞ്ഞില്ലെന്നു പ്രതികൾ ചോദ്യം ചെയ്യലിൽ ആദ്യം പൊലീസിനോടു പറഞ്ഞു. അപകടമുണ്ടായെന്നും യുവതിയെ വലിച്ചിഴച്ചില്ലെന്നും പിന്നീടു മൊഴി നൽകി.

യുവതിയെ ഇടിച്ചശേഷം കടന്നുകളയാനാണു പ്രതികൾ ശ്രമിച്ചതെന്നാണു പൊലീസിന്റെ വിലയിരുത്തൽ. യുവതിയും പ്രതികളും തമ്മിൽ എന്തെങ്കിലും ഇടപാടുണ്ടോയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. വസ്ത്രങ്ങളില്ലാതെയാണു യുവതിയുടെ മൃതദേഹം കണ്ടെത്തിയതെങ്കിലും പീഡനം നടന്നിട്ടില്ലെന്നാണു നിഗമനമെന്നു ഡിസിപി ഹരേന്ദ്ര കെ.സിങ് വ്യക്തമാക്കി. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ, സത്യം പുറത്തുവരണമെന്ന് ആവശ്യപ്പെട്ടു. ഡൽഹി പൊലീസിനു സ്വാതി നോട്ടിസ് അയച്ചു.