വടക്കാഞ്ചേരി: കരുവന്നൂർ സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അറസ്റ്റിലാകുന്ന ആദ്യ സിപിഎം നേതാവാണ് വടക്കാഞ്ചേരി നഗരസഭ സിപിഎം കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആർ അരവിന്ദാക്ഷൻ. ഇഡി കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറിന്റെയും എ സി മൊയ്തീൻ എംഎൽഎയുടെയും വിശ്വസ്തനാണ് അരവിന്ദാക്ഷൻ. കേസിലെ നിർണായക വിവരങ്ങൾ അരവിന്ദാക്ഷന് അറിയാമായിരുന്നു എന്നാണ് ഇഡിയുടെ വാദം. അതേസമയം സിപിഎം നേതാവിന്റെ അറസ്റ്റോടെ ഇഡി ഉന്നത നേതാക്കളിലേക്ക് നീങ്ങുമോ എന്നാണ് അറിയേണ്ടത്.

അരവിന്ദാക്ഷനെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അത്താണി ലേക്കൽ കമ്മറ്റി അംഗമാണ് അരവിന്ദാക്ഷൻ. അതേസമയം അരവിന്ദാക്ഷന്റെ അറസ്റ്റ് രാഷ്ട്രീയമായി നേരിടാനാണ് സിപിഎം ശ്രമം തുടങ്ങിയിരിക്കുന്നത്. ഇഡിക്കെതിരെ പ്രതികരിച്ചതിന്റെ പ്രതികാരമായിട്ടാണ് പിആർ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു.

മർദനത്തിനും ഭീഷണിക്കുമെതിരെ പൊലീസിൽ പരാതിപ്പെട്ടതിന്റെ പ്രതികാരമാണ് ഈ നടപടിയെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. 'നിരവധി തവണ ചോദ്യം ചെയ്ത വിട്ടയച്ചതാണ്. ശക്തിയായി ഭീഷണിപ്പെടുത്തിയ ശേഷം അവർ ആവശ്യപ്പെട്ട മൊഴി നൽകിയില്ല. എസി മൊയ്തീൻ പണം ചാക്കിൽക്കെട്ടി കൊണ്ടുപോകുന്നത് കണ്ട് എന്നു പറയാൻ ആവശ്യപ്പെട്ടു. അതിന് തയ്യാറാകാതെ വന്നപ്പോൾ അരവിന്ദാക്ഷനെ മർദിച്ചു. അക്കാര്യം പുറത്ത് പറഞ്ഞതിനും പൊലീസിൽ പരാതി നൽകിയതിനും ഇഡി അരവിന്ദാക്ഷനെ വേട്ടയാടുകയാണ്' - ഗോവിന്ദൻ പറഞ്ഞു.

'കേന്ദ്ര ഏജൻസി എന്ന രീതിയിൽ പാർട്ടിയിലേക്ക് എത്താൻ വേണ്ടി ആരെയൊക്കെയാണോ അവർക്ക് ആവശ്യമുണ്ടാകുക അവരെ എല്ലാ എത്തിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒരു ന്യായമായ സമീപനവുമല്ല. തികച്ചും തെറ്റായ നിലപാടാണ് സ്വീകരിക്കുന്നത്. സഹകരണമേഖലയെ തകർക്കുന്നതിനുവേണ്ടിയുള്ള ബോധപൂർവമായ ശ്രമം ഏജൻസിയെ ഉപയോഗിച്ച് നടത്തുകയാണ്. അതിന് വഴങ്ങാൻ പാർട്ടിക്ക് മനസില്ല' - ഗോവിന്ദൻ പറഞ്ഞു.

കള്ളപ്പണ കേസിൽ ഒരു സിപിഎം നേതാവിനെ ഇ.ഡി കസ്റ്റഡിയിലെടുക്കുന്നത് ആദ്യമായാണ്. വടക്കാഞ്ചേരിയിലെ വീട്ടിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. കള്ളപ്പണ കേസിൽ ചോദ്യം ചെയ്യുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് അരവിന്ദാക്ഷൻ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് പി.ആർ അരവിന്ദാക്ഷൻ. സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ രേഖകളും സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അരവിന്ദാക്ഷനെ ഏഴു മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എൻ ബി ബിനു, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ജിൽസ്, മുഖ്യപ്രതി സതീശ് കുമാറിന്റെ ഭാര്യ ബിന്ദു എന്നിവരെയും വിളിച്ചു വരുത്തിയിട്ടുണ്ട്. തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ എം കെ കണ്ണന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

കരുവന്നൂർ കേസിലെ പ്രതികൾക്ക് തൃശൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടകൂടി ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് പരിശോധനയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ വഴിക്കുള്ള അന്വേഷണം. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ അയ്യന്തോളിലേയും തൃശൂരിലേയും സഹകരണ ബാങ്കുകളുമായിക്കൂടി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് എൻഫോഴ്സ്മെന്റ് ഡിറക്ടേറ്റ് കണക്കുകൂട്ടുന്നത്.

അതസമയം പി.സതീഷ്‌കുമാറിനു വേണ്ടി തൃശൂർ സഹകരണബാങ്കിൽ നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് എം.കെ.കണ്ണനെ ചോദ്യം ചെയ്തത്. സതീഷ്‌കുമാറുമായി 30 വർഷത്തെ പരിചയവും സൗഹൃദവുമുണ്ടെങ്കിലും സാമ്പത്തിക കൈമാറ്റമൊന്നും നടത്തിയിട്ടില്ലെന്നു കണ്ണൻ പറഞ്ഞു. ഒരുമിച്ചു ചായകുടിക്കാറുണ്ട്, ഫോണിൽ സംസാരിക്കാറുണ്ട് എന്നതിൽ കവിഞ്ഞ ബന്ധമൊന്നുമില്ല. ഇന്നലെ 7 മണിക്കൂർ കണ്ണനെ ചോദ്യം ചെയ്തു. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇ.ഡി.ആവശ്യപ്പെട്ടു. 29 നു വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ.ഡി. സൂചിപ്പിച്ചു.