ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ രാജസ്ഥാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വസതിയിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതാസ്‌റയുടെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. സ്വതന്ത്ര എംഎൽഎ ഓം പ്രകാശ് ഹുഡ്ലയുടെ വസതിയിലും റെയ്ഡ് പുരോഗമിക്കുകയാണ്. ഇതടക്കം ആറുസ്ഥലങ്ങളിലാണ് റെയ്ഡ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നതെന്ന് ഇഡി വ്യക്തമാക്കി.

മുൻ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കം റെയ്ഡ് നടക്കുന്നുണ്ട്. ലക്ഷ്മൺഗഡിൽനിന്നുള്ള എംഎ‍ൽഎയാണ് അദ്ദേഹം. ഇത്തവണയും അവിടെ മത്സരിക്കുന്നുണ്ട്. ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി സുഭാഷ് മഹാരിയയെയാണ് നേരിടുന്നത്. ജയ്പുരിലും സിർകാറിലുമാണ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നത്. കഴിഞ്ഞയാഴ്ചയും കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇതേ കേസിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. അന്ന് 12 ലക്ഷം രൂപയോളം പിടിച്ചെടുത്തിരുന്നു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ടിനും ഇഡി സമൻസ് അയച്ചു. ഒക്ടോബർ 27 ന് ഹാജരാകണമെന്നാണ് നിർദ്ദേശം. രാജസ്ഥാനിൽ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. സ്ത്രീകൾക്കായി കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇഡി നടപടിയെന്ന് ഗെലോട്ട് ആരോപിച്ചു. ഇന്നലെ തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രഖ്യാപിച്ചു, പിന്നാലെ ഇന്ന് ഇഡി നടപടി തുടങ്ങി. രാജസ്ഥാനിൽ വനിതകൾക്കും പാവപ്പെട്ടവർക്കും കോൺഗ്രസ് പദ്ധതികൾ കൊണ്ട് ഗുണമുണ്ടാകരിക്കാനാണ് ബിജെപി നീക്കമെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.

രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കെയാണു ഇഡി റെയ്ഡ്. കഴിഞ്ഞ ആഴ്ച ഏഴിടങ്ങളിൽ നടത്തിയ റെയ്ഡിൽ 12 ലക്ഷം രൂപയും രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു. കോൺഗ്രസ് നേതാവ് ദിനേഷ് ഖൊദാനിയയുടെയും മറ്റു ചിലരുടെയും വീടുകളിലായിരുന്നു കഴിഞ്ഞ ആഴ്ച പരിശോധന നടത്തിയത്.

കൊൽക്കത്തയിൽ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മാലികിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട അഴിമതി കേസിലാണു ബംഗാൾ വനം മന്ത്രി ജ്യോതിപ്രിയയുടെ സാൾട്ട് ലേക്ക് പ്രദേശത്തെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുന്നത്. സമാന്തരമായി കൊൽക്കത്തയിൽ എട്ടിടങ്ങളിൽ കൂടി ഇഡി റെയ്ഡ് നടത്തുന്നുണ്ട്. മന്ത്രിയുടെ പേഴ്‌സനൽ അസിസ്റ്റന്റിന്റെ ഫ്‌ളാറ്റിലും പരിശോധന നടക്കുന്നുണ്ട്.