മലപ്പുറം: ഗൾഫിൽ നിന്നും കൊടുത്തുവിട്ട സ്വർണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാളെ കൊളത്തൂർ സിഐ. സുനിൽപുളിക്കൽ അറസ്റ്റ് ചെയ്തു. താമരശ്ശേരി സ്വദേശി ഷമീറിനെയാണ് കരിപ്പൂർ എയർപോർട്ടിൽ വച്ച് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പാങ്ങ് ചന്തപ്പറമ്പ് താമസിക്കുന്നതും കഴിഞ്ഞ ജനുവരിയിൽ ഗൾഫിൽ നിന്നും നാട്ടിലെത്തി തന്റെ വീടുപണി നടക്കുന്ന സ്ഥലത്ത് നിൽക്കുകയായിരുന്ന മൊയ്തീൻഷാ എന്നയാളെ കാറിലും ബൈക്കിലുമായി വന്ന ആറോളം ആളുകൾ ചേർന്ന് ബലമായി പിടിച്ച് കാറിലേക്ക് കയറ്റി കൊണ്ടുപോയതായി മൊയ്തീൻഷാ യുടെ ജ്യേഷ്ഠനും സഹോദരിയുമാണ് കൊളത്തൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

പൊലീസ് അന്വേഷണം നടത്തുന്നതറിഞ്ഞ പ്രതികൾ പുലർച്ചെയോടെ മൊയ്തീൻഷായെ കോഴിക്കോട് കൊണ്ടുവന്ന് ഇറക്കിവിടുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ മൊയ്തീൻഷാ ഹോസ്പിറ്റലിൽ ചികിത്സ തേടിയശേഷം സ്റ്റേഷനിൽ ഹാജരായി നൽകിയ മൊഴിയുടെയടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോയി താമരശ്ശേരി യിലുള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മർദ്ദിച്ച് പരിക്കേൽപ്പിച്ചതായുംകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വധശ്രമമുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്.

വിവരം ലഭിച്ചയുടൻ തന്നെ മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം കൊളത്തൂർ സിഐ.സുനിൽ പുളിക്കലും സംഘവും സംഭവസ്ഥലത്തെ രര്േ ദൃശ്യങ്ങൾ പരിശോധിച്ചതിലും ദൃക്സാക്ഷികളോടും മറ്റും ചോദിച്ചതിലും തട്ടിക്കൊണ്ടുപോയ വാഹനത്തെ കുറിച്ചും പ്രതികളെ കുറിച്ചും സൂചനലഭിച്ചതിന്റെയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഗൾഫിൽ നിന്നും കൊടുത്തുവിട്ട സ്വർണം പ്രതികൾക്ക് കൈമാറാതെ കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു സംഘത്തിന് കൈമാറിയതുകൊണ്ട് സ്വർണ്ണത്തിന്റെ വിലയായ അമ്പതുലക്ഷം രൂപ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടാണ് താമരശ്ശേരി സ്വദേശികളായ ആറോളം പേർ മൊയ്തീൻഷായുടെ വീട്ടിലെത്തി നിരന്തരം ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയത്.

മുൻപും പലതവണ മൊയ്തീൻഷായെ അന്വേഷിച്ച് നാട്ടിൽ വന്നിരുന്നതായും സൂചനകൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് വ്യക്തമായ സൂചനലഭിക്കുകയും പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് മുഖ്യപ്രതികളിലൊരാളായ താമരശ്ശേരി സ്വദേശി ഷമീർ കരിപ്പൂർ എയർപ്പോർട്ട് വഴി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തിൽ അവിടെ വച്ച് ഇന്നലെ രാവിലെ പിടികൂടുകയും ചെയ്തു.

മറ്റുപ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും മുൻപും സമാന കേസുകളിൽ പ്രതിയായവർ കൂട്ടത്തിലുണ്ടെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ , സിഐ.സുനിൽ പുളിക്കൽ എന്നിവരറിയിച്ചു. പിടിയിലായ ഷമീറിനെ കൂടുതൽ ചോദ്യം ചെയ്തതിൽ ഷമീറും സംഘവും മുൻപും പലതവണ സ്വർണം ഗൾഫിൽ നിന്ന് കാരിയർമാർ മുഖേന നാട്ടിലേക്ക് കടത്തിയതായും ഡി.ആർ.ഐ. യിൽ ഷമീറിന്റെ പേരിൽ കേസ് നിലവിലുള്ളതായും പ്രതികളെല്ലാം സ്വർണ്ണകള്ളക്കടത്ത് മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നവരാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും സിഐ. സുനിൽ പുളിക്കൽ അറിയിച്ചു. മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ ,സിഐ.സുനിൽ പുളിക്കൽ ,എസ്ഐ.റിജി,പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.