കൊച്ചി: വീടിനുള്ളിൽ ഹൈടെക് മാതൃകയിൽ കഞ്ചാവ് ചെടി വളർത്തിയ സംഭവത്തിൽ യുവാവിനൊപ്പം അറസ്റ്റിലായ യുവതി പ്രതിയുമൊത്ത് ലിങ് ടുഗതർ തുടങ്ങിയിട്ട് ആറുമാസം. കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂർ പുത്തൻപുരയ്ക്കൽ റജിയുടെ മകൾ അപർണ(24)യാണ് വീട്ടിൽ കഞ്ചാവ് വളർത്തിയതിന് ഒപ്പം താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി അലൻ.വി.രാജു(26)വിനൊപ്പം പൊലീസ് പിടിയിലാകുന്നത്. ബിടെക് കഴിഞ്ഞ അലൻ യു.എഫ്.ഒ ടെക്നീഷ്യനും അപർണ്ണ ഇൻഫോ പാർക്കിൽ തന്നെയുള്ള ഒരു സ്ഥാപനത്തിലെ ഓപ്പറേഷൻ എക്സിക്യൂട്ടീവുമാണ്. ഇവിടെ വച്ചുള്ള പരിചയമാണ് ലിവിങ് ടുഗതറിലേക്ക് കടന്നത്.

ഇരുവരും കാക്കനാട് ഇൻഫോപാർക്കിന് സമീപം നിലംപതിഞ്ഞി മുകളിലെ അജന്ത അപ്പാർട്ട്‌മെന്റിലെ രണ്ടാം നിലയിലെ ബി ത്രീ അപ്പാർട്‌മെന്റിലാണ് താമസിച്ചിരുന്നത്. ഭര്യാ ഭർത്താക്കന്മാരാണെന്നാണ് അപ്പാർട്ട്മെന്റ് ഉടമയോട് പറഞ്ഞിരുന്നത്. അതിനാൽ തന്നെ സംശയിക്കത്തക്കവണ്ണമുള്ള കാര്യങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. ഇതിനിടയിലാണ് രഹസ്യ വിവരത്തെ തുടർന്ന് ഇൻഫോപാർക്ക് പൊലീസും സിറ്റി ഡാൻസാഫും ചേർന്ന് പരിശോന നടത്തിയത്. പരിശോധനയിൽ അപ്പാർട്ട്മെന്റിലെ അടുക്കളയോട് ചേർന്നുള്ള ഭാഗത്ത് ചെടിച്ചട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി.

ചെടിക്ക് ഒന്നര മീറ്റർ ഉയരമുണ്ടായിരുന്നു. നാലുമാസം വളർച്ച കണക്കാക്കുന്നു. ചെടിക്ക് ആവശ്യത്തിനു വായു സഞ്ചാരം ലഭിക്കുന്നതിന് ഒരു ഫാനും വെളിച്ചത്തിനായി എൽഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു. വീടിനുള്ളിൽ എങ്ങനെ കഞ്ചാവു വളർത്താം എന്ന് ഇന്റർനെറ്റിൽ നോക്കി പഠിച്ച ശേഷമാണ് ഇവർ കഞ്ചാവു ചെടി പരിപാലിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തി. ഇവർ യൂട്യൂബിൽ കഞ്ചാവിന്റെ പരിപാലനം അറിയാനായി സെർച്ച് ചെയ്തതിന്റെ വിവരങ്ങൾ പൊലീസിന് കിട്ടി.

കേസിൽ സാക്ഷിയാകാൻ പൊലീസ് വിളിച്ച സമീപ ഫ്ളാറ്റിലെ അന്തേവാസിയായ പത്തനംതിട്ട, മല്ലപ്പള്ളി കണ്ടെത്തി വീട്ടിൽ അമലി(28)നെതിരെയും പൊലീസ് കേസ് എടുത്തു. ഇയാളുടെ പരിഭ്രമം കണ്ട് പൊലീസ് ദേഹപരിശോധന നടത്തിയപ്പോൾ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വാടകയ്ക്കു താമസിച്ചിരുന്ന അലനും അപർണയുമായി അമലിന് എന്തെങ്കിലും ലഹരി ഇടപാടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻഫോപാർക്ക് എസ്എച്ച്ഒ വിപിൻദാസ്, എസ്ഐ ജയിംസ് ജോൺ, ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അപർണയ്ക്ക് ഇത് കഞ്ചാവ് ചെടിയാണെന്ന് അറിയില്ലെന്നാണ് അലന്റെ വാദം.

ഇരുവരുടെയും അപ്പാർട്ട്മെന്റിൽ എം.ഡി.എം.എയുടെ ഉപയോഗവും കച്ചവടവും ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. എന്നാൽ എം.ഡി.എം.എ കണ്ടെത്താൻ കഴിഞ്ഞില്ല. ചെടിച്ചട്ടിയിൽ വളർത്തിയ കഞ്ചാവ് സ്വന്തം ഉപയോഗത്തിന് വേണ്ടിയാണെന്നാണ് അലൻ പൊലീസിനോട് പറഞ്ഞത്. ഉപയോഗിക്കാൻ വാങ്ങിയ കഞ്ചാവിൽ നിന്നും ലഭിച്ച വിത്ത് പാകിമുളപ്പിച്ചാണ് ചെടി വളർത്തിയതെന്ന് ഇയാൾ പറഞ്ഞു.

അപർണ്ണയ്ക്ക് കഞ്ചാവാണെന്ന് അറിയില്ല എന്ന് പറഞ്ഞത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. യുവതിക്ക് ഏതെങ്കിലും തരത്തിൽ രഹരി ഇടപാടിൽ ബന്ധമുണ്ടോ എന്ന കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നും ലഹരി ഉടപാട് നടത്തിയതിന്റെ ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. മൊബൈൾ നമ്പറുകളും വാട്ട്സാപ്പ് സന്ദേശങ്ങളും അടക്കമുള്ളവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് സിറ്റി പൊലീസ് അറിയിച്ചു.