തൊടുപുഴ: തൊടുപുഴയിൽ നിന്നും അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയാണ് പൊലീസ് ഇന്ന് പിടിച്ചെടുത്തത്. ലോഡ്ജ് കേന്ദ്രീകരിച്ചുള്ള ലഹരി മരുന്നു വിൽപ്പന പിടികൂടാൻ പൊലീസ് എത്തിയപ്പോൾ യുവതി വാവിട്ടു നിലവിളിക്കുകയായിരുന്നു. 'നിന്നോട് ഞാൻ നിർത്താൻ പറഞ്ഞതല്ലേടാ...' എന്നു പറഞ്ഞുകൊണ്ടായിരുന്നു കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22)യുടെ നിലവിളി. യുവതിക്കൊപ്പം തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസാണ് പിടിയിലായത്.

നാല് വർഷത്തിലേറെയായി അടുത്ത പരിചയക്കാരാണ് ഇരുവരുമെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ ബന്ധം ഇരു വീട്ടുകാർക്കുമിടയിൽ പ്രശ്‌നമായി വളർന്നിരുന്നു. ബന്ധുക്കളുടെ പരാതിയിൽ വിഷയം പൊലീസ് സ്‌റ്റേഷനിലുമെത്തി. യുവാവിന്റെ ലഹരിമാഫിയാ ബന്ധമായിരുന്നു വിഷയമായിരുന്നത്. പൊലീസ് താക്കീതു ചെയ്ത വിട്ടെങ്കിലും ഇരുവരും വീണ്ടും ബന്ധം തുടർന്നു. തൊടുപുഴയിലെ ടെക്‌സ്റ്റെയിൽസിൽ ജോലിയുണ്ടെന്ന് പറഞ്ഞായിരുന്നു അക്ഷയ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നത്.

എന്നാൽ, യൂനസ് യുവതിയെ തന്റെ ലഹരി വിൽപ്പനക്കും മറയാക്കിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. യുവതിക്കും യുവാവിന്റെ ലഹരി വിൽപ്പനയെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നു. തൊടുപുഴയിലെ ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽനിന്ന് 6.6 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. വിപണിയിൽ അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ തൊടുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ലോഡ്ജിൽ പരിശോധന നടത്തിയത്. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനാണ് യുവതിയെ ഒപ്പം കൂട്ടിയതെന്ന് യൂനുസ് പൊലീസിനോട് പറഞ്ഞു. യുവാവ് ഇതിനുമുമ്പും ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നു.

കുറച്ചുദിവസം മുമ്പ് പൊലീസിന് ഇതുസംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുദിവസമായി ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവതിയും യുവാവും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജിൽ എത്തിയിരുന്നു. പൊലീസ് സംശയിക്കാതിരിക്കാൻ ലോഡ്ജ് കേന്ദ്രീകരിച്ച് 22-കാരിയായ അക്ഷയയെ ഉപയോഗിച്ച് വിൽപ്പന നടത്തുകയായിരുന്നു പതിവ്. എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതുവരെ ഇവിടെ താമസിക്കുന്നതായിരുന്നു ഇവരുടെ രീതി.

തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കാണ് ഇവർ പ്രധാനമായും ലഹരിമരുന്ന് വിൽപന നടത്തിയിരുന്നത്. മയക്കുമരുന്ന് ചൂടാക്കുന്നതിനുള്ള സ്ഫടിക കുഴലും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള ചെറിയ പാക്കറ്റുകളും ലോഡ്ജ് മുറിയിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

പിടികൂടുമ്പോൾ യുവതി വലിയ വായിൽ നിലവിലിച്ചിരുന്നു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധനകൾക്ക് ശേഷമേ വ്യക്തമാകുകയുള്ളൂ. ഓണക്കാലമായ പശ്ചാത്തലത്തിൽ തൊടുപുഴ മേഖലയിലേക്ക് വ്യാപകമായി സിന്തറ്റിക് ലഹരി ഒഴുകുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.