പാലക്കാട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ.)യുടെ നിരോധനത്തിന് ശേഷം തീവ്രസ്വഭാവമള്ള മറ്റ് സംഘടനകൾ ബദലായി രൂപീകരക്കാതിരിക്കാൻ നിരീക്ഷണം ശക്തമാക്കി അന്വേഷണ ഏജൻസികൾ. പി.എഫ്.ഐ നിരോധനത്തിന് ശേഷം ബദൽസംഘടന രംഗത്തുവരാതിരിക്കാൻ വേണ്ടിയാണ് ദേശീയ അന്വേഷണ ഏജൻസി ജാഗ്രത പാലിക്കുന്നത്. ഇതോടെ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ചവരിലേക്ക് കൂടുതൽ നിരീക്ഷണം കർശനമാക്കി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറി സ്ലീപ്പർ സെല്ലുകളായവരെയും കർശന നിരീക്ഷണത്തിലാക്കാനാണ് നീക്കം.

സന്നദ്ധസംഘടനകളുടെ രജിസ്ട്രേഷൻ, അസാധാരണമായ കൂട്ടായ്മകൾ, സാമൂഹികമാധ്യമങ്ങൾ എന്നിവയെല്ലാം എൻ.ഐ.എ.യുടെ നിരീക്ഷണത്തിലാണ്. നിരോധനത്തിനു മുൻപു തന്നെ പി.എഫ്.ഐ. പ്രവർത്തകരുടെയും നേതാക്കളുടെയും വിവരങ്ങൾ എൻ.ഐ.എ. ശേഖരിച്ചിരുന്നു. ഇവരുടെ തൊഴിലിടങ്ങൾ, ഇവർ പോകുന്ന സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരം എൻ.ഐ.എ.യുടെ കൈവശമുണ്ട്. പ്രവർത്തകർ സംഘടിക്കുന്ന സ്ഥലങ്ങൾ, സാമൂഹിക മാധ്യമങ്ങളിലെ കമന്റുകൾ, സംഘടനയുടെ ഓഫീസുകൾ എന്നിവയെക്കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

നേതാക്കളുടെ സാമ്പത്തികവിവരങ്ങൾ, സംഘടനയുടെ പ്രവർത്തനത്തിന് സഹായം നൽകിയവർ, സഹായം നൽകിയവരുടെ സാമ്പത്തികസ്രോതസ്സ്, ബിസിനസ് പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. തീവ്ര ആശയവുമായി മറ്റേതെങ്കിലും ഇടപെടലുകൾ നടത്തുന്നവരെയും നിരീക്ഷിക്കും. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ചേർന്നുപ്രവർത്തിക്കുന്നവരും നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.

അതേസമയം മാറഞ്ചേരി പുറങ്ങിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലും ട്രാവൽസിലും കഴിഞ്ഞദിവസം എൻഐഎ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് നിരവധി രേഖകളാണ്. പിഎഫ്ഐ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന അസ്ലമിന്റെ വീട്ടിലും തറവാട് വീട്ടിലും ട്രാവൽസിലുമായിരുന്നു ഒരേസമയം റെയ്ഡ്.
കഴിഞ്ഞദിവസം പുലർച്ച അഞ്ചിന് തുടങ്ങിയ റെയ്ഡ് മൂന്നര വരെ നീണ്ടു. പോപ്പുലർ ഫ്രണ്ടിന് പണം വരുന്ന വഴികൾ അടക്കാനാണ് ഏജൻസികളുടെ ശ്രമം.

സംഘം എത്തുന്ന സമയത്ത് സുബ്ഹ് നിസ്‌കാരത്തിനായി പോയതിനാൽ അസ്ലം വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയ അസ്ലമിനെ എൻഐഎ ചോദ്യംചെയ്തു. മൊബൈൽ ഫോൺ, ഹാർഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. ഹൈദരബാദിൽനിന്നുള്ള ആറ് എൻഐഎ ഉദ്യോഗസ്ഥരും 30 പൊലീസുകാരും എട്ട് റവന്യൂ ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്നാണ് സൂചന.

അതിനിടെ കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടാൻ സംസ്ഥാന സർക്കാറും നീക്കം തുടങ്ങി. പോപ്പുലർ ഫ്രണ്ടിന്റേയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റേയും സ്വത്തുക്കൾ കണ്ടുക്കെട്ടാനാണ് നീക്കം. പി.എഫ്.ഐ. കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും നടന്ന റെയ്ഡിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ടാണ് നടപടി. ഹർത്താലിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

ഹർത്താലിന് നേതൃത്വം നൽകിയ നേതാക്കളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. ഹൈക്കോടതിയിലുള്ള കേസിലെ 12, 13 കക്ഷികളാണ് പോപ്പുലർ ഫ്രണ്ടും അബ്ദുൾ സത്താറും. ഇവരുടെ സ്വത്തുവിവരം തേടി രജിസ്‌ട്രേഷൻ ഐ.ജിക്ക് സംസ്ഥാന പൊലീസ് മേധാവി കത്ത് നൽകി. കത്തിന് ലഭിക്കുന്ന മറുപടി അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. ഇവരുടെ സ്വത്തുക്കൾ ഏതാണെന്ന് പരിശോധിക്കും. തുടർന്നായിരിക്കും കണ്ടുകെട്ടലിലേക്ക് കടക്കുക.

പോപ്പലർ ഫ്രണ്ട് സെപ്റ്റംബർ 23 ന് നടത്തിയ വിവാദ ഹർത്താലിൽ മൊത്തം ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്ക്. 86 ലക്ഷം രൂപയുടെ പൊതുമുതലാണ് ഹർത്താലിൽ നശിപ്പിക്കപ്പെട്ടതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടം16 ലക്ഷത്തോളം രൂപയുടേതാണെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇത് രണ്ടും കൂടി ചേർക്കുമ്പോൾ മൊത്തം ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

പാലക്കാട് ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന ശ്രീനിവാസൻ വധക്കേസ് എൻ.ഐ.എ. ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. സി.എ. റൗഫിനേയും എസ്.ഡി.പി.ഐ. സംസ്ഥാന സമിതി അംഗം യഹിയ കോയ തങ്ങളേയും ഈ കേസിൽ പ്രതിചേർത്തു. പി.എഫ്.ഐയുമായി ബന്ധപ്പെട്ട കേസിൽ യഹിയ കോയ തങ്ങൾ നിലവിൽ വിയ്യൂർ സെൻട്രൽ ജയിയിൽ അതീവസുരക്ഷാ ജയിലിലാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈർ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസമാണ് ശ്രീനിവാസൻ വധം. സുബൈർ കൊല്ലപ്പെട്ട ദിവസം ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നപ്പോൾ അവിടെ വെച്ച് വധഗൂഢാലോചന നടത്തിയെന്നാണ് റൗഫിനെതിരെ ചുമത്തിയ കുറ്റം.