ഗാന്ധിനഗർ: കാമുകനുമൊത്തുള്ള ജീവിതത്തിന് തടസ്സമാകാതിരിക്കാൻ രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. സൂറത്തിലെ ഡിൻഡോലിയിൽ നിർമ്മാണത്തൊഴിലാളിയായ നയന മാണ്ഡവിയാണ് പൊലീസിന്റെ പിടിയിലായത്. കുട്ടിയെ കൊന്ന് മാലിന്യക്കുഴിയിൽ തള്ളിയ ശേഷം കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെടുകയും തെറ്റായ വിവരം നൽകി പൊലീസ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തു. കുറ്റകൃത്യം മറയ്ക്കാൻ യുവതി 'ദൃശ്യം' സിനിമ പലതവണ കണ്ടതായും പൊലീസ് വ്യക്തമാക്കി.

വീർ മാണ്ഡവി എന്ന രണ്ടര വയസ്സുകാരനായ മകനെയാണ് അമ്മ നയന മാണ്ഡവി കൊലപ്പെടുത്തിയ ശേഷം മാലിന്യക്കുഴിയിൽ തള്ളിയത്. ശേഷം കുട്ടിയെ കാണാനില്ലെന്ന് നയന പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. നയനയുടെ പരാതിയിൽ അന്വേഷണം ഊർജിതമാക്കിയ പൊലീസ് നയന ജോലിചെയ്യുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം തുടങ്ങി. എന്നാൽ കുട്ടി അമ്മയുചെ ജോലി സ്ഥലം വിട്ട് പുറത്തേയ്ക്ക് പോയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കുട്ടിയെ കണ്ടെത്താൻ പൊലീസ് നായയുടെ സഹായം തേടിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

പൊലീസ് സംഘം മൂന്ന് ദിവസം തുടർച്ചയായി നാടടച്ച് കുട്ടിക്കു വേണ്ടി തിരച്ചിൽ നടത്തി എങ്കിലും യാതൊരു തുമ്പും കണ്ടെത്താനായില്ല. ഇതോടെ പൊലീസിന്റെ സംശയം വീണ്ടും കുട്ടിയുടെ അമ്മയ്ക്ക് നേരെയായി. എന്നാൽ അന്വേഷണം വഴി തിരിച്ചു വിടാനാണ് യുവതി ശ്രമിച്ചത്. ഝാർഖണ്ഡിലുള്ള തന്റെ കാമുകൻ കുട്ടിയെ കടത്തിക്കൊണ്ടുപോയതായി യുവതി ആരോപണം ഉന്നയിച്ചു. പൊലീസ് ഇയാളുമായി ബന്ധപ്പെട്ടെങ്കിലും സൂറത്തിന്റെ പരിസരത്ത് ഇയാൾ വന്നുപോയതായുള്ള സൂചനകളൊന്നും കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ പൊലീസ് വീണ്ടും കുഴങ്ങി.

പൊലീസിന്റെ സംശയമുന വീണ്ടും നയനയിലേക്ക് തന്നെ നീങ്ങി. കാരണം നയന തൊഴിലെടുക്കുന്ന സ്ഥലത്തുനിന്ന് കുട്ടി പുറത്തുപോകുന്നതിന്റേയോ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റേയോ തെളിവുകൾ ലഭിക്കാത്തതാണ് പൊലീസിനെ കുഴക്കിയത്. ഇതോടെ ഇവരെ വീണ്ടും ചോദ്യം ചെയ്യാന് പൊലീസ് തീരുമാനിച്ചു.
തുടർച്ചയായ ചോദ്യം ചെയ്യലിൽ മകനെ കൊലപ്പെടുത്തിയതാണെന്ന കാര്യം പ്രതി ഏറ്റുപറഞ്ഞു. കുഴിയിൽ മൃതദേഹം അടക്കം ചെയ്തതായും നയന മൊഴി നൽകി. എന്നാൽ പൊലീസിന് കുഴിയിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. സമീപത്തെ കുളത്തിൽ മൃതശരീരം എറിഞ്ഞുവെന്നായിരുന്നു നയനയുടെ പിന്നീടുള്ള മൊഴി. കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കിട്ടിയില്ല.

തുടർന്നു വീണ്ടും ചോദ്യം ചെയ്തപ്പോൾ ഇവർ സത്യം പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മാലിന്യക്കുഴിയിൽ കുഞ്ഞിന്റെ ശരീരം എറിഞ്ഞതായി ഇവർ പൊലീസിനോട് കുറ്റ സമ്മതം നടത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ അവിടെനിന്ന് മൃതദേഹം പൊലീസ് കണ്ടെടുത്തു. കുട്ടിയുമായെത്തിയാൽ നയനയെ സ്വീകരിക്കാനാവില്ലെന്ന് ഝാർഖണ്ഡിലുള്ള കാമുകൻ പറഞ്ഞിരുന്നു. ഇതോടെയാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതി മൊഴി നൽകി.

ദൃശ്യം സിനിമ കണ്ടാണ് മൃതദേഹം ഒളിപ്പിക്കാനുള്ള ആശയം ലഭിച്ചതെന്നും പ്രതി അറിയിച്ചു. സിനിമയിലുള്ളതുപോലെ ചെയ്താൽ ഒരിക്കലും പിടിക്കപ്പെടില്ലെന്നും ഝാർഖണ്ഡിലെത്തി കാമുകനുമായി പുതിയ ജീവിതം ആരംഭിക്കാമെന്നുമായിരുന്നു പ്രതിയുടെ വിശ്വാസം.