കോഴിക്കോട്: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ്. ദേശീയ അന്വേഷണ ഏജൻസി അർദ്ധരാത്രിക്കുശേഷമാണ് റെയ്ഡ് ആരംഭിച്ചത്. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോഴിക്കോട്ടെ ംസ്ഥാന കമ്മിറ്റി ഓഫീസും റെയ്ഡിൽ ഉൾപ്പെടും. പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും റെയ്ഡിന്റെ ഭാഗമാണ് എന്ന് സൂചനയുണ്ട്.

50 സ്ഥലങ്ങളിലാണ് ഒന്നിച്ച് പരിശോധന നടക്കുന്നത്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തനംതിട്ടയിൽ രണ്ടിടത്ത് അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്. ജില്ലാ പ്രസിഡന്റിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂർ പറക്കോട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ്. കണ്ണൂരിലും റെയ്ഡ് നടക്കുന്നുണ്ട്. കേന്ദ്ര സേനയുടെ സഹായത്തോടെ ആണ് പരിശോധന നടന്നത്. ഇതിനെതിരെ തിരുവനന്തപുരത്ത് പ്രവർത്തകർ പ്രതിഷേധിച്ചു.

റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു. 'സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുക.'

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യാ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സെപ്റ്റംബർ 18 ന് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂർ, നന്ദ്യാൽ, തെലങ്കാനയിലെ ജഗ്തിയാൽ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതിനു പിന്നാലെയാണ് രാജ്യവ്യാപക റെയ്ഡ് നടക്കുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ 17ന് കോഴിക്കോട്ട് വൻ റാലി നടത്തിയിരുന്നു. റാലിയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഈ പ്രസംഗത്തിനെതിരെ സമസ്തയും രംഗത്തുവന്നിപുന്നു. ശത്രുക്കൾക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന രീതിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അഫ്‌സൽ ഖാസിമി നടത്തിയ പ്രസംഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമസ്ത നേതാക്കൾ കുറ്റപ്പെടുത്തി.

ഇസ്‌ളാംമത വിശ്വാസികൾക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കണമെന്നും വേണ്ടിവന്നാൽ രക്തസാക്ഷിത്വം വരിക്കണമെന്നുമെല്ലാമായിരുന്നു ഹദീസിനെ ഉദ്ദരിച്ചുകൊണ്ട് ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ നേതാവ് കൂടിയായ അഫ്‌സൽ ഖാസിമിയുടെ പ്രസംഗം. എന്നാൽ ഹദീസിനെ വളച്ചൊടിച്ച് അവതരിപ്പിച്ച് ഇസ്‌ളാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തിയാണിതെന്ന വിമർശനവുമായി ഇരു വിഭാഗം സമസ്ത നേതാക്കളും രംഗത്തെത്തി.

അക്രമികളെ സൗമ്യതയിലും സഹിഷ്ണുതയിലും ക്ഷമയിലും കീഴ്‌പ്പെടുത്തണമെന്ന ഹദീസിലെ ആശയത്തെ അഫ്‌സൽ ഖാസിമി വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി ആരോപിച്ചു. പ്രവാചക ചരിത്രം മുഴുവൻ പറയാതെ അണികളിൽ പൊട്ടിത്തെറി ഉണ്ടാക്കാനുള്ള ശ്രമമാണ് പോപ്പുലർ ഫ്രണ്ടിന്റേതെന്നായിരുന്നു എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരിന്റെ വിമർശനം. വൈകാരികതയും തീവ്ര ചിന്തയും ഇളക്കി വിടുന്ന പോപ്പൂലർ ഫ്രണ്ടിന് പ്രവാചകന്റെ ചരിത്രം മുഴുവൻ വേണ്ട.സഹിഷ്ണുതയുടെ കഥയല്ല ഇവർക്ക് വേണ്ട്.തീവ്ര സംഘങ്ങളുടെ ശൈലി ഇതാണെന്നും സത്താർ പന്തല്ലൂർ ഫേസ്‌ബുക്കിൽ കുറിച്ചു. സംഘടന വളര്ത്താൻ വേണ്ടി ചിലർ ഹദീസ് സംബന്ധിച്ച് തെറ്റദ്ധാരണ പരത്തുകയാണെന്ന് കേരള മുസ്‌ളീം ജമാ അത്ത് സെക്രട്ടറി പേരോട് അബ്ദു റഹ്മാൻ സഖാഫിയും പറഞ്ഞു.