കൊല്ലം: കൊല്ലത്തെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായ പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. തമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയിൽ നിന്നാണ് കേസിലെ 3 പ്രതികൾ പിടിയിലായതെന്നാണ് വിവരം. ഈ മൂന്ന് പേരും ഒരു കുടുംബത്തിലുള്ളവരാണെന്നാണ് സൂചന. ഒരു പുരുഷനും രണ്ടു സ്ത്രീകളുമാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ദമ്പതികളും മകളുമാണ് കസ്റ്റഡിയിലുള്ളത്.

തമിഴ്‌നാട്ടിൽ നിന്നും പിടിയിലായ പ്രതികളെ അടൂർ എ ആർ ക്യാമ്പിൽ എത്തിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ വസ്തുത അറിയാൻ വേണ്ടി ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവർ കസ്റ്റഡിയിൽ ഉള്ളവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ തട്ടിക്കൊണ്ടു പോകൽ കേസിന് പിന്നിലെ ചുരുളഴിയുകയുള്ളൂ. എന്താണ് തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ചോദിച്ചതിന് പിന്നിലെന്നാണ് അറിയേണ്ട കാര്യം. ഇതേക്കുറിച്ച് വരും മണിക്കൂറുകളിൽ വ്യക്തമാകും എന്നാണ് അറിയുന്നത്.

അതേസമയം ഓയൂരിലെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ അറിയില്ലെന്ന് കുട്ടി പറഞ്ഞതായും വാർത്തകൾ വരുന്നുണ്ട്. ഇവരുടെ ചിത്രങ്ങൾ കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടിയുടെ വീട്ടിൽ വച്ചാണ് ചിത്രങ്ങൾ കാണിച്ചത്. പ്രതിയെന്ന് സംശയിക്കുന്നവരിൽ ഒരാളെയും കസ്റ്റഡിയിലെടുത്ത നീല കാറും അടൂരിലെത്തിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ അഞ്ചാം ദിവസമാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പിടിയിലായവർക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് നിലവിൽ 3 പേർ പിടിയിലായിരിക്കുന്നത്.

തെങ്കാശി പുളിയറയിൽ നിന്നാണ് മൂന്നു പേരെയും കൊല്ലം കമ്മിഷണറുടെ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പ്രതികളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ സഹായത്തോടെയാണ് രേഖാചിത്രം തയാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാറിന്റെ ഡ്രൈവറുടെയും കുട്ടിയെ ആശ്രമത്തിൽ ഉപേക്ഷിച്ച സ്ത്രീയുടെയും രേഖാചിത്രങ്ങളാണ് പുറത്തുവിട്ടത്.

പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ച് വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പൊലീസിന്റെ 9497980211 എന്ന നമ്പറിൽ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്നു കുട്ടി. വ്യാഴാഴ്ച വൈകീട്ടാണ് ആശുപത്രി വിട്ടത്. പൊലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്. കേസുമായി പെൺകുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഏതന്വേഷണവും നേരിടാൻ തയാറാണെന്നാണ് പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

ഓയൂരിൽ നിന്ന് തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് നാലംഗ സംഘം 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിൽ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയും ജ്യേഷ്ഠനും ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.