പത്തനംതിട്ട: പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന സ്‌നേഹയെ കാണാൻ താൽപര്യമുണ്ടെന്ന് അനുഷ പറഞ്ഞപ്പോൾ, അരുൺ കൂടുതലൊന്നും ആലോചിച്ചില്ല. ആയിക്കോട്ടെ എന്നുപറഞ്ഞു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഡിസ്ചാർജിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാത്തിരിക്കുകയായിരുന്നു സ്‌നേഹയും അമ്മയും. അപ്പോഴാണ് നഴ്‌സിന്റെ ഓവർകോട്ടുമണിഞ്ഞ് അനുഷ മുറിയിലേക്ക് കയറി വന്നത്.

ഡിസ്ചാർജിന് മുൻപ് ചെയ്യേണ്ട ഇഞ്ചക്ഷൻ ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതി മൂന്ന് തവണ സ്‌നേഹയുടെ കയ്യിൽ കുത്തിയത്. സ്‌നേഹയുടെ അമ്മ സംശയം തോന്നി ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാരെ എത്തി അനുഷയെ പിടികൂടുകയായിരുന്നു. എയർ എംബോളിസം വരുത്തി സ്‌നേഹയെ കൊലപ്പെടുത്തുകയും, അരുണിനെ സ്വന്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമായിരുന്നു അനുഷയ്ക്ക് എന്നാണ് പൊലീസ് പറയുന്നത്. അതിന് പിന്നിൽ കൃത്യമായ ആസൂത്രണവും ഉണ്ടായിരുന്നു.

മരുന്നില്ലാതെ, വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് ഇഞ്ചക്ഷൻ ചെയ്താൽ രക്ത ധമനികളിൽ ബ്ലോക്ക് ഉണ്ടാകും, മരണം സംഭവിക്കും. ഫാർമസി കോഴ്‌സ് പഠിച്ച അനുഷയ്ക്ക് ഇത് നല്ലതുപോലെ അറിയാമായിരുന്നു എന്ന് പൊലീസ് പറയുന്നു. പ്രതിയായ അനുഷയും, വധശ്രമത്തിനിരയായ സ്‌നേഹയുടെ ഭർത്താവ് അരുണും തമ്മിൽ ഏറെക്കാലമായി അടുപ്പമുണ്ട്. പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന സ്‌നേഹയെ കാണാൻ ആഗ്രഹം ഉണ്ടെന്ന് അനുഷ തന്നെയാണ് അരുണിനോട് പറഞ്ഞത്. പക്ഷേ ആശുപത്രിയിൽ എത്തി, നഴ്‌സായി വേഷമണിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുമെന്ന് അറിയില്ലായിരുന്നു എന്നാണ് അരുൺ പൊലീസിനോട് പറയുന്നത്. അനുഷയുടെ ഫോണിലെ ചാറ്റുകൾ അടക്കം ക്ലിയർ ചെയ്തിരിക്കുകയാണ്. കൊലപാതകം ആസൂത്രണം ചെയ്തതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ പൊലീസ് ശാസ്ത്രീയമായ പരിശോധന നടത്തും. കൃത്യം നടത്താൻ സിറിഞ്ചും കോട്ടും ഒക്കെ വാങ്ങിയ കായംകുളം പുല്ലുകുളങ്ങരയിലെ കടയിലെത്തിച്ച് അനുഷയെ പൊലീസ് തെളിവെടുത്തു.

പ്രതിയെ സ്ഥാപനങ്ങളിലെ ജീവനക്കാർ തിരിച്ചറിഞ്ഞു. കിളികൾക്ക് മരുന്ന് നൽകാനെന്ന് പറഞ്ഞാണ് അനുഷ സിറിഞ്ച് വാങ്ങിയതെന്നാണ് വിവരം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതി കടയിൽ എത്തിയതെന്ന് മെഡിക്കൽ സ്റ്റോർ ഉടമയും പ്രതികരിച്ചു. 'ഒരു സിറിഞ്ചും രണ്ട് ഗ്ലൗസുകളും ഒരുറോൾ കോട്ടണും വാങ്ങി. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയമൊന്നും തോന്നിയില്ല. ഇപ്പോളാണ് സംഭവമെല്ലാം അറിയുന്നത്. അവർ നേരത്തെയൊന്നും കടയിൽ വന്നിട്ടില്ല', മെഡിക്കൽ സ്റ്റോർ ഉടമ പറഞ്ഞു.

കായംകുളത്തെ ഒരു കടയിൽ നിന്നാണ് അനുഷ നഴ്സിങ് കോട്ട് വാങ്ങിയത്. ഈ കടയിലെ ജീവനക്കാരിയും പ്രതിയെ തിരിച്ചറിഞ്ഞു. നിലവിൽ അനുഷ മാത്രമാണ് കേസിലെ പ്രതിയെന്നും അന്വേഷണം തുടരുകയാണെന്നുമാണ് തിരുവല്ല ഡിവൈ.എസ്‌പി. അർഷാദ് മാധ്യമങ്ങളോട് പറഞ്ഞത്. എങ്ങനെ ആശുപത്രിമുറിയിൽ കൃത്യമായി എത്തിയെന്ന് അന്വേഷിക്കുകയാണ്. അക്കാര്യത്തിൽ അന്വേഷിച്ച് വ്യക്തത വരുത്തണം. ആശുപത്രിയിൽ വരുന്നതിന് മുൻപ് അരുണിനെ വിളിച്ചോ എന്നതൊന്നും അറിയില്ല. പ്രതിയുടെ കോൾ ഡീറ്റെയിൽസ് എടുക്കുകയാണെന്നും ഡിവൈ.എസ്‌പി. പറഞ്ഞു.

'ഭാര്യ വേസ്റ്റ് ഇടാൻ പോയപ്പോളാണ് അവർ അകത്തുകയറിയത്. ആദ്യം ഒന്ന് കുത്തി, രണ്ടുകുത്തി. മൂന്നാമതും കുത്താൻ ശ്രമിച്ചപ്പോളാണ് മകൾക്ക് സംശയം തോന്നി ചോദിച്ചത്. താൻ രണ്ടുദിവസം ലീവായിരുന്നുവെന്നും ലീവ് കഴിഞ്ഞ് ഇന്നാണ് വന്നതെന്നുമായിരുന്നു അവരുടെ മറുപടി. ഇത് എന്തിനുള്ള കുത്തിവെയ്‌പ്പാണെന്ന് ചോദിച്ചപ്പോൾ പ്രസവം കഴിഞ്ഞവർക്ക് സാധാരണ എടുക്കുന്നതാണെന്നും പറഞ്ഞു. ഇതോടെ മകൾ അമ്മയെ വിളിച്ച് അവർ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കണമെന്നും സംശയമുണ്ടെന്നും പറഞ്ഞു. നോക്കിയപ്പോൾ യുവതി ലിഫ്റ്റിലേക്ക് പോകുന്നത് കണ്ടു. ഉടൻ നഴ്‌സിങ് റൂമിൽ പറഞ്ഞു. അവരാണ് പിടികൂടിയത്-സ്നേഹയുടെ അച്ഛൻ പ്രതികരിച്ചു.

എനിക്ക് പരിചയമില്ല. മരുമകന്റെ സുഹൃത്തിന്റെ അനുജത്തിയാണ് പെൺകുട്ടി. സ്‌നേഹയെ വന്ന് കാണട്ടെയെന്ന് അവൾ മരുമകനെ വിളിച്ച് ചോദിച്ചെന്നും വന്നു കാണാൻ പറഞ്ഞെന്നുമാണ് മരുമകൻ പറഞ്ഞത്. സ്‌നേഹയും അനുഷയും പരിചയമില്ല. രണ്ടാം വിവാഹത്തിന് മരുമകൻ പറഞ്ഞതനുസരിച്ച് സ്‌നേഹയും സഹോദരനും പോയിരുന്നു. അവർക്ക് വിവാഹ സമ്മാനവും നൽകി-അച്ഛൻ പറയുന്നു. അനുഷയുടെ സഹോദരിക്കൊപ്പമാണ് അരുൺ പഠിച്ചതെന്നാണ് സൂചന. അതിനപ്പുറത്ത് അനുഷയെ കുറിച്ച് അറിയില്ലെന്നാണ് നിലപാട്. യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്നാണ് പൊലീസ് സംശയിക്കുന്നത്.

യുവതിയെ കൊലപ്പെടുത്തി അവരുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ എമ്പോളിസം എന്ന മാർഗ്ഗമാണ് പ്രതി സ്വീകരിച്ചത്. ആശപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇന്നലെ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പ്രതിയുടെ ഫോൺ വിവരങ്ങളാണ് പൊലീസ് ആദ്യം പരിശോധിച്ചത്. എങ്ങനെയാണ് പ്രതി ആശുപത്രിയിൽ എത്തിയത് എന്നാണ് പൊലീസ് പരിശോധിച്ചത്. അക്രമത്തിന് ഇരയായ യുവതിയുടെ ഭർത്താവിനെ വിളിച്ചാണ് ആശുപത്രിയിൽ എത്തിയത് എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ ഫോണിലെ ചാറ്റുകൾ ക്ലിയർ ചെയ്തത് സംശയകരമാണെന്ന് പൊലീസ് പറയുന്നു.

അരുണും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറഞ്ഞില്ലെന്നും ഇതേ തുടർന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. ആക്രമിക്കപ്പെട്ട യുവതിയുടെ കുടുംബത്തിന് ഭർത്താവിനെതിരെ പരാതിയില്ലെന്നും സംശയം നീക്കാൻ വേണ്ടി മാത്രമാണ് വിളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. നഴ്‌സിന്റെ വേഷത്തിൽ ആശുപത്രിക്കുള്ളിൽ കടന്ന പുല്ലകുളങ്ങര കണ്ടല്ലൂർ വെട്ടത്തേരിൽ കിഴക്കേതിൽ അനുഷ ( 25)യുടെ നീക്കം ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് പൊളിഞ്ഞത്. തിരുവല്ല പുളിക്കീഴ് പൊലീസ് അനുഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.