ആലപ്പുഴ: ശബരിമല തീർത്ഥാടകർക്കു നേരെ ആലപ്പുഴയിൽ ആക്രമണം. സന്നിധാനത്തുനിന്ന് മടങ്ങവേയാണ് ആലപ്പുഴയിൽവച്ച് ഒരു സംഘം തീർത്ഥാടക സംഘം ആക്രമിക്കപ്പെട്ടത്. മലപ്പുറം സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റു. ആക്രമിച്ച യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഒരു റിയാലിറ്റി ഷോ താരത്തിനൊപ്പമെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് മൊഴി.

ആലപ്പുഴ കളർകോട് ജംഗ്ഷനിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന ഒമ്പതുവയസുകാരിയുടെ കൈക്ക് പരിക്കേറ്റു. ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ കളർകോട് ബൈപ്പാസിനു സമീപമുള്ള ഒരു ഹോട്ടലിൽ നിർത്തിയിട്ടിരുന്ന തീർത്ഥാടക സംഘത്തിന്റെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. നിലമ്പൂർ സ്വദേശിയായ വിഷ്ണും ബന്ധുക്കളും ഉൾപ്പെടുന്ന സംഘം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം.

വിഷ്ണുവിന്റെ മകൾ അലീന ഹോട്ടലിനു പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരിനിന്നതാണ് പ്രശ്‌നങ്ങൾക്കു തുടക്കമിട്ടത്. ഇത് ഇഷ്ടപ്പെടാതിരുന്ന ബൈക്കിന്റെ ഉടമ കുട്ടിയോടു ദേഷ്യപ്പെട്ടു. ഇതിനെ തീർത്ഥാടക സംഘം ചോദ്യം ചെയ്തതോടെ ഇയാൾ അലീനയുടെയും ബന്ധുവായ വൃന്ദാവന എന്ന കുട്ടിയുടെയും കൈകളിൽ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചു.

ഇതിനു ശേഷം ഇവിടെനിന്നു പോയ ഇയാൾ ഒരു കൈക്കോടാലിയുമായി തിരിച്ചെത്തി തീർത്ഥാടക സംഘത്തിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്തെന്നാണ് പരാതി. വിവരമറിഞ്ഞ് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. ബസിന് നേരെ ആക്രമണം നടത്തിയ യുവാവിനൊപ്പം ടെലിവിഷയൻ റിയാലിറ്റി ഷോയിലെ താരമായ യുവതിയും ഉണ്ടായിരുന്നതായി തീർത്ഥാടകർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമല സന്ദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ആക്രമണം നേരിട്ടത്. സംഘത്തിൽ 9 കുട്ടികളടക്കം 39 പേരുണ്ടായിരുന്നു. ഹോട്ടലിന് സമീപത്ത് നിന്ന് സംഘത്തിനെ രണ്ട് പെൺകുട്ടികൾ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തു. ഈ സമയം സമീപത്ത് ഉണ്ടായിരുന്ന യുവാവ് പെൺകുട്ടികളിലൊരാളെ തള്ളിത്താഴെയിട്ടു. തന്റെയും ഒപ്പമുണ്ടായിരുന്ന യുവതിയുടെയും ചിത്രം പകർത്തിയെന്ന് ആരോപിച്ചിരുന്നു യുവാവിന്റെ അതിക്രമം. .

പെൺകുട്ടിയുടെ കൈക്ക് പരിക്കേറ്റതോടെ സംഘത്തിലുണ്ടായിരുന്നവരും യുവാവും തമ്മിൽ വാക്കേറ്റമുണ്ടായി. മടങ്ങിപ്പോയ യുവാവ് കൈക്കോടാലിയുമായി തിരിച്ചെത്തി ബസിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. റിയാലിറ്റി ഷോ താരമായ യുവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിച്ച സംഘം യുവാവിനെ തിരിച്ചറിഞ്ഞു. ഇവരുടെ ഫോട്ടോകൾ പൊലീസിന് കൈമാറി. യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.