തിരുവനന്തപുരം: പാറശ്ശാല പൊലീസ് അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയെന്ന് ആരോപണം ഉയർന്ന കേസാണ് ഇപ്പോൾ കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് തെളിയിരിച്ചിരിക്കുന്നത്. കാമുകനായ ഷാരോണിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ പെൺകുട്ടി സമ്മതിച്ചിരിക്കുന്നത്. ഈ കേസിൽ പെൺകുട്ടി തമിഴ്‌നാട് രാമവർമ്മൻചിറ സ്വദേശിനിയും കൊല്ലപ്പെട്ട യുവാവ് പാറശ്ശാല സ്വദേശിയുമാണ. കേസിലെ തുടർന്നുള്ള മുന്നോട്ടു പോക്കിൽ അടക്കം രണ്ട് പൊലീസിന്റെയും സഹകരണങ്ങൾ വേണ്ടിവരും.

ഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കമാണെന്നാണ് വ്യക്തമായിരിക്കുന്നത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തിൽ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇന്റർനെറ്റിൽ പരതിയെന്നും പൊലീസ് കണ്ടെത്തി. ഷാരോണിനെ കൊന്നതാണെന്ന് പെൺകുട്ടി ഇന്ന് പൊലീസിന് മുൻപിൽ കുറ്റസമ്മതം നടത്തിയിരുന്നു. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. പെൺകുട്ടിക്ക് 25 വയസും ഷാരോണിന് 23 വയസുമാണ്.

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. കോപ്പർ സൽഫേറ്റിന്റെ അംശം കഷായത്തിൽ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്‌റുടെ മൊഴിയും കേസന്വേഷണത്തിൽ നിർണായകമായി. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.

അതേസമയം പെൺകുട്ടിക്ക് തുരിശ് എങ്ങനെ ലഭിച്ചു എന്നതിൽ സംശയമുണ്ട്. ഇതേക്കുറിച്ച് വ്യക്തത വരാൻ വേണ്ടി ഗ്രീഷ്മയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട. ഇതിന് മുൻപും പെൺകുട്ടി മകന് വിഷം നൽകിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഷാരോണിന്റെ അമ്മ വെളിപ്പെടുത്തുന്നു. ഒന്നിലധികം തവണ ഷാരോണിനെ കൊലപ്പെടുത്താൻ പെൺകുട്ടി ശ്രമിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് ഷാരോണിന്റെ പിതാവ് പറഞ്ഞു. അമ്മയും മകളും ചേച്ചിയും കൂടെ ചേർന്നാണ് മകനെ കൊന്നതെന്നും പിതാവ് പ്രതികരിച്ചു. ''ബോധപൂർവം കൊലപ്പെടുത്തിയതാണ്. വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്നതാണ്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും. അത് ഏതരം വരെ പോയാലും. അമ്മയും മകളും ചേച്ചിയും കൂടെ ചേർന്നാണ് കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിനോടും സർക്കാരിനോടും നന്ദി.''- പിതാവ് പറയുന്നു.

അന്വേഷണം ഇന്നലെ ജില്ലാ ക്രൈംഞ്ച്രാഞ്ച് ഏറ്റെടുത്തിരുന്നു. പിന്നാലെ തന്നെ നടപടികളുമാരംഭിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവും ഉടൻ ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു. അതിനിടയിലാണ് പെൺകുട്ടി സത്യം വെളിപ്പെടുത്തുന്നത്. പെൺകുട്ടി പാറശാല പൊലീസിന് നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. ഇതിൽ നിന്ന് തന്നെ പെൺകുട്ടിയാവാം കുറ്റവാളിയെന്ന സംശയം പൊലീസിനുണ്ടായിരുന്നു. ഷാരോൺ രാജ് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വനിതാ സുഹൃത്തുമൊത്ത് ജ്യൂസ് ചലഞ്ച് നടത്തിയതും സംശയമുണ്ടാക്കിയിരുന്നു. ഇതിലടക്കം ദുരൂഹതയുണ്ടെന്ന് കുടുംബം ആദ്യം മുതൽ തന്നെ ആരോപിച്ചിരുന്നു.

ഷാരോൺ കഷായം കഴിച്ചത് ഡോക്ടറോട് പറഞ്ഞില്ലെന്ന് തിരുവനന്തപുരം റൂറൽ എസ്‌പി ഡി. ശിൽപ അറിയിച്ചിരുന്നു. ഷാരോൺ പൊലീസിനോട് സംശയങ്ങളില്ലെന്നാണ് പറഞ്ഞിരുന്നത്. ഷാരോണിന്റെ മരണത്തിൽ കൂടുതൽ വാട്സാപ്പ് സന്ദേശങ്ങൾ കുടുംബം പുറത്തുവിട്ടിരുന്നു. പെൺസുഹൃത്തും ഷാരോണും തമ്മിൽ അവസാനദിവസങ്ങളിൽ നടത്തിയ വാട്സാപ്പ് ഓഡിയോ ചാറ്റുകളാണ് കുടുംബം പുറത്തുവിട്ടത്. കഷായം കുടിച്ച കാര്യം താൻ വീട്ടിൽ പറഞ്ഞിട്ടില്ലെന്നും ജ്യൂസ് കുടിച്ചതാണ് ഛർദിലിന് കാരണമെന്നാണ് വീട്ടുകാരെ അറിയിച്ചതെന്നും ഷാരോൺ പെൺകുട്ടിയോട് വാട്സാപ്പിൽ പറയുന്നുണ്ട്.

ഇതിന് യുവതി മറുപടി നൽകുന്നതിന്റെ സന്ദേശവും പുറത്തു വന്നിട്ടുണ്ട്. തനിക്കും ജ്യൂസിൽ രുചി വ്യത്യാസം തോന്നി. അതാകാം ഛർദ്ദിക്കുന്നതിന് കാരണമെന്ന് യുവതിയും പറയുന്നുണ്ട്. 2 കുപ്പി ശീതള പാനീയം ഷാരോണിനെ കുടിപ്പിച്ചാണ് പെൺകുട്ടി ചലഞ്ച് നടത്തിയത്. പുറത്തു വന്ന വീഡിയോയിലെ ചലഞ്ച് ഷാരോൺ മരിക്കുന്നതിന് രണ്ടാഴ്‌ച്ച മുൻപാണ് നടത്തിയത്.