തിരുവല്ല: നിര്‍ത്തിയിട്ടിരുന്ന കാറിന് തീകൊളുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീടുപൂട്ടി താക്കോല്‍ വാരാന്തയില്‍ വച്ചാണു ദമ്പതികള്‍ പുറത്തേക്കു പോയതെന്നു പൊലീസ്. ഒന്നര പേജുള്ള ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തു. മകന്‍ കൈവിട്ടുപോയതിലെ സങ്കടമാണ് ദമ്പതികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

തിരുവല്ല നഗരസഭ 24ാം വാര്‍ഡില്‍ തുകലശേരി വേങ്ങശേരില്‍ രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈജി (63) എന്നിവരെയാണു പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍ വേളൂര്‍മുണ്ടകം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണു ആത്മഹത്യയ്ക്കു പിന്നിലെന്നു പൊലീസിനു വിവരം ലഭിച്ചു.

ഏകമകന്‍ ലഹരിക്ക് അടിമ ആയതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തില്‍ മകന്‍ ചികിത്സയിലാണെന്നും ഇനി ചികിത്സിക്കാന്‍ പണം ഇല്ലെന്നും കത്തില്‍ പറയുന്നതായാണ് വിവരം. ലഹരിക്കടിമയായ മകന്‍ സ്വത്തുക്കളെല്ലാം ധൂര്‍ത്തടിച്ചു തീര്‍ക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് തുടര്‍ചികിത്സ നല്‍കണമെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

മരണവാര്‍ത്ത വിശ്വസിക്കാന്‍ പലര്‍ക്കുമായില്ല. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. പന്ത്രണ്ടരയോടെ തിരുവല്ല പൊലീസാണ് പട്രോളിങിനിടെ കാര്‍ കത്തുന്നത് കണ്ടത്. ചപ്പുവവറുകള്‍ക്ക് തീയിട്ടതാണെന്നാണു ദൂരെ നിന്നപ്പോള്‍ തോന്നിയത്. അടുത്തെത്തിയപ്പോഴാണു കാര്‍ കത്തിയെന്നു മനസിലായത്. കാറിന്റെ നമ്പര്‍ പരിശോധിച്ചാണ് ആളെ മനസിലാക്കിയത്. വേങ്ങല്‍വേളൂര്‍ മുണ്ടകം റോഡിന്റെ വശത്തെ പാടത്തിനു സമീപമാണ് കാര്‍ കത്തിയത്. ഇരുവരും മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു.

25 വര്‍ഷത്തോളം വിദേശത്തായിരുന്ന രാജു ഏതാനും വര്‍ഷം മുന്‍പ് മടങ്ങിയെത്തി കുടുംബ സമേതം തിരുവല്ല തുകലശേരിയിലെ വീട്ടില്‍ താമസിക്കുകയായിരുന്നു. രാജുവാണ് ഡ്രൈവിങ് സീറ്റില്‍ ഇരുന്നത്. റോഡിനോട് ചേര്‍ന്നൊഴുകുന്ന തോടിന്റെ കരയിലാണ് കാര്‍ നിര്‍ത്തിയിരുന്നത്. പെട്രോള്‍ പോലെയുള്ള ഏതെങ്കിലും ഇന്ധനം ഉപയോഗിച്ചാകാം കാറില്‍ തീകത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.