വടകര: വടകര അഴിയൂരിൽ നിന്നും പുറത്തുവന്ന ലഹരിക്കേസിന്റെ നടുക്കത്തിലാണ് കേരളം. എട്ടാം ക്ലാസുകാരി പെൺകുട്ടിയുടെ സ്‌കൂൾ ബാഗിൽ മയക്കുമരുന്നു കടത്തിയെന്ന വാർത്തയിൽ പൊലീസ് അന്വേഷണം നടത്തിയിട്ടും കാര്യമായി പുരോഗതി ഉണ്ടായിട്ടില്ല. പരിചയക്കാരിയായ ചേച്ചി തന്ന ബിസ്‌കറ്റിന്റെ കഥയും പിന്നീട് ലഹരിയുടെ ആഴങ്ങളിലേക്ക് പെൺകുട്ടി വീണതുമെല്ലാം അറിഞ്ഞ് എല്ലാവരും നടുങ്ങിയിരിക്കയാണ്.

'പരിചയക്കാരിയായ ചേച്ചി തന്ന ബിസ്‌കറ്റിലായിരുന്നു എല്ലാം തുടങ്ങിയത്. കബഡി ടീമിൽ അംഗമായതിനാൽ നന്നായി കളിക്കാൻ സഹായിക്കുമെന്ന് പറഞ്ഞ് പിന്നെ ഒരു പൊടി മൂക്കിലൂടെ വലിപ്പിച്ചു. പിന്നീടത് സിറിഞ്ച് വഴി കുത്തി വച്ചു. എംഡിഎംഎ ആണ് അവസാനമായി നൽകിയത്' എട്ടാം ക്ലാസുകാരിയുടെ വാക്കുകകൾ കേരളത്തിലെ രക്ഷിതാക്കളെ ഭയപ്പെടുത്തുന്നതാണ്.

കൗൺസലിങ്ങിലും ചികിത്സയിലും കഴിയുന്ന പെൺകുട്ടി ലഹരിസംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച് കൃത്യമായ വിവരം കൊടുത്തെങ്കിലും പൊലീസ് ഗൗരവപൂർണമായ സമീപനം സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. മയക്കുമരുന്ന് കണ്ണിയിലേക്ക് പെൺകുട്ടിയെ കൂട്ടിച്ചേർത്ത യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയിലെ ചില വൈരുധ്യങ്ങൾ ഒന്നു കൂടി ചോദ്യം ചെയ്ത ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നാണ് പൊലീസിന്റെ വാദം.

അതേസമയം പല പെൺകുട്ടികളും ഇത്തരത്തിൽ ലഹരിക്ക് അടിമയാണെന്നും കുട്ടി പറയുന്നു. സ്‌കൂൾ ബാഗിൽ കൊണ്ടു പോയി ലഹരി കൈമാറ്റത്തിനും സംഘം പ്രേരിപ്പിച്ചു. സുഹൃത്തിന്റെ വീട്ടിൽ പോകുന്നുവെന്ന് വീട്ടിൽ കള്ളം പറഞ്ഞാണ് പലയിടങ്ങളിൽ പോയത്. കാലിലോ കൈയിലോ വരയ്ക്കുന്ന ഇസഡ് അക്ഷരം അല്ലെങ്കിൽ സ്‌മൈൽ ഇമോജിയായിരുന്നു കൈമാറ്റത്തിനുള്ള അടയാളം.

ഭക്ഷണം കഴിക്കാനുള്ള താൽപര്യക്കുറവിനു പുറമേ കുട്ടിയുടെ ഉന്മേഷം നഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. കൗൺസലിങ്ങിലൂടെയാണ് ലഹരി വഴിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ലഹരി കൈമാറ്റത്തിന് വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയതിനു പുറമേ മാഹി കോളജിലെ ഡിഗ്രി വിദ്യാർത്ഥിയായ യുവാവ് കൂട്ടി കൊണ്ടു പോകാൻ ശ്രമിച്ച സംഭവവുമുണ്ടായി. പോക്‌സോ കേസ് മാത്രം എടുത്ത ചോമ്പാൽ പൊലീസ് സംഭവം നടന്ന ദിവസം യുവാവ് കോളജിൽ ഹാജരായ രേഖയും ഇയാൾ കോളജിലുണ്ടായിരുന്നുവെന്ന അദ്ധ്യാപകരുടെ മൊഴിയും കണക്കിലെടുത്ത് വിട്ടയച്ചെന്നാണ് വീട്ടുകാർ പറയുന്നത്.

ലഹരിയുടെ പിടിയിലേക്ക് വീണതിനെ കുറിച്ച് കുട്ടി പറഞ്ഞതിങ്ങനെയാണ്:

'പരിചയമുള്ള ചേച്ചി തന്നതുകൊണ്ട് ബിസ്‌ക്കറ്റ് തിന്നു.മറ്റൊരു ചേച്ചിയും വന്നു. അതിനുശേഷം ഓരോ സ്ഥലത്തും കൊണ്ടുപോകും.കയ്യിഷ അടിച്ചുതരും.മൂക്കിൽ മണപ്പിച്ച് തരും. ഇൻജക്ഷൻ എടുക്കും. അവർ തന്നെ കൈപിടിച്ച് കുത്തിവയ്ക്കും. ബിസ്‌ക്കറ്റ് കഴിച്ച് കഴിയുമ്പോൾ വീണ്ടും കഴിക്കണമെന്ന് തോന്നും. കുത്തിവച്ചാൽ പിന്നെ ഒന്നും തോന്നില്ല. ഓർമ ഉണ്ടാകില്ല'. ബിസ്‌കറ്റിൽ തുടങ്ങി, പിന്നീട് പൊടിരൂപത്തിൽ മൂക്കിൽ വലിപ്പിച്ചു, കൂടുതൽ ശ്രദ്ധയും ഉന്മേഷവും കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൈത്തണ്ടയിൽ ഇഞ്ചക്ഷനുകളായും ലഹരി ശരീരത്തിൽ എത്തിച്ചു. ഒടുവിൽ എംഡിഎംഎ എന്ന രാസ ലഹരിയുടെ കെണയിലായതോടെ താൻ ഉൽപ്പെടെയുള്ള മൂന്ന് പെൺകുട്ടികൾ സ്‌കൂൾ യൂണിഫോമിൽ ലഹരി കൈമാറാനായി തലശേരിയിൽ പോയി.

'അവർ പറഞ്ഞതനുസരിച്ച് ബാഗിൽ സാധനങ്ങളുമായി തലശേരിയിൽ പോയി. ഡൗൺ ടൗൺ മാളിലാണ് പോയത്. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്. അവിടെ ചെല്ലുമ്പോൾ മുടിയൊക്കെ ഇങ്ങനെ ഇട്ട ഒരാൾ വന്നു. ലഹരി കൊണ്ടുപോകുന്നവരാണ് എന്ന് തിരിച്ചറിയുന്നത് എങ്ങനെയെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത്. എക്സ് പോലെ ഒരു അടയാളം തന്റെ കയ്യിൽ വരയ്ക്കും. അത് കണ്ടാൽ അവർക്ക് അറിയാനാകും. ചില ചേച്ചിമാരുടെ കയ്യിൽ സ്മൈൽ ഇമോജി വരച്ചിട്ടുണ്ട് ''ലഹരിയുടെ കെണിയിലേക്ക് വീണ കുട്ടിയുടെ പെരുമാറ്റത്തിൽ അസാധാരണമായ ചില മാറ്റങ്ങൾ കണ്ടതിനെത്തുടർന്നാണ് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ വിവരം അറിയിച്ചത്.