അടിമാലി: മുൻ മന്ത്രി എം എം മണിയെ വാഹനം തടഞ്ഞു യുവാവ് തെറിവിളിച്ച സംഭവത്തിൽ മറുവാദവും ശക്തം. മന്ത്രിമായുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട യുവാവിനെ ഗൺമാനും അനുയായികളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞ യുവാവ് ഇപ്പോൾ ഭീഷണികൾക്ക് നടുവിലാണ് കഴിയുന്നത്. ഇനിയും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് യുവാവും കുടുംബവും. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ ട്വസ്റ്റുകളുടെ പൂരം തന്നെയാണ് ഉണ്ടായിരിക്കുന്നത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് വിവരം പുറത്തുവന്നത്. 10.30 തോടെ മണിയാശാന്റെ കാർ തേക്കിൻകാനത്തെത്തിയപ്പോൾ സൈഡ് കൊടുക്കാതെ യുവാവ് ജീപ്പോടിച്ചെന്നും ഒരുവിധത്തിൽ കാർ ജീപ്പിനെ മറികടന്ന് മുന്നോട്ടുപോയപ്പോൾ യുവാവ് വാഹനം വട്ടംവച്ച് മണിയാശാനെ അസഭ്യം വിളിച്ചെന്നുമാണ് ഗൺമാൻ സി പി പ്രമോദ് രാജാക്കാട് പൊലീസിൽ നൽകിയിട്ടുള്ള പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇതു പ്രകാരം കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുണിനെ(21)തിരെ രാജക്കാട് പൊലീസ് കേസ് ചാർജ്ജുചെയ്തു.

അരുണിന്റെ പിതാവിന്റെ പേരിലുള്ള ജീപ്പ് പിന്നാലെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. അരുൺ കോതമംഗലം എംഎ എഞ്ചിനിയറിങ് കോളേജിലെ ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ഉച്ച കഴിഞ്ഞപ്പോൾ സംഭവം സംബന്ധിച്ച് പുറത്തുവന്ന വിവരം മറ്റൊന്നാണ്. മണിയാശാനും കാറിന്റെ ഡ്രൈവറും ചേർന്ന് അരുണിനെ ആക്രമിക്കുകയായിരുന്നെന്നും പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചു എന്നുമായിരുന്നു പുറത്തുവന്ന മാധ്യമ വാർത്തകളുടെ ചുരുക്കം.

ഈ വാർത്ത പ്രചരിച്ചതിന് പിന്നാലെ മാധ്യമപ്രവർത്തകർ ആശുപത്രിൽ എത്തിയെങ്കിലും അരുണോ വീട്ടുകാരോ പ്രതികരിക്കാൻ തയ്യാറായില്ല. സിപിഎം നേതാക്കളുടെ ഭീഷണി മൂലമാണ് സംഭവത്തിൽ അരുണും ഉറ്റവരും വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാവാത്തതിന് കാരണം എന്ന നിലയിൽ പിന്നാലെ വാർത്തകൾ പുറത്തുവന്നിരുന്നു.

ശരീരത്ത് മുറിവുകളുമായി ചികിത്സയ്ക്കെത്തിയ അരുൺ സിപിഎം പ്രവർത്തകരുടെ ആക്രമണം ഭയന്ന് രാത്രിയോടെ ആശുപത്രിയിൽ നിന്നും മുങ്ങിയെന്നാണ് ഇന്ന് രാവിലെ മുതൽ സംഭവം സംബന്ധിച്ച് പരക്കെ പ്രചരിച്ച വിവരം. ഇക്കാര്യത്തിൽ ചിലർ ആശുപത്രിയിൽ എത്തി അന്വേഷണം നടത്തിയപ്പോൾ സംഭവം സത്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സംശയം തീർക്കാൻ ചിലർ അരുണിന്റെ പിതാവിനെ വിളിച്ചെന്നും അരുൺ ആശുപത്രിയിൽ ഉണ്ടെന്ന് ആദ്ദേഹം പ്രതികരിച്ചെന്നും മറ്റുമുള്ള വിവരങ്ങളും ഇതിനോടകം തന്നെ പരക്കെ പ്രചരിച്ചിരുന്നു.

വിവരം സ്ഥിരീകരിക്കാൻ മറുനാടൻ ആശുപത്രി സൂപ്രണ്ടിനെ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ പരിക്കുകളുമായി അരുൺ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെന്നും  അഡ്‌മിറ്റ്  ചെയ്തിരുന്നില്ല എന്നുമായിരുന്നു പ്രതികരണം. അടിപിടി കേസിൽ അരുണിനെ അഡ്‌മിറ്റ് ചെയ്തതായി ഇന്നലെ തന്നെ രാജക്കാട് പൊലീസിലേയ്ക്ക് ആശുപത്രയിൽ നിന്നും ഇന്റിമേഷൻ പോയിരുന്നതായും അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിരുന്നു.

അരുൺ എങ്ങോട്ട് പോയി എന്ന് കണ്ടെത്തുന്നതിനായി പിന്നീടുള്ള നീക്കം. രാത്രിയോടെ ബന്ധുക്കൾ അരുണിനെ മറ്റൊരു ആശുപത്രയിലേയ്ക്ക് മാറ്റിയെന്ന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അരുണിന്റെ പിതാവ് ബൈജുവിനോട് വിവരങ്ങൾ തേടി. ആശുപത്രി മാറ്റം ബൈജു സ്ഥിരീകരിച്ചു. പിന്നാലെ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ബൈജു മറുനാടനുമായി പങ്കിട്ടു.

മകന് ചെറിയ പരിക്കുകൾ ഉണ്ട്. അത് കാര്യമാക്കുന്നില്ല. മൊഴിനൽകാൻ രാജാക്കാട് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും നന്നായി അറിയുന്ന ആളുകളാണ് ഇക്കാര്യത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല. ബൈജു നിലപാട് വ്യക്തമാക്കി. കേസുമായി മുന്നോട്ടുപോയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന തരത്തിൽ സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്നും ഭീഷിണി ഉയർന്നിരുന്നെന്നും ഇതെത്തുടർന്നാണ് അരുണോ വീട്ടുകാരോ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാവാതിരുന്നതെന്നും മറ്റും ഇന്നലെ വാർത്തകൾ പ്രചരിച്ചിരുന്നു.